April 29, 2024

ഓണ്‍ലൈന്‍ അധ്യാപന പ്ലാറ്റ്ഫോം ‘സിക്സ’ പുറത്തിറക്കി കെഎസ് യുഎം സ്റ്റാര്‍ട്ടപ്

0
                                                                         
തിരുവനന്തപുരം:  കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ (കെഎസ് യുഎം) രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രാക്ടിക്കല്‍ ലേണിംഗ് ആന്‍ഡ് ഇഫക്ടീവ് കമ്മ്യൂണിക്കേഷന്‍ സൊലൂഷന്‍സ് എന്ന സ്റ്റാര്‍ട്ടപ് വിദൂര വിദ്യാഭ്യാസത്തിനുള്ള ഓണ്‍ലൈന്‍ അധ്യാപന പ്ലാറ്റ്ഫോമായ 'സിക്സ' പുറത്തിറക്കി. വിദൂര വിദ്യാഭ്യാസം അനായാസവും ആകര്‍ഷകവുമാക്കുന്നതിനുള്ള സവിശേഷതകളോടെയാണ്  പ്രാദേശികമായി ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്‍റ് വകുപ്പ് ഡീന്‍ പ്രൊഫ സതീഷ് ഇ കെ സിക്സയുടെ  ഔദ്യോഗിക വെബ്സൈറ്റിന്‍റെ www.zixa.world പ്രകാശനം നിര്‍വഹിച്ചു. ജെയ്ന്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ ലത,   കെഎസ് യുഎം ഫണ്ടിംഗ് ആന്‍ഡ് ഇന്‍റര്‍നാഷണല്‍ ലിങ്കേജസ് ഡയറക്ടര്‍ റിയാസ് മുഹമ്മദ്,  അസിസ്റ്റന്‍റ് മാനേജര്‍ എം ഫാസില്‍,  സിക്സ സ്ഥാപകന്‍ ഷിബിന്‍ ജോണ്‍, അഡ്മിനിസ്ട്രേറ്റര്‍ ഫോനിയ മാത്യൂസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
വിദൂര വിദ്യാഭ്യാസത്തിലൂടെ പഠിപ്പിക്കുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും ഫലവത്തായ ആശയവിനിമയം സാധ്യമാക്കുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് സോഫ്റ്റ് വെയറായ സിക്സയ്ക്ക് ദേശീയ, അന്തര്‍ദേശീയ സര്‍വ്വകലാശാലകളുടെ അഫീലിയേഷനുണ്ട്. കൊവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ വികസിപ്പിച്ചെടുത്ത ഈ  പ്ലാറ്റ് ഫോം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുതല്‍ മാനവവിഭവശേഷി കൈകാര്യം ചെയ്യുന്നതുവരെയുള്ള ആവശ്യമായ സൗകര്യങ്ങളെല്ലാം പ്രദാനം ചെയ്യുന്നുണ്ട്. 
സ്ഥാപനങ്ങള്‍ നിലവില്‍ നേരിടുന്ന വെല്ലുവിളികളായ വിദ്യാര്‍ത്ഥികളുടെ സുരക്ഷ, ഡേറ്റാ സ്വകാര്യത, ക്ലൗഡ് സെര്‍വറുകളിലൂടെയുളള എന്‍ക്രിപ്ഷനിലൂടെ സുരക്ഷിതത്വം എന്നിവ സിക്സ ഉറപ്പുവരുത്തുന്നുണ്ട്. സിക്സയില്‍ ആര്‍ക്കും അദ്ധ്യാപകനും വിദ്യാര്‍ത്ഥിയുമാകാം. ദേശീയ, അന്തര്‍ദേശീയ സര്‍വ്വകലാശാലകളുടെ അഫിലിയേഷന്‍ ഉള്ളതിനാല്‍ അവയുടെ കോഴ്സുകളെല്ലാം ഈ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സുകള്‍ തിരഞ്ഞെടുത്ത് പഠിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നേടാനാകും.
സൂം, ഗൂഗില്‍ മീറ്റ് പോലുള്ള വിദേശ സോഫ്റ്റ് വെയറുകളെ അധികമായി ആശ്രയിക്കുന്നതിനു പകരം പൂര്‍ണമായി ഇന്ത്യയില്‍ വികസിപ്പിച്ച സിക്സ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സഹായകമാകുമെന്ന് ഉദ്ഘാടനചടങ്ങില്‍ പ്രൊഫ. സതീഷ് പറഞ്ഞു. 
സിക്സയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ആനിമേഷന്‍ വീഡിയോ ഡോ. ലത പ്രകാശനം ചെയ്തു. റിയാസ് മുഹമ്മദ്,  എം.ഫാസില്‍ എന്നിവര്‍ സംസാരിച്ചു.   തുടര്‍ന്ന് ഡെവലപ്പര്‍മാരും അതിഥികളുമായുള്ള ചോദ്യോത്തര സെഷനും നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *