ജില്ലയിലെ 21 പൊതുവിദ്യാലയങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാകും : കെട്ടിടോദ്ഘാടനവും തറക്കല്ലിടലും 3 ന്

കൽപ്പറ്റ:
ജില്ലയിലെ 21 പൊതുവിദ്യാലയങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നാല് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 17 സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും ഒക്ടോബര്‍ 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. രാവിലെ 9.30 നാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം. തുടര്‍ന്ന് 10.30 ന് 17 സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കും. കിഫ്ബി പദ്ധതിയിലും സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടിലും ഉള്‍പെടുത്തിയുമാണ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. 36 കോടി രൂപയാണ് പുതിയ നിര്‍മാണ പ്രവൃത്തികള്‍ക്കായി ചെലവഴിക്കുന്നത്. 74 കോടി രൂപയാണ് പൂര്‍ത്തീകരിച്ച കെട്ടിടങ്ങളുടെ നിര്‍മാണചെലവ്.
സംസ്ഥാനത്താകെ 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. ചടങ്ങില്‍ പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യാഥിതിയാവും. ധനമന്ത്രി ഡോ. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും. എം.എല്‍.എമാരായ ഒ. ആര്‍ കേളു, സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ ജില്ലയില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കും.
* 4 സ്‌കൂളുകളില്‍ പുതിയ കെട്ടിടങ്ങള്‍*
പനമരം പഞ്ചായത്തിലെ നീര്‍വാരം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് 52.21 ലക്ഷം രൂപ ചെവലിട്ട് നിര്‍മിച്ച കെട്ടിടം, വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 52.7 ലക്ഷം രൂപ ചെലവിട്ട കെട്ടിടം, തവിഞ്ഞാല്‍ പഞ്ചായത്തിലെ ഉദയഗിരി ഗവ.എല്‍പി സ്‌കൂളിന് 85 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച കെട്ടിടം എന്നിവയാണ് മാനന്തവാടി മണ്ഡലത്തില്‍ ഉദ്ഘാടനം ചെയ്യുന്നത്. 85 ലക്ഷം രൂപ ചെലവഴിച്ചാണ് കല്‍പ്പറ്റ മണ്ഡലത്തിലെ ജിവിഎച്ച്എസ്എസ് കരിങ്കുറ്റിയില്‍ പുതിയ കെട്ടിടം യാഥാര്‍ഥ്യമാവുന്നത്.
*8 വിദ്യാലയങ്ങള്‍ക്കായി കിഫ്ബിയില്‍ 24 കോടി*
കിഫ്ബിയില്‍ മൂന്ന് കോടി രൂപ വീതം അനുവദിച്ച എട്ട് വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ക്കാണ് ശനിയാഴ്ച തറക്കല്ലിടല്‍ നടക്കുന്നത്. കല്‍പ്പറ്റ മണ്ഡലത്തില്‍ ജിഎച്ച്എസ്എസ് കാക്കവയലില്‍ 14 സ്മാര്‍ട്ട് ക്ലാസ്റൂം അടങ്ങിയ കെട്ടിടമാണ് നിര്‍മിക്കുന്നത്. ബത്തേരി മണ്ഡലത്തില്‍ ജി.എച്ച്എസ്.എസ് വടുവന്‍ചാല്‍, ജി.വി.എച്ച്.എസ്.എസ് അമ്പലവയല്‍, ജി.എച്ച്. എസ്.എസ് ആനപ്പാറ, ജിഎച്ച്എസ്എസ് മൂലങ്കാവ് എന്നിവടങ്ങളിലാണ് പുതിയ കെട്ടിടം വരുന്നത്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, സ്റ്റാഫ്റൂം എന്നിവയടങ്ങുന്നതാണ് കെട്ടിടങ്ങള്‍. മാനന്തവാടി മണ്ഡലത്തില്‍ ജിഎച്ച്എസ്എസ് പനമരം, ജിഎച്ച്എസ്എസ് കാട്ടിക്കുളം, ജിഎച്ച്എസ്എസ് വെള്ളമുണ്ട എന്നീ സ്‌കൂളുകളിലാണ് പുതിയ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടുന്നത്.
*പ്ലാന്‍ ഫണ്ടില്‍ 10 കോടി രൂപയുടെ നിര്‍മാണം*
സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പെടുത്തി ഒമ്പത് സ്‌കൂളുകളില്‍ കൂടിയ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നുണ്ട്. കല്‍പ്പറ്റ മണ്ഡലത്തില്‍ ജിഎച്ച്എസ്എസ് തരിയോട്(ഒരു കോടി രൂപ), ജിഎച്ച്എസ് കുറുമ്പാല(ഒരു കോടി രൂപ), ജിയുപിഎസ് ചെന്നലോട് (ഒരു കോടി രൂപ) എന്നീ സ്‌കൂളുകളിലാണ് പുതിയ കെട്ടിടങ്ങള്‍ ഉയരുക. ബത്തേരി മണ്ഡലത്തില്‍ ജിഎച്ച്എസ് ബീനാച്ചി, ജിഎല്‍പിഎസ് പൂമല എന്നിവങ്ങളിലാണ് കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടുന്നത്. ബീനാച്ചില്‍ രണ്ട് കോടിയും പൂമലയില്‍ ഒരു കോടിയുമാണ് ചെലവിടുന്നത്. മാനന്തവാടി മണ്ഡലത്തില്‍ ജിഎച്ച്എസ്എസ് കുഞ്ഞോം(3 കോടി), ജിഎല്‍പിഎസ് വിളമ്പുകണ്ടം(90 ലക്ഷം), ജിഎല്‍പിഎസ് പുലിക്കാട്(85 ലക്ഷം), ജിഎല്‍പിഎസ് പനവല്ലി(60 ലക്ഷം) എന്നീ സ്‌കൂളുകളിലാണ് പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നടക്കുന്നത്.



Leave a Reply