July 25, 2024

സര്‍ക്കാര്‍ പുറത്തിറക്കുന്ന ഉത്തരവുകളും ജില്ലാഭരണകൂടം എടുക്കുന്ന തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

0
കല്‍പ്പറ്റ: കൊവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കുന്ന ഉത്തരവുകളും, ജില്ലാഭരണകൂടം എടുക്കുന്ന തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കണമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ഉത്തരവുകള്‍ മുന്നറിയിപ്പില്ലാതെ മാറുന്നത് മൂലം ജനങ്ങള്‍ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഉത്തരവുകളും നിര്‍ദേശങ്ങളും അനുസരിച്ച് ജില്ലയിലേക്ക് വരുന്നവര്‍ പാതിവഴിയില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് തിരികെ നാട്ടില്‍ എത്താനുള്ള പാസ് നിര്‍ത്തിവെക്കുമെന്ന് വാര്‍ത്ത പരന്നതോടെയാണ് അതിര്‍ത്തികളില്‍ മതിയായ രേഖകളില്ലാതെ ആളുകളെത്താനുള്ള കാരണം. മറിച്ച് പ്രത്യേക തിയ്യതി വരെയുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായെന്നും, അതിന് ശേഷം പാസ് അനുവദിക്കുമെന്നുള്ള കൃത്യമായ ഉത്തരവും നിര്‍ദേശവുമായിരുന്നു വരേണ്ടിയിരുന്നത്. രജിസ്‌ട്രേഷന്‍ നടത്താതെ മുത്തങ്ങയിലെത്തിയവരോട് പുറപ്പെട്ട സംസ്ഥാനങ്ങളിലേക്ക് തന്നെ തിരിച്ചുപോകാനാണ് അധികൃതര്‍ ആവശ്യപ്പെട്ടത്. ഇത് പ്രായോഗികമായ കാര്യമില്ല. ഗര്‍ഭിണികളും, കുട്ടികളും രോഗികളുമടങ്ങുന്ന നിരവധി പേരാണ് ഇനി പാസ് അനുവദിക്കില്ലെന്ന് കേട്ട് അതിര്‍ത്തികളിലേക്ക് തിരക്കിട്ടെത്തിയത്. ഇത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. രജിസ്‌ട്രേഷന്‍ സംവിധാനങ്ങള്‍ തുടര്‍ന്നുകൊണ്ട് പാസ് അനുവദിക്കുന്ന തിയ്യതികളില്‍ മാറ്റം വരുത്തിക്കൊണ്ട് ആളുകളെ പ്രവേശിപ്പിക്കുമെന്ന ഉറപ്പായിരുന്നു നല്‍കേണ്ടിയിരുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങളില്‍ എത്തിയവരെ പാസുണ്ടെങ്കിലും അതിര്‍ത്തി കടത്തിവിടില്ല, രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ എത്തിയ പാസ് ഇല്ലാത്തവരെ തിരിച്ചയക്കും എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ ജില്ലാഭരണകൂടം നേരത്തെയെടുക്കേണ്ടതായിരുന്നു. മുത്തങ്ങയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണവും, സുരക്ഷാകവചവും കൃത്യമായി നല്‍കാന്‍ തയ്യാറാകണം. അതിര്‍ത്തികടന്നെത്തുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍, വയോധികര്‍, വികലാംഗര്‍, ഒറ്റക്ക് എത്തുന്ന പെണ്‍കുട്ടികള്‍ എന്നിവര്‍ക്കെല്ലാം പ്രത്യേക പരിഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  വയനാട്ടില്‍ മാത്രമല്ല, പലയിടത്തും കാര്യങ്ങള്‍ മോശമാണ്. വാളയാര്‍ ചെക്കുപോസ്റ്റില്‍ കഴിഞ്ഞ ദിവസം പാസുള്ളവരും ഇല്ലാത്തവരും ഒരുപോലെയെത്തിയപ്പോള്‍ കൊവിഡ് മാനദണ്ഡങ്ങളും നിര്‍ദേശങ്ങളുമെല്ലാം ലംഘിക്കപ്പെട്ടിരുന്നു. റെഡ് സോണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നുമെത്തിയ 340 പേരെയാണ് അവിടെ മാറ്റി നിര്‍ത്തിയത്. ഇത് പിന്നീട് സംഘര്‍ഷത്തിന് കാരണമാകുകയും ചെയ്തു. പിന്നീട് പാസില്ലാതെ വന്നവര്‍ പാസ് നല്‍കുവാനും കടത്തിവിടാനും തീരുമാനിച്ചപ്പോഴാണ് സംഘര്‍ഷം അയഞ്ഞത്. കാസര്‍ഗോഡ്, മഞ്ചേശ്വരം ചെക്കുപോസ്റ്റിലും സ്ഥിതി വഷളായിരുന്നു. സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ പാസ് നല്‍കുമെന്ന തീരുമാനം ഒഴിവാക്കിയതായിരുന്നു വിദ്യാര്‍ത്ഥികളടക്കമുള്ളവരെ ദുരിതത്തിലാക്കിയത്. ഇത്തരത്തില്‍ തീരുമാനങ്ങളും ഉത്തരവുകളും മാറ്റുന്നത് ഗുണത്തേക്കാളെറെ പലര്‍ക്കും ദോഷമായി തീരുകയാണ്. ആളുകള്‍  പരിഭ്രാന്തിയോടെ നാട്ടിലെത്താന്‍ കൂട്ടത്തോടെയെത്തുമ്പോള്‍ ഇത്രയും നാളും അടുക്കും ചിട്ടയോടും കൂടി പ്രാവര്‍ത്തികമാക്കിയ കൊവിഡ് മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും ലംഘി്ക്കാന്‍  ഇടയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *