

കല്‍പ്പറ്റ: വരള്‍ച്ചയെ പ്രതിരോധിക്കാന്‍ നടപ്പാക്കുന്ന സമഗ്രപദ്ധതിക്കൊപ്പം ഭവനപദ്ധതികള്‍ക്കും കാര്‍ഷികമേഖലക്കും ആരോഗ്യമേഖലക്കും മുന്‍ഗണന നല്കി ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അവതരിപ്പിച്ച ജനകീയ ബജറ്റില്‍ 2018-19 വര്‍ഷത്തേയ്ക്കുള്ള 253609442 രൂപ പ്രാരംഭ ബാക്കിയും 958976000 രൂപ വരവും ഉള്‍പ്പെടെ 1212585442 ഒട്ടാകെ വരവും 954135000 രൂപ പ്രതീക്ഷിത ചെലവും 258450442 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന സമഗ്ര പദ്ധതികളാണ് ഉള്‍പ്പെടുത്തിയത്. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ വരള്‍ച്ച നേരിടുന്നതിനുള്ള പദ്ധതികള്‍, ഭവനനിര്‍മ്മാണം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, പൊതുമരാമത്ത് പ്രവര്‍ത്തികള്‍, പട്ടികവര്‍ഗ്ഗക്ഷേമം എന്നീ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന തരത്തിലാണ് വാര്‍ഷിക ബജറ്റ് തയ്യാറാക്കിയത്. വരള്‍ച്ച ഉള്‍പ്പെടെ വയനാട് ജില്ലക്ക് അനിവാര്യമെന്ന് തോന്നിയ ചില മേഖലകള്‍ക്ക് ദീര്‍ഘകാല, ഹൃസ്വകാല പദ്ധതികള്‍ക്ക് ഊന്നല്‍ നല്കിയ ബജറ്റില്‍ ലൈഫ് ഭവന പദ്ധതിയുടെ വിഹിതമായി 75862600 രൂപയും മാനന്തവാടി ജില്ലാ ആസ്പത്രിയുടെ സമഗ്ര വികസനപദ്ധതികള്‍ക്കായി 1.5 കോടി രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്കായി നല്കുന്ന സ്കോളര്‍ഷിപ്പിനായി 1 കോടി, കേരള ഫെഡറേഷന് ഓഫ് ദി ബ്ളൈന്‍ഡിന്റെ കൈവശമുള്ള നടവയലിലെ സ്ഥലത്ത് നിര്‍മ്മിച്ച തൊഴില്‍ പുനരധിവാസ കേന്ദ്രത്തില്‍ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പത്തു ലക്ഷം, സ്നേഹവാഹനം എന്ന പേരില്‍ മുച്ചക്രവാഹനങ്ങള്‍ നല്‍കുന്നതിനായി 30 ലക്ഷം എന്നിവയും നീക്കിവെച്ചിട്ടുണ്ട്. മാവിലാംതോട്-പഴശ്ശി സ്മാരക കെട്ടിടം- 30 ലക്ഷം, സ്ഥാവരസ്വത്തുക്കളുടെ സംരക്ഷണത്തിന് 25 ലക്ഷം, ജില്ലയിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒമ്പതു കോടി അമ്പത് ലക്ഷം, പ്രദേശവാസികളുടെ ഉത്പന്നങ്ങള്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തികള്‍ക്കായി പത്തു ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷം മൂന്ന് മാസം നിലച്ച ട്രഷറിയും ഉദ്യോഗസ്ഥതലത്തിലെ മെല്ലപ്പോക്കും ഇല്ലായിരുന്നുവെങ്കില്‍ പദ്ധതി നിര്ഡവ്വഹണത്തില് സംസ്ഥാനത്ത് ഏറ്റവും മികച്ച ജില്ലയായി വയനാട് മാറുമായിരുന്നുവെന്ന് പ്രസിഡന്റ് ടി. ഉഷാകുമാരി പറഞ്ഞു. ജില്ലയെ അറിഞ്ഞ, ജില്ലയുടെ വികസനസ്വപ്നങ്ങള്‍ക്ക് നിറം പകരുന്ന ബജറ്റാണിതെന്ന് വൈസ് പ്രസിഡന്റ് പി.കെ അസ്ത്ത് ബജറ്റ് പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
വയോജനങ്ങള്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ തയ്യാറെടുപ്പ് നടത്തുന്നതിനും ദീര്‍ഘകാലം കൊണ്ട് നേടിയെടുത്ത അവരുടെ പരിചയസമ്പത്ത് അടുത്ത തലമുറക്ക് പങ്കു വക്കുന്നതിനും ലക്ഷ്യമിടുന്ന പുനര്‍ജനി പദ്ധതിക്ക് സൗകര്യങ്ങളുമൊരുക്കുന്നതിന് 50 ലക്ഷം രൂപ (ജനറല്‍ 25 ലക്ഷം, എസ്.സി.പി. 5 ലക്ഷം, ടി.എസ്.പി 20 ലക്ഷം), ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീടുകളില്‍ ഫര്‍ണ്ണിച്ചറുകള്‍ നല്‍കുന്നതിന് പത്തു ലക്ഷം, വയോജനങ്ങളുടെ കഴിവും പ്രവര്‍ത്തന പരിചയവും സമൂഹത്തിന് ഒട്ടാകെ ഗുണപ്രദമാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിനു ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം ആരംഭിച്ച പദ്ധതി ഈ വര്‍ഷവും തൂടരുന്നതിനുള്ള തുക എന്നിവയും ബജറ്റിലുള്‍പ്പെടുത്തി.
കുടുംബശ്രീ-തൊഴില്‍ സംരഭങ്ങള്‍ക്ക് ധനസഹായം നല്കല്-50 ലക്ഷം, സ്കൂളുകളില്‍ നാപികിന്‍ വെന്റിംഗ് ഡിസ്ട്രോയര്‍ സ്ഥാപിക്കല്‍ 80 ലക്ഷം, സ്കൂളുകളില്‍ ഗേള്‍സ് ഫ്രണ്ടലി ടോയ്ലറ്റ് സ്ഥാപിക്കല്‍-80 ലക്ഷം, അഞ്ച്് അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നതിന് 75 ലക്ഷം, ഹൈടെക്ക് അങ്കണ്‍വാടി – ഭൗതിക സാഹചര്യങ്ങളുള്ള 100 അംഗനവാടികളില്‍ വിനോദത്തിനും വിജ്ഞാനത്തിനും ഉതകുന്ന തരത്തില്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനായി നാല്‍പ്പതു ലക്ഷം, ജില്ലയെ ബാലസൗഹൃദ ജില്ലയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം രൂപ, ഭര്ത്താക്കന്മാരാല് ഉപേക്ഷിക്കപ്പെട്ടവരും ദൈനംദിന ജീവനത്തിനു പോലും കഷ്ടപ്പെടുന്നവരുമായ സ്ത്രീകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിയമസഹായമടക്കമുള്ള സഹകരണം ലഭ്യമാക്കുന്നതിനുമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന അതിജീവനം പദ്ധതിക്ക് പത്തു ലക്ഷം, ജാഗ്രതാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ കമ്മീഷനുമായി സഹകരിച്ച് നടപ്പാക്കുന്നതിന് പതിനഞ്ച് ലക്ഷം, പ്രിയദര്‍ശിനി – വനിതാ സാംസ്കാരിക നിലയങ്ങള്‍ – 70 ലക്ഷം, ഭിന്നശേഷിയുള്ളവര്‍ക്ക് ഷെല്‍ട്ടര്‍ ഹോം നിര്‍മ്മാണം-15 ലക്ഷം, ജന്റര്‍ റിസോര്‍സ് സെന്ററിന് 50 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സ്കൂള്‍കെട്ടിടങ്ങളുടെയും/ഓഡിറ്റോറിയങ്ങളുടേയും നവീകരണത്തിനും പരിഷ്കരിക്കുന്നതിനും മറ്റു പ്രവവര്ത്തികള്ക്കുമായി 2 കോടി, തിരഞ്ഞെടുത്ത സ്കൂളുകളില്‍ ഹൈടെക്ക് സ്കൂള്‍ സ്മാര്‍ട്ട് ക്ലാസ്സ് എന്ന പേരില്‍ ഒരു പദ്ധതിക്കായി അമ്പതു ലക്ഷം, അമ്പത്തൊന്നു ശതമാനത്തിലധികം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളുകളില്‍ ഹൈടെക്ക് ക്ലാസ്സ് മുറികള്‍ ഏര്‍പ്പെടുത്തുന്നതിനായി 75 ലക്ഷം, എസ്.എസ്.എല്‍.സി. പാസ്സാകുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും തുടര്‍ പഠനത്തിനു ചേരുന്നു എന്നുറപ്പിക്കുന്നതിനും ഹയര്‍ സെക്കണ്ടറിയില്‍ പ്രവേശനം നേടുന്നതിനു സഹായിക്കുന്നതിനുമായി ഏകജാലക സംവിധാനത്തിലൂടെ സമ്പൂര്‍ണ്ണ രജിസ്ട്രേഷന് ഉറപ്പാക്കുന്ന പദ്ധതിക്കു രൂപം നല്‍കുന്നതിനായി 2 ലക്ഷം, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുട്ടികളിലെ കായികശേഷി ഉയര്‍ത്തുന്നതിനായി കോച്ചിംഗും സ്പോര്‍ട്സ് ഉപകരണങ്ങള്‍ നല്കുന്നതിനുമായി ഇരുപതു ലക്ഷം, ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ക്ക് കവാടവും കമാനവും നിര്‍മ്മിക്കുന്നതിന് അമ്പതു ലക്ഷം, ജില്ലയിലെ സ്കൂളുകളില്‍ പ്രഭാതഭക്ഷണം നല്‍കുന്നതിന് ഒരു കോടി ഇരുപത്തഞ്ചു ലക്ഷം, ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ (ഒരു ഉപവിദ്യാഭ്യാസ ജില്ലയില്‍ ഒന്ന് വീതം) ഫുടാബാള് പരിശീലനത്തിന് പത്തു ലക്ഷം, ജില്ലയില്‍ ഒരു കായിക കേന്ദ്രം സ്ഥാപിക്കുന്നതിന് രണ്ടു കോടി (ദ്വിവത്സര പദ്ധതി), ടെറസ് സൗകര്യമുള്ള സ്കൂളുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് അമ്പതു ലക്ഷം രൂപ, സ്കൂളുകളുടെ വൈദ്യുതീകരണത്തിന് മുപ്പതു ലക്ഷം, അക്ഷര ജോതി – തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തു ലക്ഷം,
വിജ്ഞാന് ജ്യോതി – സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിക്ക് 70 ലക്ഷം, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്കാന് 15 ലക്ഷം, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന്ന് അമ്പതു ലക്ഷം, ഊരുകളില്‍ സാമൂഹ്യ പഠനകേന്ദ്രം – അമ്പതു ലക്ഷം, ലൈബ്രറികള്‍ക്ക് പുസ്തകങ്ങളും ഫര്‍ണ്ണിച്ചറുകളും വാങ്ങുന്നതിന് മുപ്പത്തിരണ്ടു ലക്ഷം, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കായികക്ഷമത ഉയര്‍ത്തുന്നതിന് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കുന്നതിനായി 10 ലക്ഷം, പട്ടിക/ജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സാമൂഹ്യവും സാമ്പത്തികവുമായ പിന്തുണയും നല്‍കുന്നതിന് ഇരുപതു ലക്ഷം, ഈ വിഭാഗത്തില്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് കോഴ്സ് നടത്തുന്നതിന് പത്തു ലക്ഷം, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സുകള്‍ നടത്തുന്നതിന് പത്തു ലക്ഷം, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പരിശീലനം നല്‍കുന്നതിനായി 25 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ഒപ്പം ആരവം(പന്തണ്ട് ലക്ഷം),
രൂക്ഷമായ തൊഴിലാളിക്ഷാമവും കൂലിച്ചെലവും കൊണ്ടു ബുദ്ധിമുട്ടുന്ന നെല്‍ കര്‍ഷകരെ സഹായിക്കുന്നതിനായി ഈ വര്‍ഷം 2 കോടി, തരിശായി കിടക്കുന്ന വയലുകള്‍ കൃഷിയോഗ്യമാക്കുന്നതിന് 20 ലക്ഷം, കാര്‍ഷിക മേഖലയില്‍ വൈദ്യുതിയുടെ ഉപയോഗം വര്‍ദ്ധിപ്പിച്ച്, ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പാടശേഖരസമിതികളിലൂടെ കര്‍ഷകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിപാടിക്കായി നാല്പ്പത്തഞ്ചു ലക്ഷം, കേരളത്തിലെ മറ്റു ജില്ലകളിലെല്ലാം നിലവിലുള്ളതു പോലെ വയനാട്ടിലും ഒരു കാര്‍ഷിക ഫാം സ്ഥാപിക്കുന്നതിന് സിഥലം വാങ്ങുന്നതിന് ഒന്നര കോടി, എം.എസ്.എസ്.ആര്.എഫും ഗ്രാമ പഞ്ചായത്തുകളുമായി ചേര്ന്ന്പരമ്പരാഗത കിഴങ്ങ്, ധാന്യ വിളകളുടെ വിത്ത് സംഭരിച്ച്, ശാസ്ത്രീയമായി പരിരക്ഷിച്ച് കര്‍ഷകര്‍ക്ക് കൈമാറുന്നതിനായി ലക്ഷ്യമിടുന്ന പദ്ധതിക്ക് പതിനഞ്ച് ലക്ഷം, ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സന്റീവ് നല്‍കുന്നതിനായി 2 കോടി, വരള്‍ച്ച ലഘുകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം, ജലസേചന/മണ്ണ് സംരക്ഷണ പദ്ധതി- ചെക്കു ഡാമുകളുടെ റിപ്പയറിനായി 1 കോടി, കാര്‍ഷിക യന്ത്രവത്കരണം നടപ്പിലാക്കുന്നതിനു ഇരുപത്തഞ്ചു ലക്ഷം, ശുദ്ധമായ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കുന്നതിന് സ്കൂളുകളില്‍ പച്ചക്കറികൃഷി പ്രോത്സാഹനത്തിനായി പത്തു ലക്ഷം, ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച്, കയര്‍ ഭൂവസ്ത്രം സ്ഥാപിച്ച് പൊതുകുളങ്ങളുടെ സംരക്ഷണവും നവീകരണവും നിര്‍മ്മാണവും നടത്തുന്നതിനായി നാല്‍പ്പതു ലക്ഷം, സ്കൂളുകളില്‍ കിണര്‍ റീചാര്‍ജ്ജിംഗ് പദ്ധതിക്ക് 15 ലക്ഷം, വരള്‍ച്ചാ ദൂരിതാശ്വാസം/പുല്‍പ്പള്ളി/മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലെ പ്രവര്‍ത്തികള്‍ക്ക് 50 ലക്ഷം, കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വിപണന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് 50 ലക്ഷം, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തു ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ സാംസ്കാരിക നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് അമ്പതു ലക്ഷം, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പെടുന്ന തൊഴിലന്വേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനു സഹായകരമാകുന്ന വിധത്തില്‍ റെപ്യൂട്ടഡ് ഇന്സ്റ്റിറ്റിയൂഷന് ഹോട്ടല്‍ മാനേജ്മെന്റ് പരിശീലനം, വിദേശത്ത് തൊഴില്‍ തേടുന്നതിനു ധനസഹായം, പ്രൊഫഷനല്‍ കോഴ്സുകളില്‍ പ്രവേശനം ഉറപ്പാക്കുന്നതിന് എന്‍ട്രന്‍സ് കോച്ചിംഗ് എന്നിവ ഈ ബജറ്റില്‍ വിഭാവനം ചെയ്യുന്നു. ഇതിനായി എസ്.സി.പി. വിഭാഗത്തില്‍ പത്തു ലക്ഷം രൂപയും, ടി.എസ്.പി. വിഭാഗത്തില്‍ ഇരുപത് ലക്ഷം രൂപയും നീക്കി വക്കുന്നു. കേരളത്തിനു പുറത്ത് ഉപരി പഠനത്തിന് പ്രവേശനം നേടുന്ന പട്ടികജാതി വിഭാഗത്തില്‍ പെടുന്ന യുവജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി 8 ലക്ഷത്തി 24,000 രൂപയും നീക്കി വെച്ചിട്ടുണ്ട്. ജില്ലാ ആസ്പത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരക്കോടി, മൊബൈല്‍ ഐ.സി.യു. ഇരുപതു ലക്ഷം, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുപ്പതു ലക്ഷം, പട്ടികവര്‍ഗ്ഗക്കാരായ ഗര്‍ഭിണികളെ ആശാ വര്‍ക്കര്‍മാരുടേയും എസ്.ടി. പ്രൊമോട്ടര്‍മാരുടേയും സഹകരണത്തോടെ ആസ്പത്രികളില്‍ എത്തിക്കുന്നതിനും ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കി സുഖപ്രസവവും ചികിത്സയും ലഭ്യമാക്കുന്നതിന് തൂവല്‍ സ്പര്‍ശം പദ്ധതിയില്‍ പത്തു ലക്ഷം, കാന്‍സര്‍രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം, സീവേജ് പ്ലാന്റ് നിര്‍മ്മാണം – രണ്ടാം ഘട്ടം – 30 ലക്ഷം, ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് മരുന്നു വാങ്ങല്‍ – 15 ലക്ഷം, ജില്ലാ ആശുപത്രികള്‍ക്ക് കവാടം – 20 ലക്ഷം, ഹോമിയോ മരുന്ന് വാങ്ങല്‍ – 8 ലക്ഷം, ടി.ബി/എച്ച്.ഐ.വി രോഗികള്‍ക്ക് മരുന്ന്/ഭക്ഷണം – 10 ലക്ഷം, ജില്ലാ ആയുര്‍വ്വേദ ഹോസ്പിറ്റല്‍ മരുന്ന് വാങ്ങല്‍ – 15 ലക്ഷം, ഗ്യാസ്/വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ക്രിമറ്റോറിയം സ്ഥാപിക്കുന്നതിന് ഇരുപത്തഞ്ചു ലക്ഷം രൂപയും മാറ്റിവെച്ചു.



Leave a Reply