May 4, 2024

ശാക്തീകരണം: ട്രൈബല്‍ സൊസൈറ്റികള്‍ക്ക് നിര്‍മാണ ഉപകരണങ്ങള്‍ നല്‍കുന്നു

0
കല്‍പ്പറ്റ:നിര്‍മാണ മേഖലയിലെ വിദഗ്ധ-അവിദഗ്ധ തൊഴിലാളികളെ ഉള്‍പ്പെടുത്തി  രൂപീകരിച്ച ട്രൈബല്‍ സൊസൈറ്റികളെ പട്ടികവര്‍ഗ വികസന വകുപ്പ് ശാക്തീകരിക്കുന്നു.  ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന  സൊസൈറ്റികള്‍ക്ക്  ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നിര്‍മാണ ഉപകരണങ്ങള്‍ ലഭ്യമാക്കിത്തുടങ്ങി. മൂന്നര ലക്ഷം രൂപയുടെ ഉപകരണങ്ങള്‍  ഓരോ സംഘത്തിനും  നല്‍കാനാണ് പട്ടികവര്‍ഗ വികസന വകുപ്പിന്റെ പദ്ധതി. ജില്ലയില്‍ ആദ്യമായി മുട്ടില്‍ ട്രൈബല്‍ സൊസൈറ്റിക്കാണ് വാര്‍ക്കപ്പണിക്കുളളതടക്കം  ഉപകരണങ്ങള്‍ നല്‍കിയത്. ഉപകരണകൈമാറ്റം ഇന്നലെ വാഴവറ്റ എടത്തില്‍ കോളനിയില്‍ നടന്നു. 
കരാറുകാരുടെ അനാസ്ഥമൂലം ജില്ലയില്‍ ആദിവാസി ഭവനനിര്‍മാണം താറുമാറായ സാഹചര്യത്തില്‍ 2014ല്‍ പഞ്ചായത്തുകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ചതാണ് ട്രൈബല്‍ സൊസൈറ്റികള്‍. വീടുപണി സമയബന്ധിതമായി നടത്തുന്നതിനൊപ്പം നിര്‍മാണ മേഖലയില്‍  പട്ടികവര്‍ഗ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരം സൃഷ്ടിക്കുകയും സൊസൈറ്റി രൂപീകരണത്തിന്റെ ലക്ഷ്യമായിരുന്നു. ഓരോ സൊസൈറ്റിക്കും പ്രവര്‍ത്തനമൂലധനമായി അര ലക്ഷം രൂപ വീതം  പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിക്കുകയുമുണ്ടായി. 
നിലവില്‍ നല്ലനിലയിലാണ് സൊസൈറ്റികളില്‍ പതിനഞ്ചോളം എണ്ണത്തിന്റെ പ്രവര്‍ത്തനം. നിരവധി വീടുകളുടെ നിര്‍മാണമാണ് സൊസൈറ്റികള്‍ ഇതിനകം പൂര്‍ത്തിയാക്കിയത്. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തിയതടക്കം വീടുകളുടെ പ്രവൃത്തി നടത്തിവരികയുമാണ്. കഴിഞ്ഞ സമ്പത്തികവര്‍ഷം എഴുപതോളം വീടുകള്‍ നിര്‍മിച്ച മുട്ടില്‍ ട്രൈബല്‍ സൊസൈറ്റി ഈ വര്‍ഷം 250 ഓളം വീടുകളുടെ നിര്‍മാണമാണ് ഏറ്റെടുത്തത്. 
ആദിവാസി ഭവന നിര്‍മാണം കരാറുകാര്‍ ഉദ്യോഗസ്ഥരില്‍ ചിലരുടെ ഒത്താശയോടെ ഇട്ടുതല്ലുന്ന അവസ്ഥയ്ക്കാണ് ട്രൈബല്‍ സൊസൈറ്റികളുടെ രൂപീകരണത്തോടെ ഒരളവോളം മാറ്റമായതെന്നു കണിയാമ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്‍.ജെ. റെജി പറഞ്ഞു. ജില്ലയിലെ മറ്റു ട്രൈബല്‍ സൊസൈറ്റികള്‍ക്കും പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് നടപ്പു സാമ്പത്തികവര്‍ഷംതന്നെ നിര്‍മാണ ഉപകരണങ്ങള്‍ ലഭ്യമാക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *