September 24, 2023

പുതിയകാലം പുതിയ നിര്‍മ്മിതികള്‍: പഴമകളെ തിരുത്തി പനമരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം

0
IMG-20201003-WA0104.jpg
ഇടുങ്ങിയ മുറികളും പരിമിതികളുമുള്ള സര്‍ക്കാര്‍ കാര്യാലയങ്ങളുടെ  മുഖം മാറുന്നു. വരും കാലത്തിന്റെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചുള്ള പുതിയ നിര്‍മ്മിതികളില്‍ വ്യത്യസ്തമാവുകയാണ് നൂതന സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങള്‍. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ നാള്‍വഴികളില്‍ അഭിമാനമായി, രൂപകല്‍പ്പനയില്‍ വേറിട്ട പനമരം ബ്ലോക്ക് ഓഫീസ് കെട്ടിടം സര്‍ക്കാര്‍ ഓഫീസുകളുടെ പരമ്പരാഗത രൂപങ്ങളെ തിരുത്തുകയാണ്. 
ആധുനിക ഓഫീസ് സൗകര്യമുള്ള ഇരുനില കെട്ടിടത്തിന്റെ ദൂരെ നിന്നുമുള്ള കാഴ്ചകള്‍ കൊട്ടാര സദൃശ്യമാണ്. നാലുകെട്ട് മാതൃകയിലുള്ള മനോഹരമായ രൂപഭംഗിയാണ് ഓഫീസ് സമുച്ചയത്തിന്റെ മുഖ്യ ആകര്‍ഷണം. വിശാലമായ കാര്‍പോര്‍ച്ച്, വരാന്തകള്‍, ഫ്രണ്ട് ഓഫീസ്, പൊതുജനങ്ങള്‍ക്കായുള്ള ഇരിപ്പിടങ്ങള്‍, അംഗ പരിമിതര്‍ക്കായുള്ള റാമ്പുകള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. നടുമുറ്റത്തിന് സമാനമായി കെട്ടിടത്തിന്റെ മധ്യത്തിലായി  വലിയ ഹാള്‍ ഒരുക്കിയിട്ടുണ്ട്. മുകളിലെത്തെ ഓഫീസുകളിലെത്താന്‍ രണ്ട് ഗോവണികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. താഴത്തെ നിലയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയര്‍പേഴ്‌സണ്‍മാര്‍, മറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കായുള്ള പ്രത്യേക മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്.  കോണ്‍ഫറന്‍സ് ഹാള്‍ ടോയ്‌ലെറ്റുകള്‍, ഡൈനിങ്ങ് റൂം എന്നിവയും ഇവിടെയുണ്ട്. ഒന്നാം നിലയില്‍ സെക്രട്ടറിയുടെ മുറി, വിവിധ ഓഫീസ് സെക്ഷനുകള്‍, എഞ്ചിനീയറിങ്ങ് വിഭാഗം, ജോയിന്റ് ബി.ഡി.ഒ ഓഫീസ്, തൊഴിലുറപ്പ് പദ്ധതി വിഭാഗം, ശിശുവികസന വകുപ്പ് ഓഫീസ് തുടങ്ങിയവയാണ് സജ്ജീകരിച്ചിട്ടുള്ളത്. രണ്ടാം നിലയില്‍ കൃഷി ഓഫീസറുടെ കാര്യാലയം, പട്ടികജാതി വികസന ഓഫീസ് തുടങ്ങിയവയാണ് പ്രവര്‍ത്തിക്കുക.
പ്രളയത്തെയും കോവിഡ് കാലത്തെയും മറികടന്ന് ഒന്നര വര്‍ഷം കൊണ്ടാണ് ദ്രുതഗതിയില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 20,000 ചതുരസ്ര അടി വിസ്തീര്‍ണ്ണത്തില്‍ മൂന്ന് കോടി അമ്പത് ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. കോര്‍പ്പറേറ്റ് ഓഫീസ് മാതൃകയില്‍ ഇവിടെ ഒരുക്കിയ ഓഫീസ് മുറികള്‍ പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും  കൂടുതല്‍ അഭികാമ്യമാകും. താഴ്ന്ന പ്രദേശമായതിനാല്‍ അഞ്ചടി ഉയരത്തിലാണ് കെട്ടിടത്തിന്റെ അടിത്തറ നിര്‍മ്മിച്ചത്. 12 മീറ്റര്‍ താഴ്ചയിലുള്ള 89 പൈലുകളാണ് കെട്ടിടത്തിന്റെ ദൃഢതയ്ക്കായി സ്ഥാപിച്ചിട്ടുള്ളത്. പ്രളയകാലത്തെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയാക്കിയത്. അസൗകര്യങ്ങളുടെ പരിമിതികളില്‍ ഒരു കാലത്ത് വീര്‍പ്പ്മുട്ടിയ ബ്ലോക്ക് പഞ്ചായത്ത് കാര്യാലായത്തിന് ഗ്രാമീണ വികസന മുന്നേറ്റങ്ങളില്‍ പുതിയ കാര്യാലയവും ഊര്‍ജ്ജം പകരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *