പ്രചാരണം: ആര്‍ച്ചുകളിലെ അക്ഷരങ്ങള്‍ കോട്ടണ്‍ തുണികളിലാവാം
കൽപ്പറ്റ:
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തയ്യാറാക്കുന്ന ആര്‍ച്ചുകളില്‍ അക്ഷരങ്ങളായി വയ്ക്കുന്ന തെര്‍മോകോള്‍ ഒഴിവാക്കി കോട്ടണ്‍ തുണികളിലെഴുതിയ ബാനര്‍ സ്ഥാപിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശ്രദ്ധിക്കണം. പ്രകൃതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് പ്രചാരണമെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം അവ തരംതിരിച്ച് സംസ്‌കരിച്ചില്ലെങ്കില്‍ മലിനീകരണ പ്രശ്‌നങ്ങളുണ്ടാവും. ഇതു മുന്നില്‍ക്കണ്ട് ഓരോ പ്രദേശത്തും ബോര്‍ഡുകളും കൊടികളും തോരണങ്ങളുമെല്ലാം സ്ഥാപിച്ചവര്‍ തന്നെ ശേഖരിച്ച് തരംതിരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കൈമാറണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന വോട്ടേഴ്‌സ് സ്ലിപ് പോലും ഇത്തരത്തില്‍ ശേഖരിച്ച് കൈമാറാന്‍ കഴിയണം.
ഹരിത തിരഞ്ഞെടുപ്പിനായി ഒഴിവാക്കേണ്ടത്: പ്ലാസ്റ്റിക് വസ്തുക്കളടങ്ങുന്ന ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്‌സുകള്‍. ഡിസ്‌പോസിബിള്‍ വസ്തുക്കളും പ്ലാസ്റ്റിക് കുപ്പിവെള്ളവും (പേപ്പര്‍, പ്ലാസ്റ്റിക്, തെര്‍മോകോള്‍ എന്നിവയുള്‍പ്പെടെ). പ്ലാസ്റ്റിക് തോരണങ്ങള്‍, തെര്‍മോകോള്‍ ഉപയോഗിക്കുന്ന ആര്‍ച്ചുകള്‍. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ആഹാരവസ്തുക്കള്‍. സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഹാരങ്ങള്‍.
ഉപയോഗിക്കാവുന്നത്: കോട്ടണ്‍ തുണി, പേപ്പര്‍-തുണി മീഡിയം, ചണം, തടി, ലോഹനിര്‍മിതമായ ബോര്‍ഡുകള്‍, മുള, ഈറ, പനമ്പായ, പാള തുടങ്ങിയവ. വാട്ടര്‍ക്യാനുകള്‍, സ്റ്റീല്‍ കുപ്പികള്‍, സ്റ്റീല്‍/ചില്ല് ഗ്ലാസുകള്‍, പ്ലേറ്റുകള്‍. തുണി/പേപ്പര്‍ തോരണങ്ങള്‍, തുണിയില്‍ എഴുതിയ ആര്‍ച്ചുകള്‍. വാഴയിലയില്‍ പൊതിഞ്ഞ് വരുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍. പൂക്കള്‍ ഉപയോഗിച്ചുള്ള ഹാരങ്ങള്‍, കോട്ടണ്‍ നൂല്‍, തോര്‍ത്ത്.
തിരഞ്ഞെടുപ്പില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപന തലം മുതല്‍ ജില്ലാതലം വരെ ഫെസിലിറ്റേഷന്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഹരിതകേരളം, ശുചിത്വമിഷന്‍ ഓഫിസുകളുമായി ബന്ധപ്പെടാം.



Leave a Reply