July 24, 2024

കരച്ചില്‍ പിന്നെ ചിരി ആദ്യദിനം ആഘോഷമാക്കി പ്രവേശനോല്‍സവം.

0


ചിലര്‍ക്കൊക്കെ സങ്കടം. ചിലര്‍ക്ക് അമ്പരപ്പ്.പിന്നീട് ആഘേഷത്തിലലിഞ്ഞ് ആഹ്ലാദനിമിഷം.  സ്‌കൂളുകളില്‍  പ്രവേശനോത്സവത്തിന്റെ ആദ്യദിനം ഇങ്ങൊനെയൊക്കയായിരുന്നു.  
പാട്ടും കളിചിരികളുമായി അധ്യാപകരും രക്ഷാകര്‍തൃ സമിതി അംഗങ്ങളും മുതിര്‍ന്ന കുട്ടികളും അറിവിന്റെ പടിവാതില്‍ക്കലേക്ക് നവാഗതരെ സ്വീകരിച്ചു. ഉത്സവാന്തരീക്ഷത്തിലായിരുന്നു കാക്കവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോല്‍സവം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉജ്ജ്വല വിളംബരം കൂടിയായി ആദ്യദിനം. ജില്ലയില്‍ ആറായിരത്തിലധികം കുട്ടികളാണ് ഇത്തവണ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയത്. എസ് .എസ്.എ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനഫലമായി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പുതുതായി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ആറാമത്തെ പ്രവൃത്തിദിവസം പൂര്‍ത്തിയാവുന്ന മുറയ്ക്ക് കുട്ടികളുടെ വര്‍ദ്ധനവിന്റെ ചിത്രം വ്യക്തമാവും. 
ജില്ലാതല പ്രവേശനോല്‍സവം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷതയുടെ സാംസ്‌കാരിക കേന്ദ്രങ്ങളാണ് പൊതുവിദ്യാലയങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം രാജ്യത്തിനു മാതൃകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ മേഖലയില്‍ കൂടുതല്‍ പണം ചെലവഴിക്കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ഒന്നാംക്ലാസ് വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കും ഒരുമിച്ച് പ്രവേശനോല്‍സവം നടക്കുന്നത്. വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരികയാണെന്നും ആവശ്യമായ അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എയുടെ നേതൃത്വത്തില്‍ നവാഗതരെ ആനയിച്ച് ഉദ്ഘാടനവേദിയിലേക്ക് പ്രവേശനോല്‍സവ റാലി നടത്തി. കാക്കവയല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രവേശനോല്‍സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും വേദിയില്‍ അരങ്ങേറി. 
   മുട്ടില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ഭരതന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് വയനാട് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.എം സെബാസ്റ്റിയന്‍ മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. ഹയര്‍സെക്കന്‍ഡറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുല്‍ കൃഷ്ണന്‍ അക്ഷരദീപം തെളിയിച്ചു. എസ്.എസ്.കെ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ജി.എന്‍ ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. മുട്ടില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍, സ്ഥിരംസമിതി അംഗം എന്‍.ബി ഫൈസല്‍, പി.ടി.എ പ്രസിഡന്റ് മഹേഷ് ബാബു, ഡി.ഡി.ഇ ഇബ്രാഹിം തോണിക്കര, ഡി.ഇ.ഒ ഹണി. ജി. അലക്‌സാണ്ടര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രസന്ന തുടങ്ങിയവര്‍ സംസാരിച്ചു. 
ബ്ലോക്ക് അടിസ്ഥാനത്തിലും പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളിലും പ്രവേശനോല്‍സവം നടന്നു. വിദ്യാഭ്യാസരംഗം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ പ്രൈമറി സ്‌കൂളുകളിലും ഐടി ലാബ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. എല്ലാ സ്‌കൂളുകളിലും പാഠപുസ്തകങ്ങളും യൂനിഫോമുകളും വിതരണം ചെയ്തു. യുപിഎസ്എ, എല്‍പിഎസ്എ വിഭാഗങ്ങളില്‍ അധ്യാപക നിയമനം പൂര്‍ത്തിയാക്കി. എല്‍പിഎസ്എ വിഭാഗത്തില്‍ മാത്രം 140 അധ്യാപകരെയാണ് നിയമിച്ചത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *