ആദ്യം ഒരു നാടിനെ അവഹേളിച്ചു : പിന്നെ ആശ്വാസം: ഇപ്പോൾ അഭിനന്ദന പ്രവാഹം.

സി.വി. ഷിബു.
കൽപ്പറ്റ:
വാളാട്ടുകാർ. അവഹേളനത്തോടെയും സാമുദായിക വിവേചനത്തോടെയുമാണ് രണ്ട് മാസത്തോളം സോഷ്യൽ മീഡിയ ആ പേര് പരാമർശിച്ചത്. കൊറോണ കാലത്ത് മരണ വീട്ടിൽ നിന്നും വിവാഹ വീട്ടിൽ നിന്നും വൈറസ് ബാധ ഉണ്ടായതിനെ തുടർന്ന് വാളാട് പ്രദേശത്തുകാർ കേൾക്കാത്ത പഴികളില്ല. അപമാനഭാരം കൊണ്ട് പലരും തങ്ങളുടെ പ്രദേശത്തിന്റെ പേര് പോലും ഉച്ചരിക്കാൻ മടിച്ചു. വയനാട് ജില്ലയിലെ ഏറ്റവും വലിയ കോവിഡ് ക്ലസ്റ്റർ ആയിരുന്നു തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് .284 രോഗികളാണ് ജൂലൈ മുതൽ രണ്ടുമാസംകൊണ്ട് ഇവിടെ രോഗികളായി ചികിത്സ തേടിയത്. സെപ്റ്റംബർ 11 ന് വാളാട് ക്ലസ്റ്റർ പൂർണമായും രോഗ മുക്തം ആയതായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു.
രോഗ മുക്തരായ ഏതാനും ചെറുപ്പക്കാർ ഇപ്പോഴത്തെ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്തതാണ് ഇപ്പോൾ ഈ നാടിന്റെ അഭിമാനം . ലോക ഹൃദയ ദിന ത്തിൽ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ എത്തി ചെറുപ്പക്കാർ പ്ലാസ്മ ദാനം ചെയ്തു . കോവിഡ്
ബാധിധരായതിന് ശേഷം നെഗറ്റീവ് ആയ വാളാട് സ്വദേശികളായ ഒരു കൂട്ടം ചെറുപ്പക്കാരാണ് മാനന്തവാടി ബ്ലഡ് ബാങ്കിലെത്തി മാതൃക പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കോവിഡ് ബാധിധരായി ചികിത്സയിൽ കഴിയുന്ന നിരവധി രോഗികളാണ് ഇതിന്റെ ഫലം അനുഭവിക്കുക.മഹാപരീക്ഷണം നേരിട്ട് കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരി കാലത്തും ഇത്തരം ശ്ലാഘനീയമായ പ്രവർത്തനങ്ങൾ നടത്തുക വഴി സമൂഹത്തിൽ മാതൃകകൾ സൃഷ്ടിക്കാൻ ഇവർക്ക് സാധിച്ചു. രക്‌തദാനം നടത്തിയ മോയിൻ കാസ്മി, കെ. സി. റഊഫ്, സഹീർ , അയ്യൂബ് നൊച്ചി , അർശാദ് കോട്ടിയാർ, ഹാരിസ് നൊട്ടൻ എന്നിവർക്ക് ഡോ. വിനൂജ സർട്ടിഫിക്കറ്റ് നൽകി.ഒരു കാലത്ത് വലിയ അവഹേളനങ്ങൾ ഏറ്റുവാങ്ങിയ ഇവർക്ക് ഇപ്പോൾ നാടിൻറെ നാനാഭാഗത്തുനിന്നും അഭിനന്ദന പ്രവാഹമാണ് .



Leave a Reply