കൊവിഡാനന്തര കാലം അതിജീവിക്കാന്‍ ടൂറിസം മേഖലയിലെ അന്തര്‍ സംസ്ഥാന സഹകരണം അനിവാര്യം- ടൂറിസം മന്ത്രി
തിരുവനന്തപുരം: കൊവിഡാനന്തര കാലത്ത് ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് സംസ്ഥാനങ്ങള്‍ തമ്മിലുള്ള മികച്ച സഹകരണം അനിവാര്യമാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ഇറ്റി ട്രാവല്‍ വേള്‍ഡ് സംഘടിപ്പിച്ച വെര്‍ച്വല്‍ ദേശീയ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. യാത്രയുടെ മാറുന്ന മുഖം എന്നതായിരുന്നു ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം. ടൂറിസം വ്യവസായത്തിലെ പങ്കാളികള്‍, സംസ്ഥാന ടൂറിസം ബോര്‍ഡുകളിലെ നയകര്‍ത്താക്കള്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. ആഭ്യന്തര ടൂറിസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഈ വ്യവസായത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിന്‍റെ ആവശ്യകത പ്രതിനിധികള്‍ എടുത്തു പറഞ്ഞു.
ആഭ്യന്തര ടൂറിസത്തിന്‍റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പരസ്പരം ഗുണം ചെയ്യുന്ന നയങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൂറിസം മേഖലയിലെ നികുതികള്‍ ഏകീകരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം വിളിച്ചു ചേര്‍ത്ത വിവിധ സംസ്ഥാനങ്ങളുടെ യോഗത്തിന് കേരളം ആതിഥ്യം വഹിച്ച കാര്യം മന്ത്രി ചൂണ്ടിക്കാട്ടി. ഈ മഹാവ്യാധിയില്‍ നിന്ന് കരകയറുന്ന അവസരത്തില്‍ അന്നത്തെ നിര്‍ദ്ദേശങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
മികച്ച അന്താരാഷ്ട്ര ബ്രാന്‍ഡായിട്ടും കേരളത്തിനും കൊവിഡ് പ്രതിസന്ധി നേരിട്ടുവെന്ന് മന്ത്രി പറഞ്ഞു. മിക്കവാറും എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും സംസ്ഥാനം തുറന്നു കഴിഞ്ഞു. അവിടേക്കൊക്കെ സഞ്ചാരികള്‍ എത്തുന്നുമുണ്ട്. കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നതോടെ പുതുവര്‍ഷമാകുമ്പോഴേക്കും ഈ മേഖല മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ക്വാറന്‍റൈന്‍, ലോക്ഡൗണ്‍, ഐസൊലേഷന്‍, വര്‍ക്ക് ഫ്രം ഹോം തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് ജനങ്ങള്‍ മനസ് മടുത്തിരിക്കുകയാണ്. മാനസികോല്ലാസത്തിലൂടെ അവര്‍ക്ക് പുനരുജ്ജീവനം നേടാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ടൂറിസം മന്ത്രാലയം എന്നിവ ഹോട്ടലുകള്‍, താമസസ്ഥലങ്ങള്‍, റിസോര്‍ട്ട്, ടൂറിസം ഗതാഗതം തുടങ്ങിയവയ്ക്കായി പുറത്തിറക്കിയ എല്ലാ മാര്‍ഗരേഖകളും കേരളം കര്‍ശനമായി നടപ്പാക്കുന്നുണ്ട്.
വേളിയിലെ ചെറു ട്രെയിനാണ് കേരളം ഏറ്റവും പുതുതായി പുറത്തിറക്കിയ ടൂറിസം ആകര്‍ഷണം. കോവളം ബിച്ചിനടുത്തുള്ള വെളളാര്‍ ക്രാഫ്റ്റ് വില്ലേജ് ഈ മാസം 17-ാം തിയതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ശംഖുമുഖം, കോവളം, വര്‍ക്കല ബീച്ചുകള്‍, ആക്കുളം ടൂറിസ്റ്റ് ഗ്രാമം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങള്‍ പുനരുദ്ധാരണ പ്രക്രിയയിലാണ്. പുതുതായി സൗന്ദര്യവത്കരണം നടത്തിയ 40 പുതിയ സ്ഥലങ്ങള്‍ സഞ്ചാരികളെ വരവേല്‍ക്കാനായി ഒരുങ്ങിക്കഴിഞ്ഞെന്നും ശ്രീ കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
Leave a Reply