October 13, 2024

കടല്‍ കടന്ന് വയനാട്ടില്‍ നിന്ന് തലശ്ശേരിയിലേക്ക് ഒരു തപാല്‍ വോട്ട്

0
കൽപ്പറ്റ : 
ദുബായില്‍ നിന്ന് നാട്ടിലെത്തുമ്പോള്‍ വോട്ട് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല തലശ്ശേരി ചിറക്കര സ്വദേശി നീതു ഹരിദാസിന്.  വയനാട് മാനന്തവാടി കണിയാരത്തെ ഭര്‍തൃവീട്ടില്‍ ക്വാറന്റയിനില്‍ ഇരിക്കെ കൊവിഡ് കാലത്ത് എങ്ങിനെ വോട്ട് ചെയ്യും എന്നതായിരുന്നു നീതുവിന്റെ ചിന്ത.  എന്നാല്‍ ഇപ്പോള്‍ കൊവിഡ് പോസിറ്റീവുകാര്‍ക്കും ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കുമായി ഇക്കുറി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗിച്ച് വോട്ട് ചെയ്യാന്‍കഴിയുന്നതിന്റെ  ആഹ്ലാദത്തിലാണ് ഈ മുപ്പത്തൊന്നുകാരി.  നീതു നാട്ടിലെത്തി ക്വാറന്റയിനിലായ കാര്യമറിഞ്ഞ ബന്ധുക്കള്‍ കണ്ണൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന് എസ് പി ബി സംവിധാനമാവശ്യപ്പെട്ട് അപേക്ഷ നല്‍കി.  തുടര്‍ന്ന് വയനാട് ജില്ലാ കലക്ടറെ കാര്യമറിയിച്ചതിനെ തുടര്‍ന്നാണ് വയനാട്ടില്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണത്തിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ സംഘം കണിയാരത്തെ വീട്ടിലെത്തി വിവരങ്ങളാരാഞ്ഞ് തപാല്‍ വോട്ടിംഗിനുള്ള സൗകര്യമൊരുക്കിയത്.  അന്യജില്ലയില്‍ ക്വാറന്റയിനില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലക്കാരിയായ വോട്ടര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കാനായതിന്റെ സന്തോഷത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് വിഭാഗം.
ഭര്‍ത്താവ് മിഥുന്‍ വിനായകിനൊപ്പം ദുബായില്‍ കഴിയുന്ന നീതു ഹരിദാസ് ഭര്‍തൃസഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. കണ്ണൂര്‍ വിമാനത്താവളം വഴി ഡിസംബര്‍ ആറിന് നാട്ടിലെത്തിയ നീതുവിന് 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം.  അതിനിടയില്‍ തെരഞ്ഞെടുപ്പുമെത്തി.  ഇക്കുറി വോട്ട് ചെയ്യാന്‍ കഴിയുമെന്ന് തീരെ പ്രതീക്ഷിച്ചതുമല്ല.  എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ തപാല്‍ ബാലറ്റ് സൗകര്യം നീതുവിനും തുണയായി.  വീട്ടിലെത്തിയ സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറില്‍ നിന്നും തപാല്‍ ബാലറ്റ് സ്വീകരിച്ച നീതു ഇക്കുറി വയനാട്ടിലെ വീട്ടിലിരുന്ന് തലശ്ശേരിയിലെ വോട്ട് ചെയ്യും.  വോട്ട് രേഖപ്പെടുത്തിയ തപാല്‍ ബാലറ്റ് ബന്ധപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരെ നേരിട്ട് ഏല്‍പ്പിക്കാനാണ് നീതുവിന്റെ തീരുമാനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *