ദീര്‍ഘകാല കാര്‍ഷിക – കാര്‍ഷികാനുബന്ധ വായ്പ: കേരള ബാങ്കില്‍ പ്രത്യേക വായ്പ കാമ്പയിന്‍ ആരംഭിച്ചു.
നബാര്‍ഡ് ധനസഹായത്തോടെയുള്ള ദീര്‍ഘകാല കാര്‍ഷിക / കാര്‍ഷികാനുബന്ധ ആവശ്യങ്ങള്‍ക്കുള്ള വായ്പയുടെ വിതരണവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന സഹകരണ ബാങ്ക് കോഴിക്കോട് റീജിയണില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെ പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കര്‍ഷകരെ കരകയറ്റുക, കാര്‍ഷിക / കാര്‍ഷികാനുബന്ധ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
കൃഷിതോട്ടങ്ങളുടെ നിര്‍മ്മാണം, ഹൈടെക് -ഗ്രീന്‍ ഹൗസ് – പോളിഹൗസ് ഫാമിങ്ങ്, ട്രാക്ടര്‍, പവര്‍ടില്ലര്‍, കൊയ്ത്ത് – മെതിയന്ത്രങ്ങള്‍ തുടങ്ങിയ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങിക്കല്‍, കാര്‍ഷികാവശ്യങ്ങള്‍ക്കായി കിണര്‍ കുഴിക്കല്‍, കുഴല്‍ക്കിണര്‍ നിര്‍മ്മാണം, നിലവിലുള്ള കിണറിന്റെ നവീകരണം, ഡ്രിപ്പ് ഇറിഗേഷന്‍, ലിഫ്റ്റ് ഇറിഗേഷന്‍, പമ്പ് ഹൗസ് സ്ഥാപിക്കല്‍, ഭൂമി കൃഷിയോഗ്യമാക്കല്‍, നിലവിലുള്ള കൃഷിഭൂമിയുടെ വികസനവുമായി ബന്ധപ്പെട്ട് കയ്യാലകെട്ടല്‍, ബണ്ട് നിര്‍മ്മാണം, വേലികെട്ടല്‍, തേനീച്ച വളര്‍ത്തല്‍, പശു, പോത്ത്, എരുമ, ആട് തുടങ്ങിയവ വളര്‍ത്തല്‍, മത്സ്യകൃഷി, കോഴിഫാം ആരംഭിക്കല്‍ തുടങ്ങി വിവിധങ്ങളായ സംരംഭങ്ങള്‍ക്ക് പരമാവധി 15 വര്‍ഷം വരെയുള്ള കാലാവധിയില്‍ വായ്പ ലഭ്യമാക്കും. കൃഷിക്കാര്‍ സമര്‍പ്പിക്കുന്ന സംരംഭങ്ങളെക്കുറിച്ച് വിശദമായ പരിശോധന നടത്തി നബാര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് വായ്പ നല്‍കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട്, വയനാട് ജില്ലകളിലെ കേരള ബാങ്ക് ശാഖകളുമായി ബന്ധപ്പെടണമെന്ന് റീജിയണല്‍ ജനറല്‍ മാനേജര്‍ കെ പി അജയകുമാര്‍ അറിയിച്ചു.



Leave a Reply