July 23, 2024

കോണ്‍ഗ്രസിന്റെ കാര്‍ഷിക ബഡ്ജറ്റ് പ്രഖ്യാപനം ആത്മാര്‍ത്ഥതയോടെയാണോയെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍

0
Img 20190411 Wa0019
 
കല്‍പറ്റ: തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്‍ഷിക ബഡ്ജറ്റ് ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. വയനാട് പ്രെസ്സ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആര്‍സിഇപി കരാര്‍,  എസ്സെന്‍ഷ്യല്‍ കമ്മോഡിറ്റി ആക്ട് തുടങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങി ബിജെപി സര്‍ക്കാര്‍ തുടരുന്ന കര്‍ഷക ദ്രോഹ നിയമങ്ങള്‍ മാറ്റാതെ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചുവരാനാകില്ല.കാര്‍ഷിക ബഡ്ജറ്റ് വ്യക്തത വേണം.ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാരാണ് കേന്ദ്രത്തില്‍ വരുന്നതെങ്കില്‍ സ്ഥാനമാനങ്ങള്‍ക്കുള്ള അടിയുണ്ടാകില്ല.  ശക്തമായ കോമണ്‍ മിനിമം പ്രോഗ്രാമിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളായിരിക്കും ഉണ്ടാവുക.
          കാര്‍ഷിക മേഖല കോര്‍പ്പറേറ്റ് വല്‍ക്കരിച്ചതാണ് കര്‍ഷക ആത്മഹത്യ ഉണ്ടാകാനുള്ള കാരണം.ഇടതുപക്ഷത്തിന് സ്വാധീനമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എല്ലാ മേഖലകളിലെയും കോര്‍പ്പറേറ്റ് വല്‍ക്കരണത്തെ എതിര്‍ക്കുമെന്നത് കൊണ്ടാണ് ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേന്ദ്രത്തില്‍ വന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്.രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ഒരു കോര്‍പ്പറേറ്റ് അജണ്ടയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.മതേതരത്വത്തിനും ഭരണഘടനയ്ക്കും കോട്ടം സംഭവിക്കുന്ന ഒരു നടപടികളും ഉണ്ടാകാന്‍ ഇടതുപക്ഷം അനുവദിക്കില്ല.പതിറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ചു ഫാസിസ്റ്റുകളുടെ കയ്യില്‍ അധികാരം ഏല്‍പ്പിക്കുകയും ആയിരക്കണക്കിന് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്ത കോണ്‍ഗ്രസാണ് ഇപ്പോള്‍ കാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന് പറഞ്ഞു കര്‍ഷകരെ വഞ്ചിക്കുന്നത്.  ഇത്രയും കാലം അവര്‍ എന്താണ് കര്‍ഷകര്‍ക്ക് വേണ്ടി ചെയ്തതെന്നും മന്ത്രി ചോദിച്ചു.  
            ഊഹക്കച്ചവടം,  ആസിയാന്‍ കരാര്‍, ഇറക്കുമതി- കയറ്റുമതി തുടങ്ങിയ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ മാറ്റാന്‍ കോര്‍പ്പറേറ്റ് സ്വാധീനങ്ങളുടെ പിടിയിലകപ്പെട്ട കോണ്‍ഗ്രസും ബിജെപിയും തയ്യാറാകുന്നില്ല. ഇത്തരം നിയമങ്ങള്‍ ഭാവിയില്‍ കാര്‍ഷിക വിലത്തകര്‍ച്ചയ്ക്ക് കാരണമാകും. മാര്‍ക്കറ്റ് വിലയും ഉല്പാദന ചെലവും തമ്മിലുള്ള അന്തരം വലുതാണ്. കേരളത്തിലെ നെല്ല് സംഭരണം രാജ്യത്തിനാകെ മാതൃകയാണ്. മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന വില കര്‍ഷകന് നല്‍കിയാണ് സര്‍ക്കാര്‍ സംഭരിക്കുന്നത്.പ്രളയം തകര്‍ത്ത കുട്ടനാട്ടില്‍ നിന്ന് 18, 000 ടണ്‍ അധികം നെല്ല് ഉല്പാദിപ്പിച്ചത് സര്‍ക്കാരിന് അഭിമാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് ഇടതുപക്ഷ കര്‍ഷക സംഘടനകളാണ്. കര്‍ഷകര്‍ നടത്തിയ ഈ പ്രക്ഷോഭങ്ങളെ വെടിവെപ്പിലൂടെയാണ് സര്‍ക്കാര്‍ ഒതുക്കിയത്. ഇത് കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനമാണ് വ്യക്തമാക്കുന്നത്.
          68 ശതമാനം ബിജെപി വിരുദ്ധ വോട്ടുള്ള രാജ്യത്ത് കോണ്‍ഗ്രസിന് ഒരു മുന്നണി ഉണ്ടാക്കാന്‍ കഴിയാത്തത് അവരുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണ്. മതേതരത്വം സംരക്ഷിക്കും എന്ന് പ്രചരണം നടത്തി എഐസിസി അധ്യക്ഷന്‍ രാഹുല്‍ വയനാട്ടില്‍ വന്ന് മത്സരിക്കുന്നത് ആരെ നേരിടാനാണെന്നും മന്ത്രി ചോദിച്ചു.പ്രളയത്തില്‍ ചട്ടപ്രകാരം കേന്ദ്രം സംസ്ഥാനത്തിന് തരേണ്ട ധനസഹായം പോലും തന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആയിരം ദിവസത്തിനുള്ളില്‍ യുഡിഎഫ് സര്‍ക്കാര്‍ കുടിശ്ശികയാക്കിയ 396 കോടി രൂപ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. സാങ്കേതിക പിഴവില്‍ പെട്ടതൊഴികെ എല്ലാ നഷ്ടപരിഹാരവും സര്‍ക്കാര്‍ നല്‍കി.23,97,56,000 രൂപ ജില്ലയില്‍ കര്‍ഷകര്‍ക്ക് നല്‍കി. ഇതിലെന്തെങ്കിലും വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രസ്സ് ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ഒ ഷീജ സ്വാഗതവും കെ എ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *