July 24, 2024

അതിവർഷത്തെ നേരിടാൻ തയ്യാറെടുക്കുക.: ശാസ്ത്ര സാഹിത്യ പരിഷത്

0
 
രണ്ടുവർഷത്തെ തുടർച്ചയായ അതിവർഷത്തിനും പ്രളയത്തിനും, ഉരുൾപൊട്ടലുകൾക്കും ശേഷം കേരളം മറ്റൊരു മൺസൂൺ കാലത്തോടടുക്കുന്നു. ഈ വർഷവും മഴ സാധാരണയിൽ കൂടുതൽ ആയിരിക്കും എാണ് വിവിധ കാലാവസ്ഥ പ്രവചനങ്ങൾ സൂചിപ്പിക്കുത്. 
ഈ വർഷമാകട്ടെ കോവിഡ് എന്ന മഹാമാരിയോട്  എതിരിട്ടു ക്ഷീണിതരായ ഒരു സമൂഹമാണ് നാം എന്നത് മറക്കാവുന്നതല്ല. 
എങ്കിലും ദുരന്തം മുൻകൂട്ടി കാണാൻ കഴിയുന്ന ഒരു ജനതയായി നമ്മൾ മാറുകയും അതിനെ നേരിടാൻ സ്വയം സന്നദ്ധമായ ഒരു സമൂഹമായി നമ്മൾ ഉയരുകയും ചെയ്യേണ്ടിയിരിക്കുന്നു എന്ന് ശാസ്ത്ര സാഹിത്യ പരിഷത് ഓർമ്മിപ്പിക്കുന്നു .
കാലവർഷത്തോടനുബന്ധിച്ചു അറബിക്കടലിലും ഇന്ത്യൻ  മഹാസമുദ്രത്തിലും രൂപപ്പെട്ട  ന്യൂന മർദ്ദങ്ങളുടെ ഫലമായി  ഉണ്ടായ അതിവർഷമാണ് രണ്ടായിരത്തി പതിനെട്ടിലും  പത്തൊൻപതിലും കേരളത്തിൽ വലിയ ഉരുൾ പൊട്ടലുകൾക്കും  പ്രളയത്തിനും ഇടയാക്കിയത് . 
കഴിഞ്ഞ കുറെ വർഷങ്ങളായി മഴകുറവു  രേഖപ്പെടുത്തിയിട്ടുള്ള ഒരു ജില്ലയായിരുന്നു വയനാട്. 
2017 ൽ  37 % മഴ കുറവാണു വയനാട്ടിൽ  രേഖപ്പെടുത്തിയത്. എന്നാൽ  2018 ൽ  കേരളത്തിൽ  എല്ലായിടത്തും പെയ്തപോലെ വയനാട്ടിലും സാധാരണയിൽ  കൂടിയ മഴ ലഭിക്കുകയുണ്ടായി.
 2018 ൽ  വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ  10  മുതൽ  80  ശതമാനം വരെ കൂടുതൽ  മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
 ആഗസ്ത് 8 ,9 ,10  തീയതികളിൽ  അതി തീവ്രമഴയും ഉണ്ടായി
 2018 ൽ  ഉരുൾപ്പൊട്ടിയ പൊഴുതനയിലെ മേൽ മുറി  പ്രദേശത്തു ആഗസ്ത് മാസം മാത്രം 1455 മി മീ മഴ പെയ്തിട്ടുണ്ട്.  
പ്രധാന പുഴകളായ മാനന്തവാടി ബാവലി പനമരം പുഴകൾ   കരകവിഞ്ഞൊഴുകി വലിയതോതിലുള്ള ആഘാതങ്ങൾ  പുഴ തടങ്ങളിൽ  ഉണ്ടായി.
 2018ൽ  ജില്ലയിൽ  69 സ്ഥലങ്ങളിൽ  ഉരുൾപ്പൊട്ടലും  ആയിരത്തോളം ചെറുതും വലുതുമായ മണ്ണിടിച്ചിലും അൻതിലധികം ഇടങ്ങളിൽ  മണ്ണ് തെന്നിമാറൽ  പ്രതിഭാസങ്ങളും ഉണ്ടായി. 
127 ഗ്രാമങ്ങൾ  17 പഞ്ചായത്തുകളിലായി വെള്ളത്തിനടിയിലായി. 
10 മനുഷ്യ ജീവനുകൾ  നഷ്ടപ്പെട്ടു  തീർത്തും  കാർഷിക  ജില്ലയായ വയനാട്ടിൽ  കൃഷിനാശം ജനസംഖ്യയുടെ പകുതിയിലധികം ആളുകളെ ബാധിച്ചു.
2393 ഹെക്ടർ  നെല്ല്, 1028 ഹെക്ടർ  വാഴ, 53 ഹെക്ടർ  കാപ്പി, 40 ഹെക്ടർ  പച്ചക്കറി, 65 ഹെക്ടർ  ഇഞ്ചി, 13 ഹെക്ടർ  കുരുമുളക്, 8 ഹെക്ടർ  അടക്ക, 2 ഹെക്ടർ  തെങ്ങ് എന്നീ  വിളകൾ  പൂർണ്ണമായും നശിച്ചു.
2019 ലും ഇതു തുടർന്നു. പുത്തുമലയിൽ  അതിഭയങ്കരമായ ഉരുൾപൊട്ടൽ  ഉണ്ടായി. നൂറിലധികം വീടുകൾ  നാമാവശേഷമായി.  
17 മനുഷ്യ ജീവനുകൾ  നഷ്ട്ടപ്പെട്ടു.
*ഈ പശ്ചാത്തലത്തിൽ  കഴിഞ്ഞ രണ്ടു വർഷത്തിൽ വയനാട്ടിലെ അതിതീവ്ര മഴയും തുടർന്നുണ്ടായ ദുരന്തങ്ങളെയും സംബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്തും  ഹ്യൂം  സെന്റർ  ഫോർ  ഇക്കോളജിയും ചേർന്ന് ഒരു പഠനം നടത്തുകയുണ്ടായി*
മുൻ  വർഷങ്ങളിലെ മഴയുടെയും ഉരുൾപൊട്ടലുകളുടെയും  വിവരങ്ങളും, ഭൂപ്രകൃതിയുടെ ചരിവും, മണ്ണിന്റെ  ഘടനയും നീർച്ചാലുകളുടെ വിന്യാസവും കണക്കിലെടുത്തു ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗപെടുത്തികൊണ്ട്,  ഒരു പരിധിയിൽ  കൂടുതൽ  മഴ ലഭിച്ചാൽ  ഉരുൾ  പൊട്ടാൻ  സാധ്യതയുള്ള പ്രദേശങ്ങളെ പ്രവചിക്കാൻ  നമുക്ക് കഴിയും. 
ഇത്തരത്തിലുള്ള ഒരു ലഘു പഠനമാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി നടത്തിയത്. 
കൂടാതെ വയനാടിന്റെ  വിവിധ ഭാഗങ്ങളിൽ  കഴിഞ്ഞ 20 വർഷത്തിലുണ്ടായ മഴയുടെ അളവുകൾ വിശകലനം  ചെയ്യുകയും  ചെയ്‌തു.
☔☔☔☔
പഠന ഫലങ്ങൾ  (സംഗ്രഹം)
 
ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി തെക്കേ ഇന്ത്യയിൽ  മൺസൂൺ  കാലത്തു രൂപപ്പെടുന്ന  ന്യൂന മർങ്ങളുടെ ഫലമായി ഉണ്ടായ അതിതീവ്ര മഴയുടെ പരിണിത ഫലമാണ് കഴിഞ്ഞ രണ്ടുവർഷവും നാം കണ്ട  പ്രകൃതി ദുരന്തങ്ങൾ.
ഉയർന്ന കുന്നുകളും  ചരിവുകളും  നിറഞ്ഞ  വയനാടിന്റെ ഭൂപ്രദേശം പ്രകൃത്യാ  തന്നെ  അതിതീവ്രമഴയെ  താങ്ങുന്നതിന്ന് പ്രാപ്തി കുറഞ്ഞ വയാണ്.  
മനുഷ്യൻ അവന്റെ ജീവിത ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകൾ കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി നമ്മുടെ പ്രകൃതിയെ  കൂടുതൽ  ദുർബലപ്പെടുത്തിയിട്ടുണ്ട്. 
ഇത് പ്രകൃതി ദുരന്തങ്ങൾ മനുഷ്യജീവിതത്തിൽ ഉണ്ടാക്കിയ ആഘാതങ്ങൾ വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. 
പെട്ടെന്നുണ്ടായ ഒരു ആഘാതം എന്നതിനപ്പുറത്ത് പടിപടിയായി മനുഷ്യജീവിതം ഈ ഭൂഭാഗത്ത് ഉണ്ടാക്കിതീർത്ത  മാറ്റങ്ങളുടേയും അതിന്റെ ഭാഗമായുണ്ടായ പ്രതിസന്ധികളുടെയും തുടർച്ചയാണ് ഈ പ്രശ്നം.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വയനാടിന്റെ ചില ഭാഗങ്ങളിൽ അതി തീവ്ര മഴ ലഭിച്ചിരുന്നു 
(അതായത് 24 മണിക്കൂറിൽ 300  മുതൽ 500 വരെ )
2018 ൽ  കുറിച്യർമല പ്രദേശത്തു ആഗസ്ത് മാസത്തിൽ  മാത്രം 1466 മി മീ മഴ ലഭിച്ചു. 
എന്നാൽ  ഈ പ്രദേശത്തു കഴിഞ്ഞ 10 വർഷത്തിലെ, ആഗസ്ത് മാസത്തെ ശരാശരി മഴ 433 മിമീ മാത്രമാണ്
2019 ൽ ഉരുൾപൊട്ടിയ  പുത്തുമല  പ്രദേശത്തു 32 മണിക്കൂറിൽ  ഏകദേശം 800 നും 900  മിമീ നും ഇടയിൽ  മഴ ലഭിച്ചിട്ടുണ്ട്.
 
പശ്ചിമഘട്ട  മലനിരകളിലെ വിടവുകളിൽ  കൂടി ശക്തമായി വയനാടൻ  ഭൂഭാഗത്തേക്കു വീശുന്ന  കാറ്റിൻറെ ഗതിക്കൊപ്പം നീങ്ങുന്ന  വലിയ മഴമേഘങ്ങൾ  ഉയരം കൂടിയ മലതലപ്പുകളാൽ  ആകർഷിക്കപ്പെട്ട്  ഘനീഭവിച്ചാണ്   അതിതീവ്ര വർഷ പാതം ഉണ്ടാകുന്നത് .പടിഞ്ഞാറു വശത്തെ  കുറിച്യർ മലയുടെയും , തെക്കു ഭാഗത്തെ വെള്ളരിമലയുടെയും  ചെമ്പ്ര മലനിരകളുടെയും ഭൂമിശാസ്ത്ര  പരമായ കിടപ്പും ഈ പ്രകൃതി പ്രതിഭാസത്തിന്ന്  കാരണമാകുന്നുണ്ട്. 
2018ൽ  അതിതീവ്ര മഴയുണ്ടായത് കുറിച്യർ മല പ്രദേശത്തായിരുന്നു. 
2019 ൽ  അത് പുത്തുമല പ്രദേശതായിരുന്നു. 
ഇതിനു പ്രധാന കാരണം കാറ്റിന്റെ ഗതിയിലുള്ള മാറ്റം ആണ്. 
ഇതു പൊതുവെ അപ്രവചനീയമാണ്. 
എന്നാൽ  പെയ്യാൻ   പോകുന്ന  മഴയുടെ അളവ് ഒരു പരിധിവരെ ആധുനിക സാങ്കേതിക വിദ്യ കൊണ്ട് പ്രവചിക്കാൻ  പറ്റും. 
കാറ്റിന്റെ ഗതി മനസ്സിലാക്കിയാൽ  തീവ്രമഴ ലഭിക്കാൻ  സാധ്യതയുള്ള പ്രദേശങ്ങളെയും ഏകദേശം മനസ്സിലാക്കാം. 
ഇതിനായി പ്രാദേശിക കാലാവസ്ഥാ പ്രവചന സംവിധാനങ്ങളുടെ ആവശ്യം ഉണ്ട്.
വയനാട്ടിൽ  ഉരുൾപൊട്ടലുകൾക്കൊപ്പം വ്യാപകമായി  മണ്ണിടിച്ചിലും  ഉണ്ടായിട്ടുണ്ട്. 
പഠന വിശകലനം സൂചിപ്പിക്കുന്നത് ചരിവുകളെ     അശാസ്ത്രീയമായി  നിരത്തിക്കൊണ്ടുള്ള  നിർമ്മാണങ്ങളും, ചരിവുകൂടിയ പ്രദേശങ്ങളിൽ നിർമ്മിക്കുന്ന  മഴക്കുഴികളും  മലചെരിവുകളെ ദുർബലമാക്കി  ഉരുൾ പൊട്ടലുകൾക്കു കാരണമാകുന്നു. 
വർഷങ്ങളായി തുടർന്നുവരുന്ന  വനനശീകരണവും ഏകവിള  തോട്ടങ്ങളും  കൂടുതൽ  ഭൂപ്രദേശങ്ങളെ ഉരുൾപൊട്ടൽ സാധ്യതാ  പ്രദേശങ്ങളാക്കി  മാറ്റിയിട്ടുണ്ട്.
