കബനീ പ്രൊജക്ട് ജീവനക്കാരോട് സർക്കാർ വഞ്ചനാപരമായ നിലപാട് തുടരുന്നു: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: മണ്ണ് സംരക്ഷ വകുപ്പിലെ കബനീ പ്രൊജക്ടിനു കീഴിലുള്ള ജീവനക്കാർക്ക് ഏപ്രിൽ മാസം മുതൽ തടഞ്ഞുവെച്ചിരിക്കുന്ന ശമ്പളം വിതരണം ചെയ്യുന്നതിന് അനുകൂലമായ യാതൊരു നടപടികളും കൈക്കൊള്ളാതെ ജീവനക്കാരെ സർക്കാർ വഞ്ചിക്കുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. ആറുമാസത്തിൽ അധികമായി ശമ്പളം ലഭിക്കാത്ത ജീവനക്കാർ ജീവിതം തന്നെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത വിധം പ്രതിസന്ധിയിലാണ്. വകുപ്പ് തലവൻമാർ നാളിതുവരെ ക്രിയാത്മകമായ ഒരു നിർദ്ദേശവും സമർപ്പിച്ചിട്ടില്ല, ധനവകുപ്പിനും മണ്ണ് സംരക്ഷണ വകുപ്പിനും വിഷയത്തിൽ ഏകാഭിപ്രായത്തിൽ എത്താൻ സാധിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.
സർക്കാരിൻ്റെ കനിവിനായി കാത്തിരുന്ന് ഗത്യന്തരമില്ലാതെ ജീവനക്കാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവിടെയും വ്യക്തമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാതെ മനപൂർവ്വം വൈകിപ്പിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കബനീ പ്രൊജക്ടിനു കീഴിലുള്ള ജീവനക്കാർ കൺസൽട്ടൻസി നിയമനങ്ങൾ വഴി പിൻവാതിലിലൂടെ കയറി വന്നതു പോലെയാണ് സർക്കാരിൻ്റെ സമീപനം, കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി പി എസ് സി റാങ്ക് ലിസ്റ്റിലൂടെ നിയമനം ലഭിച്ച ജീവനക്കാരെ അപമാനിക്കുന്നതിന് തുല്യമാണ് ഇത്.
ജീവനക്കാരെ വകുപ്പിൽ നിലനിർത്തി ശമ്പളം വിതരണം ചെയ്യുന്നതിന് കൃത്യവും വസ്തുതാപരവുമായ റിപ്പോർട്ട് കാലതാമസം കൂടാതെ കോടതിയിൽ സമർപ്പിക്കുന്നതിന് അടിയന്തരമായ ഇടപെടലുകൾ സർക്കാർ നടത്തണം. കോടതി നടപടികളിൽ അനാവശ്യമായ കാലതാമസം വരുത്തി ജീവനക്കാരെ വഞ്ചിക്കുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, സെക്രട്ടറി കെ.എ മുജീബ്, ട്രഷറർ കെ.ടി ഷാജി എന്നിവർ ആവശ്യപ്പെട്ടു.



Leave a Reply