April 26, 2024

പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ സാധിച്ചു : മുഖ്യമന്ത്രി പിണറായി വിജയന്‍

0
Img 20201001 Wa0276.jpg
ക്ഷീര ഗ്രാമം പദ്ധതി കൂടുതല്‍ പഞ്ചായത്തുകളില്‍ വ്യാപിപ്പിച്ചതോടെ പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ സംസ്ഥാനത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്ഷീര ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വനം – മൃഗസംരക്ഷണം – ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാനത്ത് 25 പഞ്ചായത്തുകളിലാണ് ക്ഷീര ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. ക്ഷീര ഉദ്പാദനത്തിന് സാധ്യതയുള്ളതും ക്ഷീര വികസനത്തിന് അനുയോജ്യവുമായ പഞ്ചായത്തുകളെയാണ് പദ്ധതിയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതിയിലൂടെ ക്ഷീര കര്‍ഷകരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനമാണ് ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ സംരംഭകര്‍ക്ക് പ്രയോജനകരമാവുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നിലവിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ പശുവിനെ ലഭ്യമാക്കാനും പദ്ധതിയിലൂടെ സാധിക്കും. പശുവിനെയും കിടാരിയെയും വാങ്ങുന്നതിനും ധനസഹായം ലഭിക്കും. പദ്ധതിയുടെ നടത്തിപ്പിനായി ഓരോ പഞ്ചായത്തിനും 50 ലക്ഷം രൂപ വീതമാണ് നല്‍കുന്നത്. കൂടാതെ പദ്ധതിയുടെ ഭാഗമായി ഗുണനിലവാരമുളള പാല്‍ സംഭരണത്തിനായി 294 ക്ഷീര സംഘങ്ങള്‍ക്ക് പാല്‍ സംഭരണ മുറികള്‍ തയ്യാറാക്കുന്നതിനുള്ള ധനസഹായവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ജില്ലയില്‍ കോട്ടത്തറ പഞ്ചായത്തിനെയാണ് ക്ഷീര ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുത്തത്. 115 പശുക്കളെ പദ്ധതിയുടെ ഭാഗമായി വാങ്ങുവാന്‍ സാധിക്കുന്നതിനൊപ്പം 1100 ലിറ്റര്‍ പാലിന്റെ അധിക ഉത്പാദനവും പഞ്ചായത്തിലുണ്ടാവും. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പഞ്ചായത്ത്തല ഉദ്ഘാടന ചടങ്ങില്‍ കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ക്ഷീര വികസന ഓഫീസര്‍ കെ.ആര്‍. പ്രീതി, ക്ഷീര വികസന വകുപ്പ് ഗുണ നിയന്ത്രണ ഓഫീസര്‍ ഇ.എം. പത്മനാഭന്‍, കല്‍പ്പറ്റ ക്ഷീര വികസന ഓഫീസ് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ധന്യ കൃഷ്ണന്‍, ക്ഷീര സംഘം പ്രസിഡന്റുമാരായ ആന്റണി വര്‍ക്കി, ഒ.വി. അപ്പച്ചന്‍, വെണ്ണിയോട് ക്ഷീര സംഘം ഭരണ സമിതിയംഗം എം.സി. സത്യന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *