March 28, 2024

ബീച്ചനഹള്ളി ഡാമിലെ ജല വിതാനം ക്രമപ്പെടുത്തുന്നതിനായി മൈസുരു ജില്ലാ കളക്ടറുമായി ചര്‍ച്ച

0
ഡാം പരിപാലനത്തിന് അന്തര്‍ജില്ലാ കോ-ഓര്‍ഡിനേഷന്‍ 
സമിതിക്ക് ധാരണ
പ്രളയ കാലത്ത് ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുമ്പോഴുണ്ടാകുന്ന അടിയന്തര സ്ഥിതിഗതികള്‍ വിലയിരുത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വയനാട്-മൈസൂരു അന്തര്‍ ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ധാരണയായി.  പ്രളയ കാലത്ത് ജില്ലയില്‍ വെള്ളപ്പൊക്കം രൂക്ഷമാക്കുന്നത് തടയുന്നതിനായി വയനാട് ജില്ലാ കളക്ടര്‍ മൈസൂരു ജില്ലാ കളക്ടറുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് വര്‍ഷ കാലത്തെ ഡാം പരിപാലനത്തില്‍ ഇരു ജില്ലകളിലെയും അധികാരികളുടെ പരസ്പര സഹകരണമുണ്ടാക്കാന്‍ തീരുമാനിച്ചത്.
വര്‍ഷ കാലത്ത് കാരാപ്പുഴ, ബാണാസുര ഡാം ഷട്ടറുകള്‍ തുറക്കുമ്പോള്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത് ഒഴിവാക്കുന്നതിനായാണ് ബീച്ചനഹള്ളി ഡാമിലെ ജല വിതാനം ക്രമപ്പെടുത്തുന്നതിനായി മൈസുരു ജില്ലാ കളക്ടറുമായി ചര്‍ച്ച ചെയ്തത്.  ആദ്യമായാണ് മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ  അധികൃതര്‍ തമ്മില്‍ ഇത്തരമൊരു കൂടിക്കാഴ്ച നടത്തുന്നത്.  ഇരു ജില്ലകളിലെയും ഡാം പരിപാലന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അടങ്ങുന്നതായിരിക്കും പുതുതായി രൂപീകരിക്കുന്ന സമിതി.  പ്രളയകാലത്തെ ഡാമുകളിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാവും ഡാമുകളിലെ ജലവിതാനം ക്രമപ്പെടുത്തുന്നതില്‍ തീരുമാനമുണ്ടാകുക.
വയനാട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, മൈസുരു ജില്ലാ കളക്ടര്‍ അഭിരാം ജി ശങ്കര്‍, ഡാം റിസര്‍ച്ച് ആന്റ് സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ശ്രീധരന്‍, ഡാം റിസര്‍ച്ച് ആന്റ് സേഫ്റ്റി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി. മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *