July 25, 2024

കാത്തിരിപ്പിന് വിരാമം: ചുരം ബദല്‍ തുരങ്കപാതാ പദ്ധതി ലോഞ്ചിംഗ് മുഖ്യമന്ത്രി നിര്‍വഹിച്ചു

0
Img 20201005 Wa0299.jpg
നീണ്ട കാത്തിരിപ്പിനൊടുവില്‍ വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബദല്‍ തുരങ്കപാത യാഥാര്‍ത്ഥ്യമാവുന്നു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആനക്കാംപൊയില്‍-  കള്ളാടി- മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കുന്നത്. പദ്ധതിയുടെ പ്രോജക്ട് ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 
പരിസ്ഥിതിയെ സംരക്ഷിക്കുന്നതും വികസനം യാഥാര്‍ത്ഥ്യമാക്കുന്നതുമാണ് തുരങ്കപാത പദ്ധതി.   കോഴിക്കോട്, വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര നിലവില്‍ സമയനഷ്ടം ഉണ്ടാക്കുന്നതാണ്. കാലവര്‍ഷമാകുമ്പോള്‍ മണ്ണിടിച്ചില്‍ കാരണം ദിവസങ്ങളോളം ഗതാഗത തടസ്സമുണ്ടാകാറുണ്ട്. പാത വനഭൂമിയിലൂടെ കടന്നുപോകുന്നതിനാല്‍ വീതി കൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തികള്‍ നടത്തുന്നതിനും ഒട്ടേറെ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് തുരങ്ക പാത യാഥാര്‍ത്ഥ്യമാവുന്നത്. ഇതിലൂടെ താമരശ്ശേരി ചുരത്തിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുവാനും ചുരത്തിന്റെ തനിമ, സംരക്ഷണം എന്നിവ ഉറപ്പ് വരുത്താനും സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 
പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ വ്യാവസായിക വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും. കര്‍ണാടകത്തില്‍ നിന്ന് മലബാറിലേക്കുള്ള ചരക്ക് നീക്കം സുഗമമാക്കാന്‍ കഴിയുകയും യാത്രയ്ക്ക് ആവശ്യമായി വരുന്ന സമയ ദൈര്‍ഘ്യം കുറയ്ക്കുവാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്തെ പ്രകൃതി ദുരന്ത സാധ്യത മുന്‍നിര്‍ത്തിയാണ് അന്തിമ രൂപരേഖ തയ്യാറാക്കുക. മൂന്ന് വര്‍ഷത്തിനുള്ളില്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
വനഭൂമിയിലൂടെ പാറ തുരന്ന് നിര്‍മ്മിക്കുന്ന തുരങ്ക പാതയ്ക്ക് ഏഴ് കിലോമീറ്റര്‍ നീളമുണ്ട്. കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിര്‍മ്മാണ ചുമതല. 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതിയാണ് പദ്ധതി്ക്ക് നല്‍കിയിട്ടുള്ളത്. കിഫ്ബിയില്‍ നിന്നാണ് ആവശ്യമായ തുക ലഭ്യമാക്കുന്നത്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴ എന്ന സ്ഥലത്തു നിന്നും ആരംഭിച്ച് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപമാണ് പാത അവസാനിക്കുക. തുരങ്കപാതയിലേക്ക് എത്തിച്ചേരാനായി കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ദേശീയപാത 766 ല്‍ നിന്ന് വഴി മാറിയുള്ള പൊതുമരാമത്തു വകുപ്പിന്റെ റോഡ് ഉപയോഗപ്പെടുത്തും. 
ചടങ്ങില്‍ പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പ്രാദേശിക പരിപാടിയില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ തമ്പി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *