April 27, 2024

മേയ് 29,30,31 തീയതികളില്‍ സമ്പൂര്‍ണ്ണ സ്‌കൂള്‍ പ്രവേശന കാമ്പയിന്‍

0
     പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2019-20 അദ്ധ്യയന വര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ ജില്ല കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ വിലയിരുത്തി. മുഴുവന്‍ കുട്ടികളെയും സ്‌കൂളിലെത്തിക്കാന്‍ മേയ് 29,30,31 തീയതികളില്‍ സമ്പൂര്‍ണ്ണ സ്‌കൂള്‍ പ്രവേശന കാമ്പയിന്‍ സംഘടിപ്പിക്കും. പ്രവേശനോത്സവം വിജയിപ്പിക്കാന്‍ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും. നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനുള്ള മുഴുവന്‍ വിദ്യാലയ കെട്ടിടങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ജില്ലയില്‍ അനുവദിച്ച ഓട്ടിസം പാര്‍ക്ക് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാന്‍ നിര്‍ദേശിക്കും. നൂറുശതമാനവും ഹയര്‍സെക്കണ്ടറി ക്ലാസ് മുറികളും ആധൂനികവത്കരിച്ചെന്ന് കൈറ്റ് അറിയിച്ചു. കൂടാതെ സര്‍വേയിലൂടെ കണ്ടെത്തിയ 256 പ്രൈമറി സ്‌കൂളുകള്‍ ഈ വര്‍ഷം ആധൂനികവത്കരിക്കും. ജൂണ്‍ പകുതിയോടെ അര്‍ഹതപ്പെട്ട മുഴുവന്‍ സ്‌കൂളുകളിലും ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്നും കൈറ്റ് അറിയിച്ചിട്ടുണ്ട്.
    അടുത്ത അദ്ധ്യയന വര്‍ഷം വിജയശതമാനത്തില്‍ ജില്ലയെ മുന്‍നിരയിലെത്തിക്കാനുളള ശ്രമം ശക്തമാക്കണമെന്ന് ജില്ല കളക്ടര്‍ ആവശ്യപ്പെട്ടു. ഡ്രോപ് ഔട്ട് ഫ്രീ വയനാട് പദ്ധതിയില്‍ വസ്തുതപരമായ പഠന നടത്തി പോരായ്മകള്‍ പരിഹരിക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ പുരോഗതി ജില്ലയിലുണ്ടായിട്ടുണ്ടെന്ന് ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഹണി ജി. അലക്‌സാണ്ടര്‍   വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മുഴുവന്‍ വിഷയത്തിലും എപ്ലസ് ലഭിച്ചവരുടെ എണ്ണത്തില്‍
100 വിദ്യാര്‍ഥികളുടെ വര്‍ധനവുണ്ടായി. വിജയിച്ചവരില്‍ 800 വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് ഡി പ്ലസ് ഗ്രേഡ് ലഭിച്ചിട്ടുള്ളൂ. ഡ്രോപ് ഔട്ട് ഫ്രീ കാമ്പയിന്റെ ഭാഗമായി എന്റോള്‍ ചെയ്ത മുഴുവന്‍ വിദ്യാര്‍ഥികളേയും പരീക്ഷ എഴുതിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
    ജില്ലയില്‍ എസ്.എസ്.എല്‍.സി വിജയശതമാനത്തില്‍ ഏറ്റവും പിന്നിലായത് 15 സ്‌കൂളുകളാണ്. ഇവിടങ്ങളില്‍ വിജയശതമാനം 85 ശതമാനത്തിനും താഴെയാണ്. ഈ സ്‌കൂളുകള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കി വിജയശതമാനം ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കും. കുട്ടികള്‍ കുറഞ്ഞ സ്‌കൂളുകളില്‍ അസാപിന്റെ നേതൃത്വത്തില്‍ വിവിധ പരിശീലനങ്ങള്‍ സംഘടിപ്പിച്ച് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കും. സംയോജിത ആദിവാസി വികസന വകുപ്പ് പത്താം ക്ലാസ് വിജയിച്ച ആദിവാസി വിഭാഗത്തിലെ കുട്ടികളെ കണ്ടെത്തി പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കും. ഇതിനായി കൈറ്റ് സാങ്കേതിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ജില്ലയില്‍ കൂടുതല്‍ ഹ്യൂമാനിറ്റിസ് ബാച്ച് അനുവദിച്ചു കിട്ടാന്‍ ജനറല്‍ എഡ്യുക്കേഷന്‍ സെക്രട്ടറിക്ക് കത്ത് അയക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ മോഡല്‍ റസിഡന്‍സ് സ്‌കൂളുകളിലെങ്കിലും കൂടുതല്‍ ഹ്യൂമാനിറ്റിസ് ബാച്ച് അനുവദിച്ചു കിട്ടിയാല്‍ സയന്‍സ് വിഷയത്തോട് പെതുവെ വിമുഖത കാണിക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *