May 6, 2024

ബഫർ സോൺ : സർക്കാർ പിൻവാങ്ങിയില്ലെങ്കിൽ ശക്തമായ സമരത്തിന് വിവിധ സംഘടനകളുടെ യോഗം തീരുമാനിച്ചു.

0
Img 20201001 Wa0251.jpg
ബത്തേരി: മലബാർ, ആറളം വന്യജീവി സങ്കേതങ്ങളുടെ പേരിൽ വയനാട് ജില്ലയിലെ വിവിധ വില്ലേജുകൾ ഉൾപ്പെടുത്തി ബഫർ സോൺ രൂപീകരിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിയില്ലെങ്കിൽ അതി ശക്തമായ സമരം ആരംഭിക്കുന്നതിനു ബത്തേരിയിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം തീരുമാനിച്ചു.
15 – ന് മുൻപായി ഈ വിഷയത്തിൽ ജനങ്ങൾക്ക് അനുകൂലമായ തീരുമാനം സർക്കാർ എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മേഖലയിൽ ഉയർന്നുവന്ന ജനകീയ സമരങ്ങളുടെ ഫലമായി കർഷക രക്ഷാ സമിതിയുമായി മന്ത്രി ടി പി രാമകൃഷ്ണൻ നടത്തിയ പുതിയ ചർച്ചയിൽ കോഴിക്കോട് ഡി. എഫ്. ഒ. യെ ഒക്ടോബർ 15-ന് മുൻപായി പഠന റിപ്പോർട്ട് നൽകാൻ ചുമതല ചുമതലപ്പെടുത്തിയിട്ടുണ്ട്. 
എന്നാൽ ജനജീവിതം അസാധ്യമാക്കുന്ന വിധത്തിൽ നിലവിൽ റിപ്പോർട്ട് നൽകിയ ആളെ തന്നെ വീണ്ടും റിപ്പോർട്ട് തയ്യാറാക്കാൻ ഏൽപ്പിച്ചാൽ എത്രത്തോളം ജനസൗഹൃദം ആകുമെന്ന കാര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ ആശങ്കയുണ്ട്. ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട് വനംവകുപ്പ് നിരന്തരമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ ആണ് നടത്തുന്നത്. അവസാനമായി വനം വകുപ്പ് പ്രസിദ്ധീകരിച്ച ലഘുലേഖയിലും അർദ്ധസത്യങ്ങൾ മാത്രമാണ് പറയുന്നതെന്ന് യോഗം വിലയിരുത്തി. പുനർചിന്തകൾക്ക് വിധേയമാകുന്ന സാഹചര്യത്തിൽ എങ്കിലും സത്യം തുറന്നു പറയാൻ വനംവകുപ്പ് അധികൃതർ തയ്യാറാകണം.
ഇതേ നിയമങ്ങൾ നടപ്പിലാക്കിയ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ, പന്തല്ലൂർ പ്രദേശങ്ങളിൽ സംഭവിച്ചത് നമ്മുടെ മുൻപിൽ നേർക്കാഴ്ചയായി നിൽക്കുമ്പോൾ വയനാട്ടുകാർ മറ്റൊരു ഉദാഹരണം അന്വേഷിച്ചു പോകേണ്ടതില്ല.
വയനാട്ടിൽ കാഴ്ചകാണാൻ വല്ലപ്പോഴും വരുന്നവർക്ക് വേണ്ടി ഈ നാട്ടിൽ ജീവിക്കുന്ന വരെ പരിഗണിക്കാതെ നടത്തുന്ന ഒരു പ്രവർത്തനവും ആര് നടത്തിയാലും അംഗീകരിക്കാനാവില്ല. ആളോഹരി കൃഷി ഭൂമിയുടെ അളവ് വെറും 14.6 സെൻറ് മാത്രമുള്ള കേരളത്തിൽ കൃഷിഭൂമിയുടെ അളവ് കുറച്ച് ഫോറസ്റ്റ് ഏരിയ വർദ്ധിപ്പിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ജനപ്രതിനിധികളും സർക്കാരും തിരിച്ചറിയണമെന്നും യോഗം അഭ്യർത്ഥിച്ചു.
വയനാടിനെ കടുവാ സങ്കേതമായി പ്രഖ്യാപിക്കുവാൻ നടത്തുന്ന നീക്കങ്ങളിൽ നിന്ന് അധികൃതർ പിൻവാങ്ങണം. ജില്ലയുടെ നാലുചുറ്റും വന്യജീവിസങ്കേതങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് വയനാട് ജില്ലയിലെ ജനജീവിതത്തെ ഇല്ലായ്മ ചെയ്തു വയനാടിനെ വനവൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിന് താങ്ങാവുന്നതിലേറെ കടുവകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ 
അധികമുള്ള കടുവകളെ മറ്റ് സങ്കേതങ്ങളിലേക്ക് മാറ്റുന്നതിന് പകരം കുടിയിറക്കിനവസരം ഉണ്ടാക്കി വനവിസ്തൃതി വർദ്ധിപ്പിക്കാനുള്ള ശ്രമമാണ് വനം വകുപ്പ് നടത്തുന്നതെന്ന് നാം തിരിച്ചറിയണം.
പന്നി, കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളെ 1972 വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 62 വകുപ്പ് പ്രകാരം ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുന്നതിന് വയനാട് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പ്രമേയങ്ങൾ പാസ്സാക്കി സർക്കാരിലേക്ക് അയക്കണം.
പരിസ്ഥിതിലോല പ്രദേശ പ്രഖ്യാപനം പിൻവലിക്കുക, കടുവാസങ്കേത ശുപാർശ പിൻവലിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ബത്തേരി അസംപ്ഷൻ ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലയിലെ വിവിധ മത-സാമുദായിക-കർഷക -സാംസ്കാരിക സംഘടനകളുടെ സംയുക്തയോഗം വയനാട് സംരക്ഷണ സമിതിക്ക് രൂപം നൽകി. മാനന്തവാടി, ബത്തേരി (മലങ്കര), കോഴിക്കോട്, കോട്ടയം, മീനങ്ങാടി, ബത്തേരി (ഓർത്തഡോക്സ് ) രൂപതകളും സമസ്ത,
എസ് വൈ എസ്, എസ് എൻ ഡി പി, എൻ എസ് എസ്, വ്യാപാരി വ്യവസായ ഏകോപന സമിതി, കാർഷിക പുരോഗമന സമിതി, ജനസംരക്ഷണ സമിതി, ഹരിതസേന, ഇൻഫാം, ഫാർമേഴ്സ് റിലീഫ് ഫോറം, ക്രിസ്ത്യൻ കൾച്ചറൽ ഫോറം, വയനാട് ചെട്ടി സമാജം, എം സി എ, കത്തോലിക്കാ കോൺഗ്രസ്, വൈ എം സി എ, എക്യുമെനിക്കൽ ഫോറം, വയനാട് കർഷക കൂട്ടായ്മ, കുറിച്ച്യർ സമുദായ സംരക്ഷണ സമിതി, എന്നീ സംഘടനകളും ചേർന്നാണ് വയനാട് സംരക്ഷണ സമിതി രൂപീകരിച്ചത്.
സമിതി ചെയർമാൻ മോൺ. തോമസ് മണക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗം ബത്തേരി രൂപത വികാരി ജനറാൾ മോൺ. മാത്യു അറമ്പങ്കുടി ഉദ്ഘാടനം ചെയ്തു. സമരങ്ങളുടെ തുടക്കമായി ഗാന്ധിജയന്തി ദിനത്തിൽ പൊഴുതനയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് സായാഹ്ന ധർണ നടത്തും.
ചെയർമാൻ മോൺ. തോമസ് മണക്കുന്നേൽ, വർക്കിംഗ് ചെയർമാൻ ഫാ. ആൻ്റോ മമ്പള്ളി, ജനറൽ കൺവീനർ പി എം ജോയി, ജനറൽ സെക്രട്ടറി സാലു അബ്രഹാം, ട്രഷറർ ഹാരിസ് വഖാഫി, ലീഗൽ സെൽ കോർഡിനേറ്റർ അഡ്വ ഫാ. തോമസ് ജോസഫ് തേരകം എന്നിവരെയും വിവിധ സംഘടനാ പ്രതിനിധികൾ വൈസ് ചെയർമാൻമാരും കൺവീനർമാരുമായും തിരഞ്ഞെടുത്തു.
ഫാ. ജെയിംസ് പുത്തൻപറമ്പിൽ, എം സുരേന്ദ്രൻ, ഫാ. ബേബി ഏലിയാസ്, നസീർ കോട്ടത്തറ, ജോസഫ് പ്ലാറ്റോ, പി. വൈ. മത്തായി, പി. സി. ബിജു, ഫാ. ഷിജോ കുഴിപ്പളളി, വത്സ ചാക്കോ, രാജൻ തോമസ്, ഫാ. അബ്രഹാം ആശാരിപ്പറമ്പിൽ,
ഗഫൂർ വെണ്ണിയോട്, അനീഷ് കെ തോമസ്, ഉനൈസ് കല്ലൂർ എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *