വെങ്ങപ്പള്ളി ക്വാറിക്കെതിരെ നാട്ടുകാര്‍ പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക്: ആക്ഷന്‍ കമ്മിറ്റിയുടെ വില്ലേജ് ഓഫീസ് മാര്‍ച്ച് നാളെ

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി പ്രദേശത്തെ ജനജീവിതത്തിന് നിരന്തരം ഭീതിയുയര്‍ത്തുന്ന പഞ്ചാബ് ക്വാറിക്കെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രത്യേക പ്രക്ഷോഭത്തിലേക്ക്. സമരങ്ങളുടെ ഭാഗമായി തിങ്കളാഴ്ച വെങ്ങപ്പള്ളി വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക് വെങ്ങപ്പള്ളി റെയിന്‍ബോ ഓഡിറ്റോറിയം പരിസരത്തു നിന്നും ആരംഭിക്കും മാര്‍ച്ച് ക്വാറി പരിസരം വഴി വില്ലേജിന് മുന്‍പിലെത്തും. വെങ്ങപ്പള്ളി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ഗ്രാനൈറ്റ് എന്ന ക്വാറി പ്രദേശവാസികള്‍ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ക്വാറിയില്‍ നിന്നുള്ള സ്‌ഫോടനങ്ങളുടെ ഭാഗമായി നിരവധി വീടുകള്‍ക്കും, ആരാധനാലയങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ക്വാറിയിലെ വന്‍ പ്രകമ്പനം കാരണമാണ് വീടുകള്‍ക്ക് വിള്ളല്‍ വീണിരിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ ദിനേന വന്‍തോതിലാണ് പാറപൊട്ടിക്കുന്നത്. ക്വാറിയിലെ പാറ പൊട്ടിക്കലിന്റെ ശക്തിയില്‍ ഒരു കിലോമീറ്ററില്‍ അധികം ദൂരത്തേക്ക് വരെ ഇതിന്റെ പ്രത്യാഘാതം ഉണ്ടാവുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനെതിരെ പഞ്ചായത്ത് അധികാരികള്‍ക്ക് അടക്കമുള്ള ഇതിനകം പരാതി നല്‍കിയിട്ടും അനുകൂലമായ നടപടിയുണ്ടായിട്ടില്ല. 2018-19 കാലയളവില്‍ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പണി പൂര്‍ത്തീകരിച്ച വീടുകളുടെ ഭിത്തികള്‍ക്കുപോലും വിള്ളലുകള്‍ സംഭവിച്ചു. സമീപത്തെ വീടുകളുടെ തറ, കിണര്‍ എന്നിവക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ഇതുമൂലം പ്രദേശവാസികള്‍ ഭീതിയോടെയാണ് കഴിയുന്നത്. സ്‌ഫോടനം നടത്തുന്നതിനു മുന്‍പ് ക്വാറിയുടെ 250 മീറ്റര്‍ പരിധിയില്‍ ആളുകളെ നിര്‍ത്തിയോ, സൈറന്‍ വഴിയോ അറിയിപ്പ് നല്‍കണമെന്നാണ് കരിങ്കല്‍ ഖനന നിയമത്തില്‍ ഉള്ളെങ്കിലും ക്വാറി ഉടമകള്‍ ഇത് പാലിക്കുന്നില്ല. ക്വാറിയുടെ നിയമലംഘനം ചൂണ്ടിക്കാണിച്ചും, ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയും അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം.



Leave a Reply