March 29, 2024

ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ 23ന്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

0
ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി  വയനാട് മണ്ഡലത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. 23 ന് രാവിലെ ഏഴിന് സ്‌ട്രോങ് റൂമുകള്‍ തുറന്ന് ബാലറ്റ്, വിവിപാറ്റ് യൂണിറ്റുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മാറ്റും. 8.30 ഓടെ വോട്ടെണ്ണല്‍ തുടങ്ങും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ പാലിച്ച് പല റൗണ്ടുകളായാണ് വോട്ടെണ്ണല്‍ പൂര്‍ത്തീകരിക്കുക. ഓരോ റൗണ്ട് പൂര്‍ത്തിയാവുമ്പോഴും ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ട് അതാതു കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. അവസാന റൗണ്ട് പൂര്‍ത്തിയാവുന്നതിന് മുമ്പായി പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കും. റിട്ടേണിങ് ഓഫിസറുടെ കാര്യാലയത്തിലാണ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക. മെയ് 16 വരെ 1628 പോസ്റ്റല്‍ വോട്ടുകളാണ് ലഭിച്ചത്. വോട്ടെണ്ണല്‍ ദിനത്തില്‍ രാവിലെ എട്ടിനുള്ളില്‍ തപാല്‍ മാര്‍ഗം ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ പരിഗണിക്കും. 
പരമാവധി 14 വരെ വോട്ടെണ്ണല്‍ ടേബിളുകളാണ് ഒരു കേന്ദ്രത്തിലുണ്ടാവുക. ഇതിലൊന്നില്‍ വിവിപാറ്റ് മെഷീന്‍ എണ്ണും. സുപ്രിംകോടതി വിധി പ്രകാരം ഓരോ നിയോജക മണ്ഡലങ്ങളിലും അഞ്ചുവീതം പോളിങ് ബൂത്തുകളിലെ വിവിപാറ്റ് മെഷീനുകളാണ് എണ്ണുക. വോട്ടെണ്ണല്‍ ദിവസം നറുക്കെടുപ്പിലൂടെ ഈ ബൂത്തുകള്‍ കണ്ടെത്തും. ബാലറ്റ് യൂണിറ്റില്‍ മോക് പോളിങ് വിവരങ്ങള്‍ നീക്കം ചെയ്യാതിരിക്കുക, കണ്‍ട്രോള്‍ യൂണിറ്റില്‍ വിവരങ്ങള്‍ തെളിയാതിരിക്കുക എന്നീ സാഹചര്യങ്ങളിലും തിരഞ്ഞെടുപ്പ് ഏജന്റിന്റെ ആവശ്യപ്രകാരം റിട്ടേണിങ് ഓഫിസറുടെ അനുമതിയോടെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച സ്ഥലങ്ങളിലും വിവിപാറ്റ് മെഷീന്‍ എണ്ണും. 
ത്രിതല സുരക്ഷാ സംവിധാനമാണ് കേന്ദ്രങ്ങളില്‍ ഒരുക്കുക. നൂറുമീറ്റര്‍ പരിധിയില്‍ സംസ്ഥാന പോലിസിന്റെ സുരക്ഷയുണ്ടാവും. വോട്ടെണ്ണല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സായുധസേന സുരക്ഷയൊരുക്കും. കേന്ദ്രസേനയുടെ സുരക്ഷയിലായിരിക്കും കൗണ്ടിങ് ഹാള്‍. മൂന്നു തലങ്ങൡും കര്‍ശന സുരക്ഷാ പരിശോധനയുണ്ടാവും. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ആര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കില്ല. നടപടിക്രമങ്ങള്‍ പൂര്‍ണമായി വീഡിയോ ക്യാമറയില്‍ ചിത്രീകരിക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനമുണ്ട്. വിവരങ്ങള്‍ യഥാസമയം പൊതുജനങ്ങളിലെത്തിക്കാന്‍ കളക്ടറേറ്റില്‍ മീഡിയാ സെന്റര്‍ പ്രവര്‍ത്തിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിയന്ത്രണവിധേയമായി മാത്രം മാധ്യമപ്രവര്‍ത്തകരെ അനുവദിക്കും. 
താമരശ്ശേരി കോരങ്ങാട് അല്‍ഫോണ്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നിലമ്പൂര്‍ ഗവ. മാനവേദ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂളിലും നടക്കും. 
വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ തിരഞ്ഞെടുപ്പ് എജന്റുമാരുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേംബറില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട പുതിയ പരാതികള്‍ ഒബ്‌സര്‍വറുടെ സാന്നിധ്യത്തില്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് കളക്ടര്‍ എ.ആര്‍.അജയകുമാര്‍  അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *