April 19, 2024

വളളിയൂര്‍ക്കാവ് ഉത്സവം : ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കും

0

വളളിയൂര്‍ക്കാവ് ഉത്സവത്തോടനുബന്ധിച്ച് മാനന്തവാടിയിലും    പരിസരപ്രദേശങ്ങളിലും ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചു.  വയനാട് ജില്ലയിലേയും മറ്റ് ജില്ലയിലേയും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും.  ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സംയുക്ത പരിശോധനയോടൊപ്പം മൊബൈല്‍ ലാബിന്റെ   സേവനവും പ്രയോജനപ്പെടുത്തും. ഉത്സവത്തോടനുബന്ധിച്ച്  പ്രവര്‍ത്തിക്കുന്ന എല്ലാ താല്‍കാലിക ഭക്ഷ്യ ഉല്‍പാദന വിതരണ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും.  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ എടുക്കാത്ത ഒരു സ്ഥാപനവും പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കില്ല.    രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി നല്‍കുന്നതിന് മാനന്തവാടി ഭക്ഷ്യ സുരക്ഷാ ഓഫീസറെ ചുമതലപ്പെടുത്തി.
        ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണം, വിതരണം, വില്‍പ്പന എന്നീ രംഗങ്ങളില്‍ കര്‍ശനമായ വൃത്തി ശുചിത്വ ശീലങ്ങള്‍ പാലിക്കണമെന്നും ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പറഞ്ഞു. മുറിച്ച് വിതരണം ചെയ്യുന്ന പഴങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഈച്ച, പൊടി എന്നിവ മൂലം മലിനപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. പായ്ക്കറ്റ് ഭക്ഷണത്തിന്റെ ലേബല്‍ വ്യവസ്ഥകള്‍ പാലിക്കണം. സര്‍ബത്ത്, ജ്യൂസ്, ചായ, കാപ്പി മുതലായ പാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെളളവും ഐസും ശുദ്ധമായ കുടിവെളളത്തില്‍ ഉണ്ടാക്കിയവ ആയിരിക്കണം.  ജീവനക്കാര്‍ കര്‍ശനമായ വൃത്തി ശുചിത്വ ശീലങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.  എണ്ണപ്പലഹാരങ്ങളും മറ്റും പാകംചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. പ്രിന്റഡ് ന്യൂസ് പേപ്പറില്‍ ഭക്ഷ്യ വസ്തുക്കള്‍ പൊതിഞ്ഞ് കൊടുക്കരുതെന്നും കുപ്പിവെളളവും മറ്റ് പാനീയങ്ങളും വെയില്‍ തട്ടുന്ന രീതിയില്‍ സൂക്ഷിക്കുവാന്‍ പാടില്ലെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദ്ദേശിച്ചു.  നിയമലംഘകര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമമനുസരിച്ച് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ്   കമ്മീഷണര്‍ പി. ജെ വര്‍ഗ്ഗീസ്  അറിയിച്ചു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം. ഫോണ്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍     8943346192, മാനന്തവാടി ഭക്ഷ്യ സുരക്ഷാ ഓഫീസര്‍   9072639570 ടോള്‍ ഫ്രീ 1800 425 1125.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *