July 19, 2024

കൈവശകൃഷിക്കാര്‍ക്ക് പട്ടയം നല്‍കിയത് ഇ എം എസിന്റെ കാലത്താണെന്നത് തെറ്റ്: എന്‍ ഡി അപ്പച്ചന്‍

0
പട്ടയം നല്‍കിയത് ആര്‍ ശങ്കറിന്റെ സര്‍ക്കാർ:
കല്‍പ്പറ്റ: അമ്പലവയല്‍, മീനങ്ങാടി, മുട്ടില്‍ പഞ്ചായത്തുകളിലായി കുടിയേറി താമസിച്ചിരുന്നവര്‍ക്ക് 1967-ല്‍ ഇ എം എസിന്റെ ഭരണകാലത്ത് കര്‍ഷകര്‍ക്ക് കൃഷിഭൂമി പതിച്ചുനല്‍കി പട്ടയം കൊടുത്തുവെന്ന സി പി എമ്മിന് വേണ്ടി കുഴലൂത്ത് നടത്തുന്ന തത്പരകക്ഷികളുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് മുന്‍ എം എല്‍ എയും കെ പി സി സി അംഗവുമായ എന്‍ ഡി അപ്പച്ചന്‍. വയനാട്ടില്‍ വിവിധ പ്രദേശങ്ങളില്‍ ഏകദേശം 70 വര്‍ഷം മുമ്പ് തന്നെ കുടിയേറ്റം നടന്നിട്ടുണ്ട്. ആ കാലഘട്ടങ്ങളിലെല്ലാം മദ്രാസ് സര്‍ക്കാരിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്ത് പുഞ്ചശീട്ട് പ്രകാരം വില്ലേജില്‍ പണമടച്ചാണ് കൈവശഭൂമിയില്‍ കൃഷി ചെയ്തുകൊണ്ടിരുന്നത്
.
പത്രപ്രസ്താവനയില്‍ കണ്ട പ്രകാരം 1967-ല്‍ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സര്‍ക്കാരാണ് കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം നല്‍കിയെന്നുള്ളത് രാഷ്ട്രീയലക്ഷ്യം മുന്നില്‍ കണ്ടുള്ള പ്രസ്താവനയാണ്. കുടിയേറിയ കര്‍ഷകര്‍ക്ക് 1964-ല്‍ ആര്‍ ശങ്കരന്‍ നേതൃത്വം നല്‍കിയ സര്‍ക്കാര്‍ ലാന്റ് അക്വിസിഷന്‍ ബില്ല് നിയമസഭയില്‍ പാസാക്കുകയും, അതിന്‍പ്രകാരം 64-ല്‍ റവന്യൂഭൂമി കൈവശം വെച്ചവര്‍ക്കെല്ലാം ലാന്റ് അസൈന്‍മെന്റ് ആക്ട് പ്രകാരം ഒരു കുടുംബത്തിന് അഞ്ച് ഏക്കര്‍ എന്ന നിലയില്‍ ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പട്ടയം അനുവദിച്ചുകൊടുത്തിട്ടുണ്ട്. ഇവിടെ രണ്ടാംലോക മഹായുദ്ധകാലത്ത് രാജ്യത്ത് രൂക്ഷമായ ഭക്ഷ്യക്ഷാമമുണ്ടായപ്പോള്‍ ഗ്രോമോര്‍ ഫുഡ് പദ്ധതിയില്‍പ്പെടുത്തി ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്തുണ്ടാക്കുന്നതിന് വേണ്ടി ഫോറസ്റ്റിനകത്തുള്ള വയല്‍പ്രദേശങ്ങള്‍ ലീസ് പ്രകാരം അനുവദിച്ച് നല്‍കുകയും തോട്ടം വെച്ച് പിടിപ്പിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. 1964-ല്‍ കൈവശകൃഷിക്കാര്‍ക്ക് പട്ടയം ലഭിച്ചിരിക്കെ, ഉദ്ദാഹരണത്തിന് എന്റെ കുടുംബത്തിനടക്കം 64-ല്‍ ഒരു കുടുംബത്തിന് അഞ്ചേക്കര്‍ കണക്കാക്കി പട്ടയം ലഭിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് 67-ല്‍ ഇ എം എസ് സര്‍ക്കാര്‍ പട്ടയം നല്‍കിയെന്ന് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥാപാത്രമാണ് എട്ടുകാലിമമ്മൂഞ്ഞ്. നാട്ടില്‍ ഒരാന പ്രസവിച്ചാലും മമ്മൂഞ്ഞ് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമായിരുന്നു. അതേ സ്വഭാവമാണ് ഇന്ന് സി പി എം ഇന്ന് ജനങ്ങളുടെ മുമ്പില്‍ ഇത്തരത്തില്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയലാഭം കൊയ്യാന്‍ ശ്രമിക്കുന്നത്. 1957-ല്‍ അന്ന് ജന്മി കുടിയാന്‍ നിയമം നിലനില്‍ക്കുന്ന കാലഘട്ടത്തില്‍ ഗൗരിയമ്മയാണ് ഭൂപരിഷ്‌ക്കരണ ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്. ആ ബില്ല് അവതരിപ്പിച്ചെങ്കിലും അത് പാസാക്കിയെടുക്കാന്‍ ആ സര്‍ക്കാരിന് കഴിഞ്ഞില്ല. അതിന് ശേഷം കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത അച്യുതമേനോന്‍ സര്‍ക്കാരാണ് കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ ഈ ബില്ല് നടപ്പിലാക്കിയത്. ഗൗരിയമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്ന സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യമെന്തെന്ന് മനസിലാക്കാന്‍ അവരെ തന്നെ സമീപിക്കണം. 1967-ല്‍ വന്ന സി പി എം നേതൃത്വം നല്‍കിയ സപ്തകക്ഷി സര്‍ക്കാരിന് പോലും ആ നിയമം പാസാക്കാന്‍ സാധിച്ചില്ല. 1970 കാലഘട്ടത്തിലാണ് ഭൂരിപരിഷ്‌ക്കരണ ബില്ല് പാസാക്കിയത്. 1977-ല്‍ വെസ്റ്റിംഗ് ആന്റ് അസൈന്‍മെന്റ് ആക്ട് നിലവില്‍ വരുന്നത്. കൃഷിയില്ലാത്ത, നിബിഡവനങ്ങളുള്ള ഭൂമികള്‍ കൈവശം വെച്ചിരുന്ന ജന്മിമാരില്‍ നിന്നും പ്ലാന്റേഷനുള്ള ഭാഗം ഒഴിവാക്കിക്കൊടുത്ത് ബാക്കി കാടായി കിടന്ന പ്രദേശം ഒരു പാരിതോഷികവും കൊടുക്കാതെ സര്‍ക്കാര്‍ പിടിച്ചെടുത്തു. കോണ്‍ഗ്രസ് ഭരണകാലത്ത് വനംവകുപ്പ് മന്ത്രിയായിരുന്ന ഡോ. കെ ജി അടിയോടിയുടെ കാലത്താണ് ഈ നിയമം പാസാക്കിയത്. 
1964-ല്‍ അമ്പലവയല്‍ പഞ്ചായത്തില്‍ കൈവശകൃഷിക്കാര്‍ക്ക് പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ട് ടൗണില്‍ പച്ചിക്കല്‍ പുത്തന്‍പുരയില്‍ ജോസഫ് 13 ദിവസം നിരാഹാരസമരം നടത്തിയിരുന്നു. ആ സമരപന്തലിലെത്തിയ എ കെ ജി നിരാഹാരമനുഷ്ഠിച്ച ജോസഫിനെ സന്ദര്‍ശിച്ചിരുന്നു. ആ സമരം അവസാനിപ്പിക്കാന്‍ മധ്യസ്ഥം വഹിച്ചത് ഫാ. വടക്കനാണ്. ഇക്കാര്യം ആരും വിസ്മരിക്കുന്നില്ല. അമ്പലവയല്‍ വില്ലേജില്‍ രണ്ടാംലോകമഹായുദ്ധകാലത്ത് സേവനമനുഷ്ഠിച്ച പട്ടാളക്കാര്‍ക്ക് നല്‍കിയ ഏഴ് ഏക്കര്‍ വീതം ഭൂമിക്ക് പട്ടയം നല്‍കിയത് 1970ന് ശേഷമാണ്. എന്നാല്‍ ചരിത്രത്തെ വളച്ചൊടിച്ച്, യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെച്ച് കൊണ്ട് സി പി എമ്മിന് വേണ്ടി അവാസ്തവമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നവരെ തിരിച്ചറിയണം. ആ കാലഘട്ടത്തില്‍ ജീവിച്ചവര്‍ ഇപ്പോഴുമുണ്ട്. അത്തരക്കാരെ കണ്ട് ആ സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കി വേണം നേതാക്കള്‍ പ്രസ്താവനകളിറക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *