July 16, 2024

ശാസ്ത്രാവിദ്യാര്‍ത്ഥികളായി കുടുംബശ്രീയംഗങ്ങള്‍ ജില്ലയില്‍ 10000 ശാസ്ത്ര ക്ലാസുകള്‍ക്ക് തുടക്കമാകുന്നു

0

ജനങ്ങളില്‍ സ്വാശ്രയബോധവും ശാസ്ത്രീയ ചിന്താരീതിയും വളര്‍ത്തുതിനും ജനജീവിതത്തിനുതന്നെ ഭീഷണിയാകുന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങളേയും തെറ്റായ ധാരണകളേയും അകറ്റുന്നതിനുമായി ‘ശാസ്ത്രം നിത്യജീവിതത്തില്‍’ എന്ന വിഷയത്തില്‍ വ്യാപകമായി ക്ലാസ്സുകള്‍ എടുക്കാന്‍ ജില്ലാ കുടുംബശ്രീ മിഷന്‍ പരിപാടി തയ്യാറാക്കി. ഇതനുസരിച്ചുള്ള ജില്ലാതല പരിശീലനം ഏപ്രില്‍ 13ന് ജില്ലാ കലക്ടര്‍ ശ്രീ എസ്. സുഹാസ് കല്‍പ്പറ്റയില്‍ ഉല്‍ഘാടനം ചെയ്യും.

 ജലസുരക്ഷ, ഊര്‍ജ്ജസുരക്ഷ, ആരോഗ്യപരമായ ഭക്ഷണശീലങ്ങള്‍, ശിസുസംരക്ഷണം തുടങ്ങിയ വിഷയങ്ങളോടൊപ്പം കപട ചികിത്സാരീതികള്‍, ആരോഗ്യ രംഗത്തെ വ്യാജപ്രചരണങ്ങള്‍, കമ്പോളത്തിലെ ചതിക്കുഴികള്‍ തുടങ്ങിയ കാര്യങ്ങളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരസ്യങ്ങളിലൂടെയും വ്യാജ പ്രചരണങ്ങളിലൂടെയും സാധാരണ ജനങ്ങള്‍ വഞ്ചിതരായിക്കൊണ്ടിരിക്കയാണ്. അശാസ്ത്രീയമായ ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് അമിത പ്രചാരം ലഭിക്കുന്നതിലൂടെ ഇത്തരം ചികിത്സ തേടി പോകുന്നവരുടെ ജീവന്‍ തന്നെ അപകടത്തില്‍ പെടുന്ന സ്ഥിതിയാണുള്ളത്.  ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്തുകയും അനാവശ്യമായ ഭീതി പടര്‍ത്തി ജനങ്ങളെ കബളിപ്പിക്കുന്നു. ബോധപൂര്‍വ്വമായ അന്ധവിശ്വാസ പ്രചരണത്തിന് ആധുനിക വാര്‍ത്താവിനിമയ രീതികള്‍ ഉപയോഗിക്കന്ന പ്രവണതയും വളര്‍ന്നു വരികയാണ്.ശാസ്ത്രവിഷയങ്ങള്‍ പഠിച്ചവര്‍ പോലും ഇത്തരം യുക്തി രാഹിത്യത്തിന് അടിപ്പെടുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ജനങ്ങള്‍ക്കിടയില്‍ ശാസ്ത്രബോധം വളര്‍ത്തിക്കൊണ്ടും യുക്തിഭദ്രമായ ചിന്താ പദ്ധതിയും ജീവിത ശൈലിയും പരിശീലിപ്പിച്ചുകൊണ്ടും മാത്രമേ ഈ വിപത്തില്‍ നിന്നും അവരെ മോചിപ്പിക്കുവാന്‍ കഴിയുകയുള്ളു. സന്തോഷകരവും ആരോഗ്യപ്രദവുമായ കുടുംബജീവിതത്തിനും സമാധാനപൂര്‍ണ്ണമായ സാമൂഹ്യ ജീവിതത്തിനും ഇത് അത്യന്താപേക്ഷിതമാണ്.
ഓരോ പഞ്ചായത്ത് സിഡിഎസ് ഗ്രൂപ്പുകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട രണ്ടു പേര്‍ക്കാണ് ജില്ലാതലത്തില്‍ പരിശീലനം നല്‍കുക. ഇവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത്,മുനിസിപ്പാലിറ്റി സിഡിഎസ് ഗ്രൂപ്പുകളിലും തുടര്‍ന്ന് മെയ് മാസത്തില്‍ അയല്‍ക്കൂട്ടങ്ങളുടെ സഹായത്തോടെ 10000 കുടുംബസദസ്സുകളില്‍ ശാസ്ത്ര ക്ലാസ്സുകള്‍ നടത്തും.കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അക്കാദമിക പിന്തുണയോടെയാണ് ക്ലാസ്സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുത്. അധിക വായനക്കും പഠനത്തിനുമായി ഡിജിറ്റല്‍ ലിങ്കുകളും വീഡിയോകളും വീടുകളില്‍ ലഭ്യമാക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *