March 29, 2024

ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം കേസില്‍ വീണ്ടും അട്ടിമറി: പിന്നിൽ ലോബിയെന്ന് ആരോപണം.

0
കൽപ്പറ്റ: 
ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം കേസില്‍ വീണ്ടും അട്ടിമറി.  മെയ് ഒന്നിന് സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോള്‍ കേരളാ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാതെ കേസ് മാറ്റിവെപ്പിക്കുകയായിരുന്നു.  സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ സമിതി ദേശീയപാതയില്‍ ബന്ദിപ്പൂരിലും വയനാട്ടിലുമായി വനത്തില്‍ ഒരു കി.മി വീതം ദൂരമുള്ള 5 മേല്‍പ്പാലങ്ങള്‍ പണിത് രാത്രിയാത്രാ നിരോധനം നീക്കാനാണ് ശുപാര്‍ശ ചെയ്തിരുന്നത്.  ഇതിന് വരുന്ന ചിലവ് ഏകദേശം 460 കോടി രൂപയാകുമെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  ഈ ചിലവിന്‍റെ പകുതി തുക നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.  ബാക്കി പകുതി തുക കേരളാ സര്‍ക്കാര്‍ നല്‍കണമെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ മേല്‍പ്പാല നിര്‍മ്മാണവുമായി സഹകരിക്കണമെന്നുമാണ് സുപ്രീംകോടതി കമ്മറ്റി ശുപാര്‍ശ ചെയ്തത്.  ഈ നിര്‍ദ്ദേശം സുപ്രീംകോടതിയുടെ മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22 ന് ഇതേ കമ്മറ്റി സെക്രട്ടറിതലത്തിലുള്ള ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു.  ആ യോഗത്തില്‍ കേരളാ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് പങ്കെടുത്തത്.  ഈ യോഗത്തിന്‍റെ തീരുമാനമായി നിലവിലുള്ള അവസ്ഥ തുടരണമെന്ന ഒരു നിര്‍ദ്ദേശവും സുപ്രീംകോടതി മുമ്പാകെ മെയ് 1 ന് സമര്‍പ്പിച്ചിട്ടുണ്ട്.  
കേരളാ സര്‍ക്കാറിനെ സ്വാധീനിച്ച് രാത്രിയാത്രാ നിരോധനം നിലനിലനിർത്താൻ  ഒരു ലോബി ശക്തമായി രംഗത്തുണ്ട്.  സുപ്രീംകോടതി വിദഗ്ധ സമിതി 6.3.2018 ന് ബാംഗ്ലൂരില്‍ സിറ്റിംഗ് നടത്തിയപ്പോള്‍ കേരളാ സര്‍ക്കാറിന്‍റെ പ്രതിനിധിയായി പങ്കെടുത്ത ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ നിരോധനം തുടരട്ടെ എന്നും പകരമായി തലശ്ശേരി-മൈസൂര്‍ റയില്‍പാതക്ക് സുപ്രീംകോടതി അനുമതി നല്‍കിയാല്‍ മതിയെന്നും ആവശ്യപ്പെട്ടതും മുഖ്യ വനംവകുപ്പ് കണ്‍സര്‍വേറ്റര്‍ നിരോധനം വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെയായി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതും വന്‍ വിവാദമായിരുന്നു.  ജനരോഷം രൂക്ഷമായപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് ഇവരെക്കൊണ്ട് തിരുത്തല്‍ കത്ത് കൊടുപ്പിച്ചെങ്കിലും സുപ്രീംകോടതിയില്‍ ഹാജരാക്കിയ മിനുട്സില്‍ ഇവരുടെ പഴയ നിലപാട് തന്നെയാണുള്ളത്.
തുടര്‍ന്നും സമിതി നിര്‍ദ്ദേശത്തോട് കേരളാ സര്‍ക്കാര്‍ പ്രതികരിക്കുകയോ സുപ്രീം കോടതിയില്‍ അനുകൂലിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കുകയോ ചെയ്യാതിരുന്നതിനെത്തുടര്‍ന്ന് നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ സമരങ്ങള്‍ ആരംഭിച്ചിരുന്നു.  ഇതിനെത്തുടര്‍ന്ന് കമ്മറ്റി നിര്‍ദ്ദേശം അംഗീകരിച്ച് മേല്‍പ്പാല പദ്ധതിയുടെ ചിലവിന്‍റെ പകുതി നല്‍കാന്‍ കേരളാ സര്‍ക്കാര്‍ തയ്യാറാവുകയും 2019 ലെ സംസ്ഥാന ബജറ്റില്‍ ഇതിനുള്ള തുക വകയിരുത്തുകയും ചെയ്തു.  
സുപ്രീംകോടതി സമിതി നിര്‍ദ്ദേശത്തിന് കേന്ദ്രസര്‍ക്കാരും കേരളാ സര്‍ക്കാരും അനുകൂലമാവുകയും 460 കോടി രൂപയുടെ ഫണ്ട് വിഹിതം സംയുക്തമായി നല്‍കാന്‍ തയ്യാറാവുകയും ചെയ്തതോടെ കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ച് രാത്രിയാത്രാ നിരോധനം നീക്കം ചെയ്യാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞിരുന്നു. 
   മെയ് ഒന്നിനു സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോള്‍ ഇക്കാര്യം ഉന്നയിച്ച് വാദം നടത്താന്‍ ആക്ഷന്‍ കമ്മറ്റിയുടെതടക്കം സീനിയര്‍ അഭിഭാഷകര്‍ തയ്യാറായിരുന്നു.  എന്നാല്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേരളാ സര്‍ക്കാറിന്‍റെ അഭിഭാഷകന്‍ സമയം ആവശ്യപ്പെടുകയാണ് ചെയ്തത്.  തുടര്‍ന്ന് കമ്മറ്റിയുടെ തീരുമാനത്തിന്മേല്‍ അഭിപ്രായം അറിയിച്ചുകൊണ്ടുള്ള സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേരള സര്‍ക്കാറിന് 4 ആഴ്ചത്തെ സമയവും സത്യവാങ്മൂലത്തിന്മേല്‍ പ്രതികരണം അറിയിക്കാന്‍ ആക്ഷന്‍ കമ്മറ്റി അടക്കമുള്ള കക്ഷികള്‍ക്ക് വീണ്ടും 4 ആഴ്ച സമയവും അനുവദിച്ച് കോടതി ഉത്തരവിട്ടു.
    
     രാത്രിയാത്രാ നിരോധന കേസില്‍ കേരളാ സര്‍ക്കാറിന്‍റെ മലക്കം മറിച്ചിലില്‍ വന്‍ അട്ടിമറിയാണ് നടക്കുന്നത്.  ഗതാഗത മന്ത്രിയെപ്പോലും നോക്കുകുത്തിയാക്കി ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.  ഉന്നതതലസമിതി മുമ്പാകെ രാത്രിയാത്രാ നിരോധനത്തിന് അനുകൂല തീരുമാനമെടുത്ത സംശയത്തിന്‍റെ നിഴലിലുള്ള ഉദ്യോഗസ്ഥനെത്തന്നെ സെക്രട്ടറിതല ചര്‍ച്ചയില്‍ വീണ്ടും കേരളാ സര്‍ക്കാരിനെ പ്രതിനിധീകരിക്കാനയച്ചതില്‍ ദുരൂഹതയുണ്ട്.  കേരളത്തിന്‍റെ വാദങ്ങള്‍ കമ്മറ്റി മുമ്പാകെ അവതരിപ്പിക്കാനോ കമ്മറ്റി അംഗങ്ങളുടെ തെറ്റിദ്ധാരണ നീക്കാനോ ഇദ്ദേഹം ശ്രമിച്ചിട്ടില്ല.  തലശ്ശേരി-മൈസൂര്‍ റയില്‍പാത ലോബിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.  18 കോടി രൂപ ചിലവഴിച്ച് പല അലൈന്‍മെന്‍റുകള്‍ മാറിമാറി പരീക്ഷിച്ച ശേഷം ഇപ്പോള്‍ തലശ്ശേരി-മൈസൂര്‍ പാതക്കായി വനത്തിലൂടെ റയിലും റോഡും ഒരുമിച്ചുള്ള ഒരു അലൈന്‍മെന്‍റ് റയില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.  ഇത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയെടുക്കാനുള്ള നീക്കമാണ് അണിയറയില്‍ നടത്തുന്നത്.  ഇങ്ങനെ സംഭവിച്ചാല്‍ ദേശീയപാത 766 അടച്ചുപൂട്ടി പുതിയ ബദല്‍പാത നിലവില്‍ വരും.  
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിച്ച്, ഇപ്പോള്‍ ദേശീയപാത 766 ഉം അടച്ചുപൂട്ടി പകരം തലശ്ശേരി-മൈസൂര്‍ റയില്‍പാത കൊണ്ടുവരാനുള്ള ലോബിയുടെ അതിക്രമങ്ങള്‍ അതിരുവിടുകയാണ്.  സര്‍ക്കാറിനെ മറയാക്കി ഇവര്‍ നടത്തുന്ന പിന്‍വാതില്‍ നീക്കങ്ങള്‍ വയനാടിനെ പൂര്‍ണ്ണമായും തളര്‍ത്തിക്കളയും.  തലശ്ശേരി-മൈസൂര്‍ റയില്‍പാതക്കായി സ്വതന്ത്രമായി ശ്രമിക്കേണ്ടവര്‍ വയനാടിന്‍റെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നത് നോക്കിയിരിക്കില്ല.  വയനാടന്‍ ജനത ഒറ്റക്കെട്ടായി ഈ ലോബിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.
അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, പി.വൈ.മത്തായി, ഫാ:ടോണി കോഴിമണ്ണില്‍, വി.മോഹനന്‍, എം.എ.അസൈനാര്‍, മോഹന്‍ നവരംഗ്, ജോസ് കപ്യാര്‍മല, ജോയിച്ചന്‍ വര്‍ഗ്ഗീസ്, സംഷാദ്, ജേക്കബ് ബത്തേരി, നാസര്‍ കാസിം, അബ്ദുള്‍ റസാഖ്, എല്‍ദോ, അനില്‍, സി.എച്ച്.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *