April 29, 2024

കുഞ്ഞു ചോദ്യങ്ങളിൽ വലിയ കാര്യങ്ങൾ: ഉത്തരങ്ങളുമായി കലക്ടർ ഡോക്ടർ അദീല അബ്ദുള്ള

0
Img 20200923 Wa0166.jpg
കൽപ്പറ്റ: 
'എനിക്കും കളക്ടറാവണം, കോവിഡ് കാലത്ത് സ്കൂളിൽ പോയില്ലെങ്കിലും വീട്ടിലിരുന്ന് ഞാൻ പഠിക്കുന്നുണ്ട്'. ശിശു സംരക്ഷണ വകുപ്പിൻ്റെ ടേക്ക് ഓഫ് സംവാദ പരിപാടിയിൽ വയനാട്    ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയെ തേടി എത്തിയ ആദ്യ ചോദ്യം ഇതായിരുന്നു. തിരക്കുകൾക്കിടയിലും കുട്ടികളുമായി സംവദിക്കാൻ എത്തിയ ജില്ലാ കളക്ടർ ചെറിയ വാക്കുകളിൽ വലിയ പ്രചോദനമാണ് അവർക്ക് നൽകിയത്. കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക സമ്മർദ്ദം എങ്ങനെ കുറയ്ക്കാം എന്ന ആശയങ്ങൾ പങ്ക് വെക്കുന്ന ഒമ്പതാം ക്ലാസ്സുകാരിയുടെ യൂട്യൂബ് ചാനലിന് പ്രോത്സാഹനം ആവശ്യപ്പെട്ടായിരുന്നു മറ്റൊരു ഫോൺ വിളി. തങ്ങളുടെ കുട്ടി സംരഭങ്ങളും ആഗ്രഹങ്ങളും പങ്ക് വെക്കുന്നതിനോടൊപ്പം ആശങ്കകളും കളക്ടറെ അറിയിക്കാൻ കുട്ടികൾ മറന്നില്ല. കളിക്കാൻ മൈതാനവും പഠിക്കാൻ ടെലിവിഷനുമായിരുന്നു പലരുടെയും ആവശ്യം. അതിനോടൊപ്പം സ്കൂൾ തുറക്കാത്തതിൻ്റെ ആകുലതകളും അവർ പങ്ക് വെച്ചു. 
                                                           
ജില്ലാ ഭരണ കൂടവും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി തയ്യാറാക്കിയ  ടേക്ക് ഓഫ് പദ്ധതിയുടെ ആദ്യ ദിവസത്തിലാണ് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള കുട്ടികളുമായി സംവദിച്ചത്.
വരും ദിവസങ്ങളിൽ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ കുട്ടികളുമായി സംസാരിക്കും.
എല്ലാ ബുധനാഴ്ചകളിലും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് ടേക്ക് ഓഫ് പദ്ധതി പ്രകാരം  സംവദിക്കാന്‍ അവസരം. ഇതിനായി 9526804151 എന്ന ടോള്‍ഫ്രീ നമ്പറിൽ ബന്ധപ്പെടണം.  മൂന്ന് മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് ടേക്ക് ഓഫീലൂടെ സംസാരിക്കാന്‍  അവസരം ഒരുക്കിയിട്ടുള്ളത്. വനിത ശിശു വികസന ഓഫീസർ കെ.ബി. സൈന, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.കെ. പ്രജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *