April 20, 2024

തുരങ്കപാതക്കെതിരെ സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ : സാധാരണക്കാർ മുതൽ പ്രൊഫഷണലുകൾ വരെ പദ്ധതിക്കെതിരെ രംഗത്ത്.

3
Img 20201005 Wa0347.jpg
വയനാട്ടിലേക്കുള്ള 'തെരെഞ്ഞെടുപ്പ്' തുരങ്കം
===================================
വയനാട്ടിലെ മനുഷ്യരുടെ യാത്രാ പ്രശ്നം പരിഹരിക്കാനായി പുതിയ തുരങ്ക പാതയുണ്ടാക്കുന്നു, 
കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ ആനക്കാംപൊയിലിൽ നിന്ന് വയനാട് ജില്ലയിലെ മേപ്പാടിലേക്കാണ് പുതിയ തുരങ്കറോഡ് നിർമ്മിക്കുന്നത്. ഇതോടെ ആനക്കാംപൊയിലിൽ നിന്ന് മേപ്പടിയിലേക്ക് എത്താനുള്ള ദൂരം 42 കിലോമീറ്ററിൽ നിന്ന് 20 കിലോമീറ്ററായി കുറയും..! അടിപൊളിയല്ലേ..? 
പക്ഷെ ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്, ആനക്കാം പൊയിലിൽ നിന്ന് ആരാണ് മേപ്പാടിക്ക് പോകുന്നത്…? എന്തിനാണ് പോകുന്നത്..? മലയോര മേഖലായായ ആനക്കാംപൊയിലിൽ നിന്ന് 42 കിലോമീറ്റർ സഞ്ചരിച്ച് എത്രപേർ ചായത്തോട്ടങ്ങളുടെ നാടായ മേപ്പടിയിലേക്ക് പോകുന്നുണ്ട്..? 
അതായത് ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ നിന്ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടേക്ക് 438 കിലോമീറ്റർ ദൂരമുണ്ട്. ഒരു തുരങ്കം നിർമിച്ചാൽ 200 കിലോമീറ്ററായി കുറയും. നല്ലതു തന്നെ പക്ഷെ ആർക്കാണ് കട്ടപ്പനയിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകേണ്ടത്…? കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് പോകേണ്ടയാൾ കട്ടപ്പനയിൽ പോയി തുരങ്കത്തിൽ കയറി കാഞ്ഞങ്ങാട്ട് പൊങ്ങിയ ശേഷം കണ്ണൂരിലേക്ക് പോയാൽ മതി എന്നാണെങ്കിൽ അത് തന്നെയാണ് ഫയങ്കര വികസനമായി കൊട്ടിഘോഷിക്കുന്ന വയനാട്ടിലേക്കുള്ള തുരങ്ക പാതയും. 
വയനാട്ടിലെ മനുഷ്യർക്ക് പോവേണ്ടത് കോഴിക്കോട് നഗരത്തിലേക്കാണ്. റെയിൽവേസ്റ്റേഷൻ, എയർപോർട്ട്, മെഡിക്കൽ കോളേജ്, യൂണിവേഴ്‌സിറ്റി…തുടങ്ങി വയനാട്ടിലെ ജനങ്ങൾ ആശ്രയിക്കുന്ന സ്ഥാപനങ്ങളെല്ലാം  കോഴിക്കോട് നഗരത്തിലാണ്. വയനാട് ജില്ലയുടെ ആസ്ഥാനമായ കല്പറ്റയിൽ നിന്ന്  കോഴിക്കോട് നഗരത്തിലേക്ക് 72  കിലോമീറ്ററാണ്, നാഷണൽ ഹൈവേ 212. കൽപ്പറ്റയിൽ നിന്ന് ലക്കിടി വരെ 16 കിലോമീറ്റർ വിശാലമായ ഹൈവെ. ലക്കിടിയിൽ നിന്ന് അടിവാരം വരെയാണ് 12 കിലോമീറ്റർ ദൈർഘ്യമുള്ള ചുരം.അടിവാരം മുതൽ കോഴിക്കോട് വരെ 45 കിലോമീറ്റർ വീണ്ടും നാഷണൽ ഹൈവെ.    
ഇതിനിടയിൽ കോടതികളും താലൂക്ക് ഹോസ്പിറ്റലുകളും ഒക്കെയുള്ള താമരശ്ശേരി വൈത്തിരി ടൗണുകളുമുണ്ട് .
ഈ റോഡിന് സമാന്തരമായി തുരങ്കം പണിയുന്നത് ഏതു വഴിയാണെന്നറിയാമോ…
തുരങ്കം യാഥാർഥ്യമായാൽ കൽപറ്റയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടവർ  പുത്തൂർവയൽ  കാപ്പംകൊല്ലി വഴി മേപ്പാടിക്ക് പോകണം,.  മറുവശത്ത് നിന്ന് വാഹനം വന്നാൽ ബ്രെക്ക് ചെയ്ത് ഒതുക്കി കൊടുക്കേണ്ടത്ര 'വിശാലമായ' വളഞ്ഞു പുളഞ്ഞ റോഡാണ് ഈ 12 കിലോമീറ്റർ. മേപ്പടിയിൽ നിന്ന് തുരങ്കം വഴി ആനക്കാംപൊയിലിൽ എത്തിയാലോ..? പുല്ലൂരാംപാറ വഴി തിരുവമ്പാടി വരെ വീണ്ടും വളഞ്ഞു പുളഞ്ഞ 12 കിലോമീറ്റർ മലയോര പാത.അവിടെ നിന്ന് കുന്നമംഗലത്തേക്ക് 20 കിലോമീറ്റർ സ്റ്റേറ്റ് ഹൈവെ, കുന്നമംഗലത്ത് നിന്ന് കോഴിക്കോട്ടേക്ക് 15 കിലോമീറ്റർ നാഷണൽ ഹൈവെ..! ഗംഭീരമല്ലേ…?   
വയനാട് ചുരത്തിലെ വാഹന ബാഹുല്യവും ഗതാഗതക്കുരുക്കും പരിഹരിക്കുകയാണ് ഉദ്ദേശമെങ്കിൽ അതിന് വഴി വേറെയുണ്ട്, നാഷണൽ ഹൈവെയിൽ ചുരം തുടങ്ങുന്ന ചിപ്പിലിത്തോട് നിന്ന് മരുതിലാവ് വഴി തളിപ്പുഴയിലേക്ക് ഒരു ബദൽ റോഡ് സൗകര്യമുണ്ട്, 1991 ൽ ഇതിനെക്കുറിച്ച് പഠനം നടന്നിട്ടുണ്ട്, (അന്ന് പുതുപ്പാടി ഹൈസ്‌കൂൾ വിദ്യാർത്ഥിയും സ്ഥലത്തെ 'പ്രമുഖ' പ്രാദേശീക ലേഖകനുമായിരുന്ന ഞ്യാൻ സ്ഥലം എംഎൽഎ പിപി ജോർജ് ഉൾപ്പടെയുള്ള സംഘത്തോടൊപ്പം മരുതിലാവ് വരെ പോയി വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്). 
8 കിലോമീറ്റർ റോഡിൽ ഒരു ഹെയർപിൻ വളവു പോലുമില്ല, 4 കിലോമീറ്റർ റോഡ് കടന്നു പോകേണ്ടത് വനം വകുപ്പിന്റെ അധീനതയിൽ ഉള്ള സ്ഥലത്തു കൂടിയാണെന്നും അവരുടെ അനുമതി കിട്ടാത്തതു കൊണ്ടാണ് റോഡ് പണി നടക്കാത്തത് എന്നുമായിരുന്നു പിന്നീട് കേട്ട വിശദീകരണം, വനം വകുപ്പ് ഭരിക്കുന്നത് ദേവേന്ദ്രൻ്റെ അച്ഛൻ മുത്തുപ്പട്ടരായതു കൊണ്ട് കേരളാ സർക്കാരിന് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലല്ലോ.. 
പിന്നീട് തുഷാരഗിരി വഴി വയനാട്ടിലേക്കുള്ള  ഒരു ബദൽ റോഡ് കലാപരിപാടിയിലും പങ്കെടുത്തിട്ടുണ്ട്, അന്ന് എ വി അബ്ദുറഹിമാൻ ഹാജിയായിരുന്നു സ്ഥലം എംഎൽഎ. 
കോടഞ്ചേരി ഭാഗത്തുകൂടി പുതിയ റോഡ് വരും ആ ഭാഗത്തൊക്കെ വലിയ വികസനം വരും ഭൂമിക്ക് വിലകൂടും എന്നൊക്കെയുള്ള സ്വപ്നങ്ങളായിരുന്നു അന്ന് എ.വി. വോട്ടാക്കിയത്. ഇപ്പോൾ നടക്കുന്നതും അത് തന്നെയാണ്, തിരുവമ്പാടി പുല്ലൂരാമ്പാറ ആനക്കാംപൊയിൽ ഭാഗത്ത്  ഡെവലപ്മെന്റ് വരും, ഭൂമിക്ക് വിലകൂടും കച്ചവടം കൂടും, സൊ വോട്ട് ഫോർ എൽഡിഎഫ്. എന്ന് പറയാനാണ് ഈ തുരങ്കം ഗിമ്മിക്ക്. 
തിരുവമ്പാടി യുഡിഎഫ് മണ്ഡലമാണ്, 1977 ൽ മണ്ഡലം രൂപീകരിക്കപ്പെട്ടത് മുതൽ 2006 വരെ യുഡിഎഫ് കോട്ടയായിരുന്നു, 2006 ൽ എൽഡിഎഫിലെ ജനകീയ നേതാവായിരുന്ന മത്തായിചാക്കോ അട്ടിമറി വിജയം നേടി. അദ്ദേഹം ആ വർഷം തന്നെ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്തായിചാക്കോയുടെ പടം വെച്ച് സഹതാപതരംഗമുണ്ടാക്കി വിജയിച്ചയാളാണ് എൽഡിഎഫിലെ ജോർജ്ജ് തോമസ്. 2011 ൽ മണ്ഡലം യുഡിഎഫ് തിരിച്ചു പിടിച്ചു, 2016 ലെ തെരെഞ്ഞെടുപ്പിൽ യുഡിഎഫിലെ സ്ഥാനാർഥി നിർണ്ണയത്തിൽ വന്ന അപാകതയാണ് ജോർജ്ജ് തോമസിനെ 3008 വോട്ടിന് ജയിപ്പിച്ചത്. മണ്ഡലത്തിൽ സ്വാധീനമുള്ള സിറ്റിങ് എംഎൽഎ സി മോയിന്കുട്ടിയെ മാറ്റി വിഎം ഉമ്മർ മാസ്റ്ററെ മത്സരിപ്പിക്കുകയായിരുന്നു ലീഗ്. 
മണ്ഡലം നിലനിർത്താനുള്ള തിരഞ്ഞെടുപ്പ് തുരങ്കമാണ് ആനക്കാം പൊയിലിൽ നിന്ന് മേപ്പാടിയിലേക്ക് നിർമ്മിക്കുന്നത്. ഒരു വിധ ഫീസിബിലിറ്റി സ്റ്റഡിയും നടന്നിട്ടില്ല, പരിസ്ഥിതി ആഘാത പഠനങ്ങൾ നടന്നിട്ടില്ല. 
നിർമിക്കാൻ ഉദ്ദേശിക്കാത്ത ഒരു പദ്ധതിക്ക് ഇതിൻ്റെയൊന്നും ആവശ്യമില്ലല്ലോ, അഥവാ ബിരിയാണി കൊടുത്താലോ.. വികസനം വരുമല്ലോ, കച്ചവടം കൂടുമല്ലോ, ഭൂമിക്ക് വിലകൂടുമല്ലോ എന്ന് സ്വപ്നം കാണുന്ന എല്ലാ വോട്ടർമാർക്കും അഡ്വാൻസായി നല്ല നമസ്കാരം.                          
-ആബിദ് അടിവാരം
AdAdAd

Leave a Reply

3 thoughts on “തുരങ്കപാതക്കെതിരെ സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ : സാധാരണക്കാർ മുതൽ പ്രൊഫഷണലുകൾ വരെ പദ്ധതിക്കെതിരെ രംഗത്ത്.

  1. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി ഒരു അപേക്ഷ പോലും നൽകാതെയാണ് തുരങ്ക പാത പ്രഖ്യാപനം. അവസാനം കേന്ദ്രം അനുമതി തന്നില്ല എന്ന് പറഞ്ഞു കൈ കഴുകും.

    1. അതിലൊരു ത്രില്ലില്ല….. അല്ലെങ്കിൽ 26 വർഷങ്ങളായി ഇങ്ങനെ തുടരില്ലല്ലോ.

Leave a Reply to Vinod Cancel reply

Your email address will not be published. Required fields are marked *