April 26, 2024

ഓണം ഇത്തവണ സ്വന്തം വീട്ടില്‍; ലൈഫില്‍ ബിന്ദുവിന് കിട്ടിയത് വീടിനൊപ്പം ജീവിതവും

0
Whatsapp Image 2020 08 29 At 12.42.03 Pm.jpeg


ഇത്തവണ ഓണാഘോഷം ദുരിതാശ്വാസ ക്യാമ്പിലോ, ബന്ധുവീട്ടിലോ അല്ല; സ്വന്തം വീട്ടിലാണെന്ന സന്തോഷം പങ്കുവെക്കുകയാണ് തരിയോട് തയ്യില്‍ കോളനിയിലെ ബിന്ദുവും കുടുംബവും. കഴിഞ്ഞ 12 വര്‍ഷമായി ബിന്ദുവിന്റെ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന കുടുംബം നാല് വര്‍ഷം മുമ്പാണ് കോളനിയില്‍ തന്നെ മൂപ്പന്‍ നല്‍കിയ അഞ്ച് സെന്റ് സ്ഥലത്തെ ഷീറ്റ് മറച്ച ഒറ്റ മുറിയിലേക്ക് താമസം മാറിയത്. 

കാലവര്‍ഷം തുടങ്ങിയാല്‍ വീടിന് മുന്നിലുള്ള തോട് കര കവിഞ്ഞ് വെള്ളം കയറുന്നത് പതിവായിരുന്നു. അതിനിടെ രണ്ട് വര്‍ഷം തുടര്‍ച്ചയായി സംഭവിച്ച മഹാപ്രളയവും. ഈ സമയങ്ങളില്‍ ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പിലുമാണ് അഭയം പ്രാപിച്ചിരുന്നത്. ഓരോ വര്‍ഷവും വെള്ളം കയറിയിറങ്ങുമ്പോള്‍ വെള്ളത്തോടൊപ്പം വീട്ടിലെ പാത്രങ്ങളും, തുണികളും ഉള്‍പ്പെടെയെല്ലാം ഒലിച്ച് പോയിട്ടുണ്ടാവും. ബാക്കിയാവുന്നത് കെട്ടിക്കിടക്കുന്ന ചെളി മാത്രമാണെന്ന് ബിന്ദു പറയുന്നു. 

അടച്ചുറപ്പുള്ള സ്വന്തം വീടെന്നത് കൂലിപ്പണിക്കാരായ ബിന്ദുവിനും ബാലനും സ്വപ്‌നം മാത്രമായിരുന്നു. അതിനിടെയാണ് വാര്‍ഡ് മെമ്പര്‍ വഴി ലൈഫ് ഭവന പദ്ധതിയില്‍ വീടിന് അപേക്ഷ നല്‍കുന്നത്. എന്നാല്‍ വേഗത്തില്‍ വീട് പണി പൂര്‍ത്തിയാക്കി താമസിക്കാന്‍ സാധിക്കുമെന്ന് കരുതിയില്ലെന്ന് ബിന്ദു പറഞ്ഞു. ഇനി ഒന്നും ഒലിച്ച് പോവില്ലെന്നും രാത്രി മഴയും കാറ്റും ഭയപ്പെടുത്തില്ലെന്നുമുള്ള ആശ്വാസത്തിലാണ് കുടുംബം. 

തരിയോട് ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡിലെ തയ്യില്‍ കോളനിയില്‍ താമസിക്കുന്ന ബിന്ദുവിനും ഭര്‍ത്താവ് ബാലനും ലൈഫില്‍ ലഭിച്ചത് വീട് മാത്രമല്ല, ജീവിതം തന്നെയാണ്. പദ്ധതിയുടെ ഭാഗമായി 90 ദിവസത്തെ തൊഴിലുറപ്പ് പണി ലഭിച്ചു. കോഴി അല്ലെങ്കില്‍ ആട് വളര്‍ത്തലിനുള്ള സഹായം ഉടന്‍ നല്‍കും. പുതിയ വീട്ടില്‍ ഓണാഘോഷത്തിലാണ് ബിന്ദുവും ഭര്‍ത്താവ് ബാലനും. പുതിയ വീട്ടിലെ തറയിലിരുന്ന് ഓണസദ്യ കഴിക്കാമെന്ന സന്തോഷത്തിലും വൃത്തിയില്‍ പൂക്കളം ഒരുക്കാമെന്ന ആവേശത്തിലുമാണ് മക്കളായ വിഷ്ണുവും ബിബിനും ശരത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *