September 27, 2023

തോട്ടം തൊഴിലാളികളുടെ ഭവന നിര്‍മ്മാണത്തിന് പീവീസ് ഗ്രൂപ്പ് ഒരേക്കര്‍ സ്ഥലം സൗജന്യമായി നല്‍കി

0
Peevees-Group.jpeg


വയനാട് ജില്ലയിലെ ഭൂരഹിത- ഭവനരഹിത തോട്ടം തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ നേതൃത്വത്തിലുള്ള നിലമ്പൂരിലെ പീവീസ് ഗ്രൂപ്പ് (ബ്രിഡ്ജ് വേ) ഒരേക്കര്‍ ഭൂമി സര്‍ക്കാറിന് സൗജന്യമായി നല്‍കി. മേപ്പാടി കോട്ടപ്പടി വില്ലേജില്‍ സ്ഥിതി ചെയ്യുന്ന, പീവീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചെമ്പ്ര എസ്റ്റേറ്റിലാണ് ഒരേക്കര്‍ ഭൂമി സര്‍ക്കാറിന് സൗജന്യമായി നല്‍കിയത്. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പീവീസ് ഗ്രൂപ്പിനു വേണ്ടി ചെമ്പ്ര എസ്റ്റേറ്റ് ഡയറക്ടര്‍ പി.വി അലി മുബാറക് ഭൂമിയുടെ രേഖകള്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള എന്നിവര്‍ക്ക് കൈമാറി. പീവീസ് ഗ്രൂപ്പ് മാനേജ്‌മെന്റ് പ്രതിനിധി അഡ്വ.വി. അന്‍വര്‍ സാദത്ത്, ഡെപ്യൂട്ടേഷനിലുള്ള ജില്ലാ ലേബര്‍ ഓഫീസര്‍ കെ. സുരേഷ് സംബന്ധിച്ചു.

സംസ്ഥാന തൊഴില്‍ വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇവിടെ ഭൂരഹിത- ഭവനരഹിത തോട്ടം തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. വളരെ പെട്ടെന്ന് ഇവിടെ വീട് നിര്‍മിക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. സമൂഹത്തില്‍ ഏറ്റവും പാവപ്പെട്ട വിഭാഗങ്ങളിലൊന്നായ തോട്ടം തൊഴിലാളികള്‍ക്ക് വീടുവെക്കുന്നതിനായി പ്ലാന്റേഷന്‍ വകുപ്പില്‍ നിന്നുള്ള സ്‌പോണ്‍സര്‍ഷിപ്പായി നാല് കോടി രൂപയുണ്ടെന്നും ഇതിന് സ്ഥലം ലഭ്യമല്ലാതിരുന്ന പ്രശ്‌നം പരിഹരിക്കപ്പെട്ടിരിക്കുകയാണെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു. വളരെ പെട്ടെന്ന് സ്ഥലം തരാനും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും മുന്നോട്ടു വന്ന എം.പിയെ എം.എല്‍.എയും കലക്ടറും അഭിനന്ദിച്ചു. ഇവിടെ വീടുകളുടെ നിര്‍മ്മാണ ഉദ്ഘാടനം തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ഉടന്‍ നിര്‍വ്വഹിക്കും.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *