April 20, 2024

വയനാട് ജില്ലയിലെ ദുരന്തസാധ്യത മേഖലകളില്‍ നിര്‍മ്മാണ നിയന്ത്രണം: ഉത്തരവിറങ്ങി.

0
കൽപ്പറ്റ: 

    പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ ദുരന്തസാധ്യതാ പ്രദേശങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തിനും ക്വാറി ഉള്‍പ്പെടയുളള ഖനന പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറക്കി. ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാറാണ് ഉത്തരവിറക്കിയത്. ദുരന്തനിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും ഉത്തരവിറക്കിയിരിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ച് ദുരന്തനിവാരണത്തിലൂന്നിയുള്ള വികസനങ്ങള്‍ക്കാണ് ജില്ലയില്‍ ഇനിമുതല്‍  പ്രധാന്യം നല്‍കുക. സാധാരണ ജനജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ദുരന്ത സാധ്യത മേഖലകളില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിങ്ങള്‍ക്കാണ് നിയന്ത്രണം വരിക. ഇത്തരത്തില്‍ കെട്ടിടങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും നിര്‍മ്മാണ അനുമതി നല്‍കണമെങ്കില്‍ ഉത്തരവ് പാലിക്കണം. കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിട നിയമങ്ങളും ചട്ടങ്ങളിലും  ദുരന്ത സാധ്യത മേഖലകളിലെ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച് പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

അനുശാസിക്കുന്ന നിയന്ത്രണങ്ങള്‍

ജില്ലാ ദുരന്ത നിവാരണ പ്ലാനിലെ അപകട സാധ്യത മാപ്പില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി അടയാളപ്പെടുത്തിയ സ്ഥലങ്ങളും അതിന്റെ അതിരില്‍ നിന്ന് 500 മീറ്റര്‍ ദൂരം വരെയുള്ള ഭാഗങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയായി കണക്കാക്കും. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണം ഉണ്ടാകും. വാണിജ്യാവശ്യത്തിനുള്ള വലിയ കെട്ടിടങ്ങള്‍ക്ക് അനുമതി ലഭിക്കില്ല. താമസിക്കാനുള്ള കെട്ടിടം, വിദ്യാഭ്യാസ സ്ഥാപനം, ആരാധനാലയം, ക്ലബ് പോലുള്ള സാമൂഹ്യ ആവശ്യത്തിനുള്ള കെട്ടിടം, ചെറുകിട വ്യവസായ യൂണിറ്റുകള്‍, ആശുപത്രി എന്നിവ നിര്‍മ്മിക്കാനുളള അനുമതി പരിശോധനയ്ക്ക് വിധേയമാക്കി മാത്രം നല്‍കും.ഈ മേഖലയിലെ കെട്ടിടങ്ങളുടെ  പരമാവധി വലിപ്പം 200 ചതുരശ്ര മീറ്ററും രണ്ടു നിലയും, ഉയരം എട്ടു മീറ്ററുമായി നിജപ്പെടുത്തിയിട്ടുണ്ട്. 

     ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയില്‍ ഖനനവും യന്ത്രം ഉപയോഗിച്ചുള്ള മണ്ണെടുപ്പും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അനുവദനീയമായ കെട്ടിടങ്ങളുടെ അസ്ഥിവാരം പണിയാനും, കിണര്‍ കുഴിക്കാനും, കെട്ടിടങ്ങള്‍ക്ക് ആവശ്യമായ സാനിറ്റേഷനും കുടിവെള്ള സൗകര്യവും ഒരുക്കാനുമുള്ള പ്രവൃത്തികള്‍ മാത്രമേ ഇത്തരം മേഖലകളില്‍ ഇനി മുതല്‍ അനുവദിക്കുക.  മണ്ണ് കുത്തനെ വെട്ടിയിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. മണ്ണ് ഇടിക്കുന്നത് ശാസ്ത്രീയമായി ഓരോ മൂന്നു മീറ്റര്‍ ഉയരം ഇടവിട്ടും രണ്ടു മീറ്ററെങ്കിലും വീതിയുള്ള തട്ടാക്കിയും മാത്രമേ അനുവദിക്കു.ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തേണ്ടത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ ഉത്തരവാദിത്വമാണ്. ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയിലുള്ള സ്വാഭാവിക നീര്‍ച്ചാലുകളെ തടസപ്പെടുത്തി യാതൊരു നിര്‍മാണവും അനുവദിക്കില്ല. സ്വാഭാവിക നീര്‍ച്ചാലുകളെ തടസപ്പെടുത്തി നിര്‍മ്മിച്ച എല്ലാ സ്വകാര്യ കൃത്രിമ ജലസംഭരണ സംവിധാനങ്ങളും സുരക്ഷിതമായി കാലിയാക്കുകയും അവയില്‍ വെള്ളം ശേഖരിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടിവെള്ള പദ്ധതിക്കായി നിര്‍മ്മിച്ച സംഭരണികളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

പരിശോധക്കാന്‍ സമിതി

    ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കെട്ടിടം തകര്‍ന്ന് പോകല്‍, കെട്ടിടം ഇടിഞ്ഞ് താഴ്ന്നുപോകല്‍ എന്നിവ നടന്ന സ്ഥലങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള അഞ്ചു നിലയില്‍ കൂടുതലുള്ള എല്ലാ കെട്ടിടങ്ങളുടെയും സുരക്ഷ വിദഗ്ധസമിതി പരിശോധിക്കും. ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയിലുള്ള വാസഗൃഹം അല്ലാത്ത എല്ലാ നിര്‍മിതികളും 200 ചതുരശ്ര മീറ്ററില്‍ അധികമുള്ള വാസഗൃഹങ്ങളും ഇതേ വിദഗ്ധസമിതിയുടെ നേതൃത്വത്തില്‍ പരിശോധിക്കും. എ.ഡി.എം കെ. അജീഷ് ചെയര്‍മാനായും ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ പി.യു ദാസ് കണ്‍വീനറുമായുള്ള ആറംഗ വിദഗ്ധ സമിതിയെയാണ് നിയോഗിച്ചിട്ടുളളത്. കോഴിക്കോട് എന്‍.ഐ.ടി (സിവില്‍ എന്‍ജിനീയറിംഗ്), കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനെജ്‌മെന്റ്, തിരുവനന്തപുരം നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് എന്നിവിടങ്ങളിലെ വിദഗ്ധരും ജില്ലാ ടൗണ്‍ പ്ലാനറും അടങ്ങുന്നതാണ് സമിതി.

     ഉരുള്‍പൊട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ നോട്ടീസ് നല്‍കി അടച്ച്പൂട്ടാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതികളുണ്ടെങ്കില്‍ ഒരുമാസത്തിനുള്ളില്‍ അന്തിമ തീരുമാനമെടുക്കണം. മറ്റു സ്ഥലങ്ങളിലും അനുമതിയില്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് തദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. ക്വാറികള്‍ നിബന്ധനകള്‍ പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് ജിയോളജിസ്റ്റ് സെപ്തംബര്‍ 20 മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തും. അല്ലാത്തവയുടെ പ്രവര്‍ത്തനം നിരോധിക്കും. ജിയോളജിസ്റ്റ് ,ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എന്നിവരടങ്ങിയ സംഘം നിലവില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ സോയില്‍ പൈപ്പിങ്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ മുതലായവ സംബന്ധിച്ചും പരിശോധന നടത്തണം. പരിശോധനാ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *