May 21, 2024

കുപ്പാടി വില്ലേജിലെ 192 വീട്ടി, തേക്ക് മരങ്ങള്‍ മുറിക്കുന്നു; ഇ ടെണ്ടര്‍ അംഗീകരിച്ചു

0
കല്‍പറ്റ- ബത്തേരി താലൂക്കിലെ കുപ്പാടി വില്ലേജില്‍ വയനാട് വിമുക്തഭട കോളനി ഭൂമിയില്‍ അവശേഷിക്കുന്നതില്‍ 192 തേക്ക്, വീട്ടി മരങ്ങള്‍ കൂടി മുറിക്കുന്നു. ഇത്രയും മരങ്ങള്‍ മുറിച്ച് വനം വകുപ്പിന്റെ കുപ്പാടി, ചാലിയം ഡിപ്പോകളില്‍ എത്തിക്കുന്നതിനുള്ള ഇ ടെണ്ടര്‍ സര്‍ക്കാര്‍ അംഗീകരിച്ചു. കല്‍പറ്റ ആമ്പിലേരി സ്വദേശിക്കാണ് മരങ്ങള്‍ മുറിച്ചുനീക്കുന്നിതിനു കരാര്‍ ലഭിച്ചത്. 
വയനാട് വിമുക്തഭട കോളനിയില്‍ അമ്പലവയല്‍, തോമാട്ടുചാല്‍ വില്ലേജുകളില്‍പ്പെടുന്ന പ്രദേശങ്ങളില്‍ വീട്ടിമുറി നടന്നുവരികയാണ്. ഇതിനെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതിയും മറ്റും രംഗത്തുവന്നിരിക്കെയാണ് കുപ്പാടി വില്ലേജിലെ മരങ്ങള്‍ മുറിച്ചുനീക്കുന്ന പ്രവൃത്തിയുടെ ഇ ടെണ്ടറിനു അംഗീകാരമായത്.  സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയം റേഞ്ച് പരിധിയിലാണ് കുപ്പാടി വില്ലേജ്. 192, വീട്ടി, തേക്ക് മരങ്ങള്‍ മുറിച്ചു വില്‍ക്കുന്നതിലൂടെ എല്ലാ ചെലവും കഴിച്ച് 2.43 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മരങ്ങള്‍ നില്‍ക്കുന്ന ഭൂമിയുടെ കൈവശക്കാര്‍ക്ക് 40.4 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 
രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത മലയാളി ഭടമ്മാരെ പുനരധിവസിപ്പിക്കുന്നതിനു ബ്രിട്ടീഷ് സര്‍ക്കാര്‍ റോയല്‍ ഫണ്ട് ഉപയോഗപ്പെടുത്തി  നിലമ്പൂര്‍ കോവിലകത്തുനിന്നു വിലയ്ക്കു വാങ്ങിയ ഒരു ലക്ഷം ഏക്കര്‍ ഭൂമിയിലാണ് വിമുക്തഭട കോളനി. മുപ്പനാട്, അമ്പലവയല്‍, നെമ്മേനി, ബത്തേരി, നൂല്‍പ്പുഴ പഞ്ചായത്തുകളിലാണ് ഈ സ്ഥലം.തേക്കും വീട്ടിയും ഉള്‍പ്പെടെ റിസര്‍വ്  മരങ്ങളുടെ ഉടമാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി കോളനി ഭൂമിയിലെ കൈവശക്കാര്‍ക്ക് 1968ലാണ് പട്ടയം അനുവദിച്ചത്. മറ്റു മരങ്ങള്‍ ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ വിലയ്ക്കുനല്‍കി. 
കോളനി ഭൂമിയിലെ  റിസര്‍വ് മരങ്ങളില്‍ 120 സെന്റീമീറ്ററില്‍ കൂടുതല്‍ വണ്ണമുള്ളവ മുറിച്ചെടുക്കാനും കൈവശക്കാര്‍ക്ക് ക്യുബിക് മീറ്ററിനു 4,500 രൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കാനും 1995ലാണ്  സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോളനി ഭൂമിയിലെ തേക്കുമരങ്ങള്‍ മുറിച്ചുനീക്കി. കൈവശക്കാര്‍ക്കുള്ള നഷ്ടപരിഹാരം  2005ല്‍ ക്യുബിക് മീറ്ററിനു 10,000 രൂപയായി വര്‍ധിപ്പിച്ചു. 2012ലാണ് വീട്ടിമരങ്ങള്‍ക്ക് നമ്പരിട്ടത്. കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിമരങ്ങള്‍ മുറിക്കുന്നതിനു ഈ വര്‍ഷമാണ് തീരുമാനമായത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍(ഐ.യു.സി.എന്‍) 1998ല്‍ വംശനാശ ഭീഷണി നേരിടുന്ന ജന്തു-സസ്യ വര്‍ഗങ്ങളുടെ റെഡ് ഡാറ്റ ബുക്കില്‍ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ റോസ്‌വുഡ് എന്നറിയപ്പെടുന്ന വീട്ടിമരം. ഒരു ക്യുബിക് മീറ്റര്‍ വീട്ടിത്തടിക്ക് രണ്ട് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് വില.  500 വര്‍ഷത്തിലധികം പ്രായമുള്ളതാണ് വിമുക്തഭട കോളനി ഭൂമിയില്‍നിന്നു മുറിച്ചുമാറ്റുന്ന വീട്ടികള്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *