April 19, 2024

ഡോണ്‍ബോസ്‌കോ കോളജ് ആക്രമണം: നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി

0
ഡോണ്‍ബോസ്‌കോ കോളജ് ആക്രമണം: 
നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി

* 13 പേര്‍ ഏഴ് ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കണം

സുല്‍ത്താന്‍ ബത്തേരി: എസ്എഫ്‌ഐ മാര്‍ച്ചിനോടനുബന്ധിച്ച് ഡോണ്‍ബോസ്‌കോ കോളജ് ആക്രമിച്ച സംഭവത്തില്‍ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി. മാര്‍ച്ചില്‍ പങ്കെടുത്ത 13 പ്രവര്‍ത്തകരില്‍ നിന്നും കോളജിന് നഷ്ടപരിഹാരമായി എഴ് ലക്ഷത്തോളം രൂപ നല്‍കണമെന്നാണ് ബത്തേരി സബ് കോടതി വിധി പ്രഖ്യാപിച്ചതെന്ന് പ്രിന്‍സിപ്പല്‍ റവ.ഡോ.ജോയി ഉള്ളാട്ടില്‍, റെക്ടറും മാനേജരുമായ ഫാ.തോമസ് പൂവേലിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
2017 ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. മാര്‍ച്ചില്‍ പങ്കെടുത്ത എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍  കോളജിന്റെ ജനലും, ഗ്ലാസുകളും, മറ്റ് ഉപകരണങ്ങളും അടിച്ച് തകര്‍ക്കുകയായിരുന്നു. സംസ്ഥാനത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇതുപോലെ ഒരു ആക്രമണം ഉണ്ടായിട്ടില്ല.
സംസ്ഥാനമൊട്ടാകെ ഇത് ചര്‍ച്ച ചെയ്യപ്പെട്ടു. സംഘര്‍ഷത്തെത്തുടര്‍ന്ന് കോളജ് അടച്ചിട്ടു. പിന്നീട് പോലീസ് സംരക്ഷണത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. കോടതി നടത്തിയ തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതികളും പാര്‍ട്ടിയും കുറ്റക്കാരെന്ന് കണ്ടെത്തുകയും നഷ്ട പരിഹാരമായി മുഴുവന്‍ തുകയും നല്‍കാന്‍ ഉത്തരവിടുകയും ചെയ്യുകയായിരുന്നു. പോലീസ് സ്വമേധയ എടുത്ത കേസ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. 
ഹൈക്കോടതി വിധി അനുസരിച്ച് കോളജ് രാഷ്ട്രീയ രഹിത കാമ്പസായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പ്രത്യേക താത്പര്യമുള്ള രാഷ്ട്രീയ പ്രവര്‍ത്തനം പ്രത്യക്ഷമായോ, പരോക്ഷമായോ കാമ്പസില്‍ അനുവദനീയമല്ല. വിദ്യാര്‍ഥികള്‍ക്ക് സമാധാനപരമായി പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ഇങ്ങിനെയൊരു തീരമാനം എടുത്തിട്ടുള്ളത്. 
കോളജില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ പ്രവേശനം നേടിയ ജിഷ്ണു വേണുഗോപാല്‍ എസ്എഫ്‌ഐ പ്രസ്ഥാനത്തിനുവേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും പിന്തിരിയണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും പ്രവര്‍ത്തനം തുടരുകയായിരുന്നു. കോളജില്‍ നിന്നും ഉപാധികളോടെ സസ്പന്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളജിലേക്ക് പ്രകടനം നടത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news