July 24, 2024

അന്യ സംസ്ഥാനത്ത് നിന്നുള്ള തിരിച്ചുവരവ്: അതിര്‍ത്തിയില്‍ പ്രവേശന കേന്ദ്രങ്ങള്‍ ഒരുക്കും

0

ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പെട്ട് പോയവരെ തിരികെ കൊണ്ടു വരുന്നതിന്  മുന്നോടിയായി അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പ്രവേശന കേന്ദ്രങ്ങളും ആസ്പത്രി സൗകര്യവും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. അപേക്ഷകള്‍ സംസ്ഥാന തലത്തില്‍ പരിഗണിച്ചു വരികയാണ്. തിരികെ കൊണ്ടുവരുന്നതുമായി 
നടപടി ക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം നിര്‍വ്വഹിക്കും. 
വഴി വാണിഭ കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ല. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതാണ്. 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് മാത്രമാണ് ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടത്. ഇവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം സാമൂഹിക അകലം പാലിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 
കുരങ്ങ്പനി രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പ്
മെയ് അവസാനത്തോടെ പൂര്‍ത്തിയാക്കും
കുരങ്ങ്പനി രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പ് മെയ് അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 5228 പേരാണ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചത്. ഇപ്പോള്‍ 2346 പേര്‍ക്ക് രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. എട്ട് പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി. ജില്ലയില്‍ അടുത്തിടെ മരിച്ച കേളുവിന്റെ മരണ കാരണം കുരങ്ങ് പനിയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ 3 മരണങ്ങളാണ്  കുരങ്ങ് പനിയുടേതായി സ്ഥിരീകരിച്ചിട്ടുള്ളത്. 
കുരങ്ങ് പനിയുടെ സാഹചര്യത്തില്‍ കോളനികള്‍ വൃത്തിയാക്കുന്നതിന് തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഏര്‍പ്പെടുത്തും.  കോളനികളില്‍ നിന്ന് വളര്‍ത്തു മൃഗങ്ങളെ കാടുകളില്‍ മേയാന്‍ വിടുന്നത് നിയന്തിക്കുന്നതിനായി പ്രത്യേക ആപ്പ് തയ്യാറാക്കും. എന്‍.ഐ.സിയ്ക്കാണ് ഇതിന്റെ ചുമതല.
ജില്ലയില്‍ 44 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കി
       കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞ 44 പേര്‍ കൂടി നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി.  നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 820 ആണ്. വ്യാഴാഴ്ച  ജില്ലയില്‍ 4 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 13 ആണ്. ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 412 സാമ്പിളുകളില്‍ നിന്നും 394 എണ്ണത്തിന്റെ ഫലം ലഭിച്ചു. 15 എണ്ണത്തിന്റെ പരിശോധന  ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ച 170 ഒഗ്‌മെന്റ് സാമ്പിളുകളില്‍ മുഴുവനും നെഗറ്റീവ് ആണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 14 ചെക്ക്  പോസ്റ്റുകളില്‍ 1913 വാഹനങ്ങളിലായി എത്തിയ   3094 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിശീലന പദ്ധതി
കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ആശ്വാസമായി കുടുംബശ്രീ. മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി പ്രത്യേക ഭവന പരിശീലന പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് കുടുംബശ്രീ ബഡ്‌സ് സ്‌കൂളുകള്‍. 
തെറാപ്പി ഉള്‍പ്പെടെയുള്ള പരിശീലന പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ  ഭിന്നശേഷിക്കാരായ കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും ഇവരെ നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കാത്ത സാഹചര്യത്തിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭവന പരിശീലന പദ്ധതിയുടെ ഭാഗമായി മികച്ച കൃഷിതോട്ടം ഒരുക്കുക, കിളികള്‍ക്ക് ദാഹജലം നല്‍ക്കുക,  പാഴ് വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മിതികള്‍,  കളറിംങ്ങ്, ചോദ്യോത്തര മത്സരങ്ങള്‍ തുടങ്ങിയ ലോക്ക് ഡൗണ്‍ ചലഞ്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ബഡ്‌സ് സ്‌കൂള്‍ അദ്ധ്യാപകര്‍ എല്ലാ ദിവസങ്ങളിലും വീഡിയോ കോളിലൂടെ കുട്ടികളുമായി സംസാരിച്ചാണ് അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നത്. 
ബഡ്‌സ് സ്ഥാപനങ്ങളില്‍ പഠിക്കാത്ത മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി പഞ്ചായത്ത് പ്രസിഡന്റുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, ബഡ്‌സ് സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍, എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്‌ക് മുഖാന്തരം ബഡ്‌സ് സ്ഥാപനങ്ങളില്‍ പഠിക്കുന്നതും അല്ലാത്തതുമായ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും മരുന്നുകള്‍, അവശ്യ സാധനങ്ങള്‍, മനശാസ്ത്ര വിദഗ്ദരുടെ കൗണ്‍സലിംങ് തുടങ്ങിയവ ലഭ്യമാക്കുന്നുണ്ട്. ജില്ലാ സമൂഹിക ക്ഷേമ വകുപ്പിന്റെ സഹായത്തോടെ വിദഗ്ദ ചികിത്സയും ഉറപ്പ് വരുത്തുന്നുണ്ട്.   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *