പോലീസിനെ പ്രതി ചേർത്ത് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം: വേൽമുരുകന്റെ കുടുംബം കോടതിയിലേക്ക്.
കൽപ്പറ്റ: വയനാട് ബാണാസുരൻ മലയിൽ ഏറ്റുമുട്ടലിൽ മരിച്ച മാവോയിസ്റ്റ് നേതാവ് വേൽ മുരുകന്റെ കുടുംബം കോടതിയെ സമീപിക്കുന്നു. ഏറ്റുമുട്ടലിൽ നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മനുഷ്യാവകാശ പ്രവർത്തകരുടെ സഹായത്തോടെ കുടുംബം കൽപ്പറ്റ സെഷൻസ് കോടതിയെ സമീപിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം കുടുംബാംഗങ്ങൾ കോടതിയെ സമീപിക്കും എന്നാണ് അറിയുന്നത്. ബാണാസുരൻ മലയിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്നും പോലീസിൻറെ ഏകപക്ഷീയമായ വെടിവെപ്പിലാണ് വേൽമുരുഗൻ മരിച്ചതെന്നും ആണ് കുടുംബാംഗങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും നിലപാട്.
വൈത്തിരിയിൽ ഉപവൻ റിസോർട്ടിൽ ഏറ്റു മുട്ടലിൽ മരിച്ച സി.പി ജലീലിന്റെ മരണത്തിലും ഇതേ നിലപാടായിരുന്നു കുടുംബാംഗങ്ങളും മനുഷ്യാവകാശപ്രവർത്തകരും സ്വീകരിച്ചിരുന്നത്. ഇത്തരം ഏറ്റുമുട്ടലുകളിൽ ആരെങ്കിലും മരണപ്പെട്ടാൽ ഏറ്റുമുട്ടലിന് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതിചേർത്തു എഫ്.ഐ. .ആർ തയ്യാറാക്കണമെന്നാണ് സുപ്രീം കോടതി നിരീക്ഷണം ഉള്ളതെന്നും ഇത് പരിഗണിക്കണമെന്നും ആണ് ഇവരുടെ ആവശ്യം.
ഇരയുടെ ഭാഗത്തുനിന്നും ഇത്തരം ആവശ്യങ്ങൾ ഉയരുമ്പോൾ സാധാരണ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യുന്നത് .സി പി ജലീലിന്റെ മരണത്തിലും മജിസ്റ്റീരിയൽ അന്വേഷണം നടന്നിരുന്നു. എന്നാൽ ഇത് രണ്ടാമത്തെ കാര്യമാണെന്നും പോലീസിനെ പ്രതിചേർത്തു എഫ്ഐആർ തയ്യാറാക്കൽ ആണ് പ്രഥമ നടപടി എന്നും മനുഷ്യാവകാശ പ്രവർത്തകർ വാദിക്കുന്നു.
Leave a Reply