September 27, 2023

വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ചർച്ച സജീവം.

0
;
ആരെ നറുക്കിനിടും എന്നതില്‍ ഇടതു,വലതു മുന്നണികളില്‍ ചര്‍ച്ച സജീവം
കല്‍പറ്റ-വയനാട് ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകള്‍ ഇടതു,വലതു മുന്നണികള്‍ തുല്യമായി വീതിച്ചതോടെ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു നറുക്കെടുപ്പ് അനിവാര്യമായി.ഇതോടെ ആരെയൊക്കെ നറുക്കിനിടും എന്നതില്‍ രണ്ടു മുന്നണികളിലും ചര്‍ച്ച സജീവമായി.
യു.ഡി.എഫില്‍ മുട്ടില്‍ ഡിവിഷനില്‍ വിജയിച്ച കോണ്‍ഗ്രസിലെ ഷംസാദ് മരയ്ക്കാര്‍,പടിഞ്ഞാറത്തറയില്‍ വിജയിച്ച മുസ്‌ലിംലീഗിലെ എം.മുഹമ്മദ് ബഷീര്‍ എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണയില്‍.ഇവരില്‍ ആരുടെ പേരു നറുക്കിനിടണമെന്നു യു.ഡി.എഫ് ജില്ലാ നേതൃത്വം തീരുമാനിക്കണം.ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിനു ആറും മുസ്‌ലിംലീഗിനു രണ്ടും അംഗങ്ങളാണുള്ളത്.എന്നിരിക്കെ ഷംസാദ് മരയ്ക്കാറിനാണ് കൂടുതല്‍ സാധ്യത.അതേസമയം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ ഷംസാദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നതു തടയുന്നതിനു കോണ്‍ഗ്രസിനകത്തു ചരടുവലിയും മുറുകുകയാണ്.പാര്‍ട്ടിയിലെ എ വിഭാഗക്കാരനാണ് ഷംസാദ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു യു.ഡി.എഫില്‍ കണിയാമ്പറ്റ ഡിവിഷനില്‍ വിജയിച്ച ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ മുസ്‌ലിംലീഗിലെ കെ.ബി.നസീമ,കോണ്‍ഗ്രസ് ടിക്കറ്റില്‍ പുല്‍പള്ളിയില്‍ ജയിച്ച കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഉഷ തമ്പി എന്നിവരെ പരിഗണിക്കാനാണ് സാധ്യത.
എല്‍.ഡി.എഫില്‍ അമ്പലവയല്‍ ഡിവിഷനില്‍ വിജയിച്ച സി.പി.എമ്മിലെ സുരേഷ് താളൂര്‍,പൊഴുതനയില്‍ വിജയിച്ച ഇതേ പാര്‍ട്ടിയിലെ എന്‍.സി.പ്രസാദ് എന്നിവരാണ് പ്രസിഡന്റ് പദവിയിലേക്കു പരിഗണനയില്‍.ഇതില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറിയുമായ സുരേഷ് താളൂരിനാണ് കൂടുതല്‍ സാധ്യത.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു സി.പി.എം ടിക്കറ്റില്‍ പനമരം ഡിവിഷനില്‍ വിജയിച്ച ബിന്ദു പ്രകാശ്,തിരുനെല്ലി ഡിവിഷനില്‍നിന്നുള്ള എ.എന്‍.സുശീല,സി.പി.ഐ ടിക്കറ്റില്‍ മേപ്പാടി ഡിവിഷനില്‍ വിജയിച്ച എസ്.ബിന്ദു എന്നിവരാണ് ഇടതു മുന്നണിയുടെ പരിഗണനയില്‍.21നാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ.30നാണ് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *