May 1, 2024

പരിസ്ഥിതി ദിനം : വയനാട് ജില്ലയില്‍ 6.50 ലക്ഷം വൃക്ഷതൈകള്‍ നടും

0

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ രണ്ടു ഘട്ടങ്ങളിലായി 6.50  ലക്ഷം വൃക്ഷതൈകള്‍ നടും. സെപ്റ്റംബര്‍ മാസം വരെ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ തൈകള്‍ നടാനുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. സോഷ്യല്‍ ഫോറസ്ട്രി, തദ്ദേശ സ്വയംഭരണം, കൃഷി, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെ പൊതുസ്ഥലങ്ങളിലും തെരഞ്ഞെടുത്ത സ്വകാര്യഭൂമിയിലുമാണ് വൃക്ഷതൈകള്‍ നടുക. മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ 2 ലക്ഷം തൈകള്‍ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം തൈകള്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗവും ഒരുക്കിയിട്ടുണ്ട്. ഇവയും തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നടുക.  
   കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് ഘട്ടങ്ങളായി 2.5 ലക്ഷം തൈകളാണ് നടുക. ആദ്യ ഘട്ടത്തില്‍ 1.25 ലക്ഷം തൈകള്‍ നടും. ഫലവൃക്ഷ തൈകള്‍ക്കൊപ്പം സാധാരണ മരങ്ങളുടെ തൈകളും പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യാന്‍ കൃഷിഭവനുകളില്‍ എത്തിച്ചിട്ടുണ്ട്. അമ്പഴം,  ആര്യവേപ്പ്, മുള, ചമത, ചെറുനാരകം, കണികൊന്ന, കരിങ്ങാലി, കുമിഴ്, കുന്നിവാക, മഞ്ചാടി, മഹാഗണി, മന്ദാരം, മണിമരുത്, നീര്‍മരുത്, നെല്ലി, ഞാവല്‍, പേര, സീതപ്പഴം, താന്നി, ഉങ്ങ്, വാളന്‍പുളി, വേങ്ങ തുടങ്ങി ഇരുപതോളം ഇനങ്ങളില്‍പ്പെട്ട വൃക്ഷതൈകളാണ് സോഷ്യല്‍ ഫോറസ്ട്രി വകുപ്പ്  വിതരണം ചെയ്തിട്ടുള്ളത്. ബേഗൂര്‍, ചുഴലി, കുന്നമ്പറ്റ, മെലെകുന്താണി, താഴെകുന്താണി എന്നിവിടങ്ങളിലെ നഴ്‌സറികളില്‍ നിന്നാണ് തൈകള്‍ എത്തിക്കുന്നത്. 
ലോക പരിസ്ഥിതി ദിനമായ  ജൂണ്‍ 5 നു രാവിലെ 10.30 ന്  കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് തുടങ്ങിയവര്‍ പങ്കെടുക്കും. ബത്തേരി താലൂക്കില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യും. മാനന്തവാടി താലൂക്ക്തല ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ വള്ളിയൂര്‍ക്കാവ് ക്ഷേത്രപരിസരത്ത് തൈ നട്ട് നിര്‍വഹിക്കും. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് പങ്കെടുക്കും. പൂക്കോട് വെറ്റിനറി കോളേജില്‍ ഇന്‍സിറ്റിറ്റിയൂഷണല്‍ പ്ലാന്റിംഗിന്റെ ഭാഗമായി തൈ നടില്‍ ഉദ്ഘാടനം സൗത്ത് വയനാട് ഡിവിഷല്‍ ഫോറസ്റ്റ് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ നിര്‍വഹിക്കും. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ജില്ലയില്‍ ലോക പരിസ്ഥിതി ദിന ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news