ഈ പഠനത്തിന്റെ  ഭാഗമായി വയനാട് ജില്ലയെ ഉരുൾപൊട്ടലിനും  പ്രളയത്തിനും  ഉള്ള  സാധ്യത പരിഗണിച്ച് മൂന്ന് മേഖലകളാക്കി തിരിച്ചിട്ടുണ്ട് 
തീവ്രസാധ്യതാ പ്രശേങ്ങൾ,  മിതസാധ്യതാ പ്രദേശങ്ങൾ,  ലഘുസാധ്യതാ പ്രദേശങ്ങൾ എന്നിങ്ങനെ. 
വയനാട്ടിലെ വടക്കു മുതൽ പടിഞ്ഞാറ്, തെക്കു ഭാഗത്തുള്ള പശ്ചിമഘട്ട മലമ്പ്രദേശങ്ങൾ ഉൾള്‍പ്പെടുന്ന  എല്ലാ ഭാഗങ്ങളും ഒരു അതി തീവ്ര മഴയുണ്ടായാൽ വലിയ തോതിലുള്ള ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളാണ്.  
കൂടാതെ ഭൂവിനിയോഗത്തിലുണ്ടായ  മാറ്റങ്ങൾ  മൂലം വയനാടിന്റെ കൂടുതൽ പ്രദേശങ്ങൾ ദുരന്ത  സാധ്യതാ  പ്രദേശങ്ങൾ ആയി  മാറിയിട്ടുണ്ട്. ഓരോ പഞ്ചായത്തിലെയും ദുർബലപ്രദേശങ്ങളെ പ്രത്യേകം അടയാളപ്പെടുത്തിക്കൊണ്ടുള്ള മാപ്പുകൾ പൂർണ്ണമായ പഠനറിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാന നിർദേശങ്ങൾ
മൂന്നു മേഖലകളിലും ഉൾപ്പെടുന്ന പഞ്ചായത്തുകൾ  ദുരന്ത നിവാരണ സേനയെ ഉപയോഗപ്പെടുത്തി  ഇത്തരം ദുരന്തങ്ങളെ  നേരിടുന്നതിനായി  കർമ്മ പരിപാടിയും സംവിധാനങ്ങളും വികസിപ്പിക്കണം.
ദുരന്ത സാധ്യതാ മേഖലകൾ   നിശ്ചയിക്കാൻ  ശാസ്ത്രസാഹിത്യ പരിഷത്തും ഹ്യൂം  സെന്റര്  ഫോർ  ഇക്കോളജിയും ചേർന്നു  നടത്തിയ പഠനത്തിൽ  തയാറാക്കിയ ദുരന്ത സാധ്യതാ ഭൂപടത്തെ ഉപയോഗപ്പെടുത്താം
30 ഡിഗ്രിയിലധികം ചരിവുകൂടിയ പ്രദേശത്തു താമസിയ്ക്കുന്ന ആളുകളുടെ എണ്ണം കണക്കാക്കി അവരെ പുനരധിവസിപ്പിക്കുതിനുള്ള സംവിധാനങ്ങൾ  തയാറാക്കി വെക്കണം.  30 ഡിഗ്രിയിൽ കുറഞ്ഞ ചരിവ് സ്ഥലങ്ങളിൽ പോലും മണ്ണിടിച്ചിൽ ശ്രദ്ധയിൽ പെട്ടിട്ടിട്ടുണ്ട് 
മഴ കൃത്യമായി മോണിറ്റർ  ചെയ്യുതിനുള്ള സംവിധാനങ്ങൽ  ജില്ലാതലത്തിൽ  ഏകോപിപ്പിക്കണം. 
ഇതിനായി  സർക്കാരിനു  പുറത്തുള്ള വിദഗ്ധസ്ഥാപനങ്ങളുടെ സേവനങ്ങൾ  കൂടി  ഉപയോഗപ്പെടുത്തണം.
മേപ്പാടി, മുപൈനാട്, വൈത്തിരി, പൊഴുതന, വെള്ളമുണ്ട, തൊണ്ടർനാട്, മാനന്തവാടി, തിരുനെല്ലി, മുട്ടിൽ, കോട്ടത്തറ എന്നീ  
പഞ്ചായത്തുകൾ  ഉരുൾ പൊട്ടൽ  സാധ്യതയുള്ള   ജാഗ്രത പുലർത്തേണ്ട പഞ്ചായത്തുകളാണ്.
റിപ്പോർട്ട് അടുത്ത ദിവസം ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റും സെക്രട്ടറി എം.കെ ദേവസ്യയും അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *