എലിപ്പനി രോഗ ലക്ഷണങ്ങളോടെ 22 പേർ ചികിൽസ തേടി. :പ്രതിരോധത്തിന് 4 വ്യാഴാഴ്ചകളിൽ ഡോക്സി ഡേ
എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.
നൂൽപ്പുഴ സ്വദേശിയായ ഓമന (47 വയസ്സ്) ആണ് വിംസ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്. മൂന്ന് ദിവസം മുമ്പ് പനിയും ശരീര വേദനയുമായി നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും വിദഗ്ധ ചികിത്സക്കായി ബത്തേരി ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും അവിടെ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എലിപ്പനി ലക്ഷണങ്ങളോടെ മൂന്ന് പേർ കൂടി വിംസ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.
രോഗം സ്ഥിരീകരിച്ച് ഈ മാസം ഇത് വരെ ഒരാളും, രോഗ ലക്ഷണങ്ങളോടെ 22 പേരും ചികിത്സ നേടിയിട്ടുണ്ട്. മെയ് മാസത്തില്‍ 10 സ്ഥിരീകരിച്ച രോഗികളും, 14 പേര്‍ രോഗ ലക്ഷണങ്ങളോടെയും ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ മാസം എലിപ്പനി ലക്ഷണങ്ങളോടെ 2 പേര്‍ മരിച്ചിരുന്നു.
ഈ വര്‍ഷം ഇത് വരെ ചികിത്സ തേടിയതില്‍ 30 പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുകയും ഒരാള്‍ മരിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങളോടെ കഴിഞ്ഞ വര്‍ഷം ചികിത്സ തേടിയ 211 പേരില്‍ 4 പേരും മരിച്ചിരുന്നു.
എലിപ്പനി പ്രതിരോധത്തിന് ഡോക്സി ഡേ 25 മുതൽ 4 വ്യാഴാഴ്ചകളിൽ
തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍, ക്യഷിപ്പണിയിലേര്‍പ്പെടുന്നവര്‍, മലിന ജലവുമായി സമ്പര്‍ക്കമുണ്ടാകുന്ന തൊഴിലാളികള്‍ , ശുചീകരണ തൊഴിലാളികള്‍, മ്യഗ പരിപാലനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ ആഴ്ചയിലൊരിക്കല്‍ ഡോക്സി സൈക്ലിന്‍ 200mg ഗുളിക 4 ആഴ്ച കഴിക്കേണ്ടതാണ്. ഇത് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. ഇത്തരം ജോലികളിലേര്‍പ്പെടുന്നവര്‍ ആവശ്യമായ മറ്റു മുന്‍കരുതലുകളും അനുവര്‍ത്തിക്കേണ്ടതാണ്.
കൈകാലുകളിലെയും ശരീരത്തിലെയും മുറിവ്, വ്രണം എന്നിവയിലൂടെ എലിപ്പനി രോഗാണു(ലെപ്റ്റോ സ്പൈറ ബാക്ടീരിയ) ശരീരത്തില്‍ കടന്നാണ് രോഗമുണ്ടാകുന്നത്. വളംകടി പോലുള്ള ചെറിയ വ്രണങ്ങളിലൂ ടെയോ മുറിവിലൂടെയോ രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കാം.
പ്രധാനമായും എലി മൂത്രത്തില്‍ നിന്നാണ് രോഗാണു വെളളത്തിലും ഭക്ഷണത്തിലും കലരുന്നത്. ചെളിയിലും വെളളത്തിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍ കൈയ്യുറയും, കാല്‍മുട്ടുവരെ മൂടുന്ന ബൂട്ടും ധരിക്കണം. ജോലി കഴിഞ്ഞ് കൈകാലുകള്‍ സോപ്പും, വെളളവും ഉപയോഗിച്ച് കഴുകണം. തുടക്കത്തില്‍ ചികിത്സ ലഭിച്ചാല്‍ എലിപ്പനി പൂര്‍ണ്ണമായും ഭേദമാക്കാവുന്ന രോഗമാണ്.
എലിപ്പനി ബാധിതരില്‍ മഞ്ഞപ്പിത്ത ലക്ഷണം കാണപ്പെടുന്നതിനാല്‍ ശരിയായ ചികിത്സ തക്കസമയത്ത് ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാനും, മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. എലിപ്പനി ബാധിത പ്രദേശങ്ങളിലുളളവര്‍ പനി, ശരീര വേദന, തലവേദന, പേശീവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ സ്വയം ചികിത്സിക്കാതെ വിദഗ്ധ ചികിത്സ തേടണം. കണ്ണില്‍ ചുവപ്പ് നിറമുണ്ടാകുന്നതും, മൂത്രത്തിന്‍റെ അളവ് കുറയുന്നതും എലിപ്പനി ഗുരുതരമാകുന്നതിന്‍റെ ലക്ഷണങ്ങളാണ്. എലിപ്പനി മൂലമുള്ള മരണം തടയുന്നതിന് പ്രതിരോധ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഡോ. ആർ. രേണുക,
ജില്ലാ മെഡിക്കല്‍ ഓഫീസര്‍( ആരോഗ്യം)വയനാട് .
Leave a Reply