October 6, 2024

വെട്ടത്തൂര്‍ ഗ്രാമത്തില്‍ ജീവിതസമരം തുടര്‍ന്ന് 19 കുടുംബങ്ങള്‍

0
Wyd Vettathur Village.jpg
കല്‍പറ്റ-കാടും കബനിയും അതിരിടുന്ന വെട്ടത്തൂര്‍ ഗ്രാമത്തില്‍ ജീവിതസമരം തുടര്‍ന്ന് 19 കുടുംബങ്ങള്‍. മഴക്കാലത്തു കാനന വഴികള്‍ അടയുമ്പോഴുള്ള ഒറ്റപ്പെടലും അനുദിനം വര്‍ധിക്കുന്ന വന്യജീവി ശല്യവും ദുരിതമയമാക്കുകയാണ് ഗ്രാമീണരുടെ ജീവിതം. വര്‍ഷകാലത്തും  സുഗമമായി ഗ്രാമത്തിനു പുറത്തുകടക്കാന്‍ ഉതകുന്ന വഴി വെട്ടത്തൂര്‍ നിവാസികളുടെ സ്വപ്‌നമായി അവശേഷിക്കുകയാണ്. 
പുല്‍പള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് വെട്ടത്തൂര്‍. കബനി നദിയാണ് ഗ്രാമത്തിനു  ഒരു വശത്ത്. കൊടുംകാടാണ് മറ്റുവശങ്ങളില്‍. പുല്‍പള്ളിയില്‍നിന്നു കുണ്ടുവാടിയിലൂടെയും പെരിക്കല്ലൂരിലൂടെയും വെട്ടത്തൂരിലെത്താം.ഏതു വഴിക്കായാലും കാട് ഒഴിവാക്കാനാകില്ല.പുല്‍പള്ളിയില്‍നിന്നു കുണ്ടുവാടിയിലൂടെ പത്തും പെരിക്കല്ലൂരിലൂടെ 12-ഉം കിലോമീറ്ററാണ് ഗ്രാമത്തിലേക്കു ദൂരം. 
13 വീടുകളാണ് വെട്ടത്തൂരില്‍. ഇതിലൊന്ന് ചെട്ടി സമുദായത്തില്‍പ്പെട്ട വെട്ടത്തൂര്‍ കൃഷ്ണന്റേതാണ്.പട്ടികവര്‍ഗത്തിലെ പണിയ,അടിയ വിഭാഗത്തില്‍പ്പെട്ടവരുടേതാണ് മറ്റു വീടുകള്‍. 12 വീടുകളിലായി 18 ആദിവാസി  കുടുംബങ്ങളാണ് താമസം. 
ഏഴു പതിറ്റാണ്ടു മുമ്പ് ആരംഭിച്ചതാണ് വെട്ടത്തൂരില്‍ മനുഷ്യവാസം.കൃഷ്ണന്റെ പൂര്‍വികരാണ് ആദ്യമെത്തിയത്. ഇവര്‍ കൃഷിപ്പണികള്‍ക്കായി ആദിവാസി കുടുംബങ്ങളെ കൊണ്ടുവരികയായിരുന്നു. നിലവില്‍ രണ്ട് ഏക്കര്‍  ലീസ് ഭൂമിയാണ് കൃഷ്ണന്റെ കൈവശം. 12 ആദിവാസി കുടുംബങ്ങള്‍ക്കു വനാവകാശ നിയമപ്രകാരം  ഓരോ ഏക്കര്‍ ഭൂമിയുടെ രേഖ നല്‍കിയിട്ടുണ്ട്. 
വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനു പെരിക്കല്ലൂര്‍ അങ്ങാടിയെയാണ് വെട്ടത്തൂരുകാര്‍ ആശ്രയിക്കുന്നത്. ഗ്രാമീണരില്‍ പലരും  കൂലിപ്പണിക്കു പോകുന്നതും പെരിക്കല്ലൂര്‍ ഭാഗത്താണ്. പെരിക്കല്ലൂര്‍ ഗവ.സ്‌കൂളിലാണ് കുട്ടികളുടെ പഠനം. 
വെട്ടത്തൂരില്‍നിന്നു പെരിക്കല്ലൂരിലേക്കുള്ള റോഡിലെത്താന്‍ കൊടും വനത്തിലൂടെ 600 മീറ്റര്‍ താണ്ടണം. വേനലില്‍ ആനകളെ പേടിച്ചാണെങ്കിലും ഇത്രദൂരം നടക്കാം. എന്നാല്‍ മഴക്കാലത്തു കാട്ടുവഴിയിലൂടെ കാല്‍നട ദുഷ്‌കരമാണ്. ഫോര്‍വീല്‍ ഡ്രൈവ് സൗകര്യമുള്ള ജീപ്പ് വീളിച്ചാണ് മഴക്കാലത്തു അത്യാവശ്യഘട്ടങ്ങളില്‍ ഗ്രാമീണര്‍ പുറത്തുപോകുന്നതും വരുന്നതും.  മഴക്കാലത്തു വെട്ടത്തൂരില്‍നിന്നു കുണ്ടുവാടിയിലേക്കുള്ള യാത്രയും പ്രയാസകരമാണ്. ഗ്രാമത്തില്‍ പെരിക്കലൂരിലേക്കുള്ള പാതയില്‍ കാട്ടിലൂടെയുള്ള ഭാഗം സഞ്ചാരയോഗ്യമാക്കുന്നതിനു വനം വകുപ്പ് പദ്ധതിയിട്ടെങ്കിലും ഫണ്ടിന്റെ അഭാവം വിലങ്ങുതടയാകുയാണ്. റോഡ് നിര്‍മാണത്തിനു 35 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. 
വെട്ടത്തൂരിലെ കൃഷിയിടങ്ങളില്‍ അടുത്തകാലത്താണ് കാട്ടാനശല്യം വര്‍ധിച്ചത്. വൈദ്യുത കമ്പിവേലി ഉണ്ടെങ്കിലും ഫലം ചെയ്യുന്നില്ലെന്നു ഗ്രാമീണര്‍ പറയുന്നു. കബനി കടന്നും ആനകള്‍ കൃഷിയിടത്തിലെത്തി വിളനാശം വരുത്തുന്നുണ്ട്. മാന്‍കൂട്ടങ്ങളും കൃഷിഭൂമി  മേച്ചില്‍പ്പുറമാക്കുകയാണ്. വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരവും ഗ്രാമീണരുടെ ചിരകാല ആവശ്യമാണ്. കാടിറങ്ങുന്ന ആനകളെ നിരീക്ഷിക്കുന്നതിനടക്കം  വെട്ടത്തൂരില്‍ വനം വകുപ്പ് വാച്ച് ടവര്‍ സ്ഥാപിച്ചിട്ടുണ്ട്.
പെരിക്കല്ലൂര്‍ ഗവ.സ്‌കൂളിനു കീഴില്‍ വെട്ടത്തൂരില്‍ 15 വര്‍ഷമായി  പഠനവീട്  പ്രവര്‍ത്തിക്കുന്നുണ്ട്. പത്തു വര്‍ഷം മുമ്പു വനം വകുപ്പാണ് പഠനവീടിനായി  ചെറിയ കെട്ടിടം നിര്‍മിച്ചു നല്‍കിയത്. വെട്ടത്തൂരിനു പുറത്തുള്ള മായ സജിക്കാണ് പഠനവീടിന്റെ ചുമതല. കഴിഞ്ഞ ദിവസം പഠനവീട്ടില്‍ ടെലിവിഷനും എത്തി. ഓണ്‍ലൈന്‍ ക്ലാസുകളുടെ പശ്ചാത്തലത്തില്‍ വയനാട് പ്രസ് ക്ലബാണ്  ടെലിവിഷന്‍ ലഭ്യമാക്കിയത്. ഗ്രാമീണരുടെ വിദ്യാഭ്യാസ പുരോഗതിയില്‍ പഠനവീട് വലിയ പങ്കുവഹിക്കുന്നുണ്ടെന്നു മായ സജി പറഞ്ഞു. വെട്ടത്തൂരില്‍നിന്നുള്ള ഒരാള്‍ പോലീസിലും രണ്ടു പേര്‍ വനം വകുപ്പിലും ജോലി ചെയ്യുന്നുണ്ട്. രണ്ടു പേര്‍ വയനാടിനു പുറത്തു സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാരാണ്. ഇവരെല്ലാം പഠനവീടിന്റെ സംഭാവനയാണെന്നു മായ സജി അഭിമാനത്തോടെ പറയുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *