April 23, 2024

അശാസ്ത്രീയമായ സ്റ്റേഡിയം നിർമ്മാണത്തിനെതിരെ കുത്തിയിരിപ്പ് സമരം നടത്തും.

0
കല്‍പ്പറ്റ: കണിയാമ്പറ്റ പഞ്ചായത്ത് കീഴിലുള്ള കമ്പളക്കാട് പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നടക്കുന്നത് അശാസ്ത്രീയമായ നിര്‍മാണമാമെന്ന് ആരോപിച്ച് ഈമാസം ആറിന് പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് കമ്പളക്കാട് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് പഞ്ചാര, എ ജാസിം, മുത്തലിബ് പഞ്ചാര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രിക്കും കായിക യുവജനകാര്യ മന്ത്രി, പ്രതിപക്ഷ നേതാവ്, ജില്ലാ കലക്ടര്‍, നിയോജക മണ്ഡലം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, കണിയാമ്പറ്റ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം രൂപ ഉപയോഗിച്ചാണ് നിലവില്‍ ഗ്രൗണ്ടില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഈ പ്രവൃത്തികള്‍ ഇത്രയും വലിയ ഒരുതുക ദുരുപയോഗം ചെയ്യുന്നതിന് മാത്രമെ ഉപകരിക്കൂ. മഴക്കാലമായാല്‍ ചളിക്കളമാകുന്ന ഗ്രൗണ്ടില്‍ ആദ്യം നടത്തേണ്ട നവീകരണം ഡ്രൈനേജിനേക്കാള്‍ ഉയരത്തില്‍ ഗ്രൗണ്ട് മണ്ണിട്ട് നികത്തുകയാണ്. നിലവില്‍ ഡ്രൈനേജിന്റെ രണ്ടടിയോളം താഴ്ചയിലാണ് ഗ്രൗണ്ടുള്ളത്. ഇതുകൊണ്ട് തന്നെ മഴക്കാലത്ത് മുകളിലെ റോഡില്‍ നിന്നും കുത്തിയൊലിച്ചെത്തുന്ന വെള്ളമടക്കം ഗ്രൗണ്ടില്‍ കെട്ടിക്കിടക്കുകയാണ് ചെയ്യുന്നത്. ഇക്കാരണത്താല്‍ തന്നെ ഗ്രൗണ്ട് ശോചനീയാവസ്ഥയിലാണ്. ഇതിന് പുറമെ സമീപത്തുള്ളവര്‍ കന്നുകാലികളെ ഗ്രൗണ്ടില്‍ മേയാന്‍ വിടുന്നതും വാഹനങ്ങള്‍ ഗ്രൗണ്ടിലേക്കിറക്കുന്നതും ഗ്രൗണ്ടിന്റെ പരിതാപവസ്ഥക്ക് കാരണമാകുന്നുണ്ട്. 95 മീറ്റര്‍ നീളമാണ് നിലവില്‍ ഗ്രൗണ്ടിനുള്ളത്. ഒരു ഭാഗത്ത് ഗ്യാലറി പണിയുന്നതോടെ ഗ്രൗണ്ടിന്റെ വലിപ്പത്തില്‍ ഗണ്യമായ കുറവ് ഇനിയും വരും. ലെവന്‍സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ 110 മീറ്റര്‍ ഗ്രൗണ്ട് വേണമെന്നിരിക്കെ ജില്ലക്കും സംസ്ഥാനത്തിനും നിരവധി മിന്നും താരങ്ങളെ വാര്‍ത്തെടുത്ത് നല്‍കിയ ഗ്രൗണ്ടിനെ ആര്‍ക്കും ഉപകാരപ്പെടാത്ത രീതിയിലാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച തുക കൊണ്ട് ഗ്യാലറി നിര്‍മ്മിക്കുന്നതിന് പകരം തൊട്ടടുത്ത് ഗ്രൗണ്ടിന് ഉപയോഗ പ്രദമാക്കാവുന്ന സ്ഥലം വില നല്‍കി ഏറ്റെടുത്ത് ഗ്രൗണ്ട് 110 മീറ്റര്‍ നീളത്തിലാക്കുകയും മണ്ണിട്ട് നികത്തി കായികതാരങ്ങള്‍ക്ക് വരുംകാലങ്ങളിലും ഉപകാരപ്പെടുത്തുകയും വേണമെന്നാണ് തങ്ങള്‍ സമരത്തിലൂടെ ആവശ്യപ്പെടുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *