September 27, 2023

മറന്നു പോയവരെ ഞങ്ങൾ ഇടക്കൊന്ന് ഓർമ്മപ്പെടുത്തുകയാണ്: കാഞ്ഞിരത്തിനാൽ കുടുംബത്തിനും നീതി വേണം.

0
1609044721499.jpg
കല്‍പ്പറ്റ: : കാഞ്ഞിരത്തിനാല്‍ കുടുംബം ജന്മം തീറാധാരം പ്രകാരം വിലകൊടുത്ത് വാങ്ങിയ 12 ഏക്കര്‍ ഭൂമി വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത സംഭവത്തില്‍ നീതി വൈകുന്നു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സമിതികളും നടത്തിയ അന്വേഷണത്തില്‍ വനംവകുപ്പിന് വീഴ്ച സംഭവിച്ചുവെന്നും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ശിപാര്‍ശ ചെയ്തിട്ടും ഇത് പ്രാവര്‍ത്തികമായിട്ടില്ല.  ഏ൹വും ഒടുവിലായി, വനംവകുപ്പ് തെ൹ായി പിടിച്ചെടുത്ത 12 ഏക്കര്‍ ഭൂമിക്ക് പകരമായി ഭൂമിയുടെ കമ്പോള വില തന്നാല്‍ അംഗീകരിക്കാമെന്ന് കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ നടപടികളാണ് വൈകുന്നത്. ഭൂമിയിലെ മരങ്ങളുടെ കമ്പോള വില നിര്‍ണയിക്കാന്‍, ഈ നിര്‍ദേശമടങ്ങിയ സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാക്കണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ജില്ലാ കലക്ടര്‍ ഇക്കാര്യം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞദിവസം വയനാട് കലക്ടര്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ പ്രതിനിധി കട്ടക്കയത്തില്‍ ജയിംസിനെ വിളിപ്പിച്ച് പകരം ഭൂമി വാങ്ങി സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പകരം ഭൂമി വാങ്ങിയാല്‍ അതും നിയമക്കുരുക്കില്‍ പെടുമെന്ന്  ആശങ്കയുണ്ടെന്നും അതിനാല്‍ ഒന്നുകില്‍ പിടിച്ചെടുത്ത ഭൂമി തന്നെയോ അല്ലെങ്കില്‍ ആ ഭൂമിയുടെ കമ്പോള വിലയോ നല്‍കിയാല്‍ സമരം അവസാനിപ്പിക്കാമെന്ന് ജയിംസ് കലക്ടറെ അറിയിച്ചിട്ടുണ്ട്. സെന്റിന് ഒന്നര ലക്ഷം രൂപ നല്‍കണമെന്നാണ് ജയിംസ് ആവശ്യപ്പെട്ടിരിക്കുന്നത്.  വനംവകുപ്പ് പിടിച്ചെടുത്ത കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി ഇനി തിരിച്ചു നല്‍കാന്‍ കഴിയില്ലെന്ന നിയമോപദേശമാണ്
ലഭിച്ചതെന്നും അതിനാല്‍ പകരം ഭൂമി സ്വീകരിക്കണമെന്നുമാണ് കലക്ടര്‍ നിര്‍ബന്ധിച്ചതെന്ന് ജയിംസ് പറഞ്ഞു. ഇതിനിടെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലടക്കം കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയം ചര്‍ച്ച ചെയ്തിട്ടും തുടര്‍ നടപടികള്‍ വൈകിപ്പിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന്  ആക്ഷേപമുണ്ട്.
12 ഏക്കര്‍ ഭൂമി വനംവകുപ്പ് പിടിച്ചെടുത്ത് കുടുംബത്തെ തകര്‍ത്തതിനെതിരേ  കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മരുമകന്‍ കട്ടക്കയത്തില്‍ ജയിംസ് 2015 ഓഗസ്റ്റ്  15 മുതല്‍ വയനാട് കലക്ടറേറ്റ്  പടിക്കല്‍ അനിശ്ചിതകാല സമരം തുടരുകയാണ്. കാഞ്ഞിരങ്ങാട് വില്ലേജിലാണ് 12 ഏക്കര്‍ ഭൂമി സ്ഥിതി ചെയ്യുന്നത്.
മാനുഷിക പരിഗണന കൂടി നല്‍കണമെന്ന് മുഖ്യമന്ത്രി
കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി വിഷയത്തില്‍ മാനുഷിക പരിഗണന കൂടി നല്‍കി പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചത്. 2020 ഫെബ്രുവരി 10നാണ് മുഖ്യമന്ത്രിയുടെ ചേംബറില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം ചേര്‍ന്നത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, വനംമന്ത്രി അഡ്വ. കെ. രാജു, സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ., പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണു, വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ലോ സെക്രട്ടറി അരവിന്ദ ബാബു, സോഷ്യല്‍ ഫോറസ്ട്രി അഡീഷണല്‍ പി.സി.സി.എഫ്. പ്രജീഷ്‌കുമാര്‍, വയനാട് എല്‍.എ. ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. രമേഷ് ബിഷ്‌ണോയ്, നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ്. കെ. കാര്‍ത്തികേയന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍2013ലെ വനംവകുപ്പിന്റെ വിജ്ഞാപനം റദ്ദാക്കി വിഷയം പുനപരിശോധിക്കാന്‍ കഴിയുമോയെന്ന് മുഖ്യമന്ത്രി ആരാഞ്ഞിരുന്നു. വനംവകുപ്പ് നിക്ഷിപ്ത വനഭൂമിയായി പിടിച്ചെടുത്തതിനാല്‍ ഇനി അതിന് കഴിയില്ലെന്നായിരുന്നു വനംവകുപ്പിന്റെ പ്രതികരണം.
ഈ സാഹചര്യത്തില്‍ പകരം ഭൂമി കണ്ടെത്തി നല്‍കുന്നതായിരിക്കും ഉചിതമെന്നാണ് വനംമന്ത്രി പ്രതികരിച്ചത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി പിടിച്ചെടുത്ത സംഭവത്തില്‍ വിവിധ അന്വേഷണ റിപ്പോര്‍ട്ടുകളും വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളും സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് മാനുഷിക പരിഗണന കൂടി നല്‍കി പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സമ്മതമാണെങ്കില്‍ അവര്‍ക്ക് തുല്യ അളവിലുള്ള പകരം ഭൂമി കണ്ടെത്തി നല്‍കാമെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ഇക്കാര്യം കുടുംബാംഗങ്ങളോട് നേരില്‍ സംസാരിച്ച് അവരുടെ താല്‍പര്യം സര്‍ക്കാരിനെ അറിയിക്കാന്‍ വയനാട് കലക്ടറെ യോഗം ചുമതലപ്പെടുത്തി. ഇതുപ്രകാരം നടത്തിയ സിറ്റിംഗില്‍ പിടിച്ചെടുത്ത ഭൂമി തന്നെയാണ് വേണ്ടതെന്നാണ് കുടുംബം ആവശ്യപ്പെട്ടത്.
18-02-1985 ലെ ഫോറസ്റ്റ്  ട്രിബ്യൂണലിന്റെ വിധിയും, 2013ല്‍ വനംവകുപ്പ് ഇറക്കിയ വിജ്ഞാപനവും റദ്ദ് ചെയ്യണമെന്ന് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മരുമകന്‍ കട്ടക്കയത്തില്‍ ജയിംസ് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. അതല്ലെങ്കില്‍ പിടിച്ചെടുത്ത ഭൂമിയുടെ കമ്പോള വില നല്‍കിയാല്‍ അംഗീകരിക്കാമെന്നും കുടുംബാംഗങ്ങള്‍ സൂചിപ്പിച്ചിരുന്നു. കമ്പോള വില ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചുവെങ്കിലും മരങ്ങളുടെ വില നിര്‍ണയിക്കുന്നതിനുള്ള നടപടി ഉണ്ടായിട്ടില്ല.
കമ്പോള വില സെന്റിന് 3,217 രൂപമാത്രം!
കമ്പോള വില നല്‍കണമെന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച സര്‍ക്കാര്‍ ഇതുസംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ചു മാനന്തവാടി തഹസില്‍ദാര്‍ നിര്‍ണയിച്ചത് തുച്ഛമായ കമ്പോള വിലയാണ്. ഭൂമി സെന്റിനു 3,217 രൂപ കമ്പോളവില നല്‍കാമെന്നാണ് തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജില്ലയിലെവിടെയും ഈ വിലക്ക് താമസയോഗ്യമായ ഭൂമി കിട്ടില്ലെന്നിരിക്കെ തുച്ഛമായ കമ്പോള വില നിശ്ചയിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ പരാതി.
തഹസില്‍ദാരും കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസറും ചേര്‍ന്നാണ് കമ്പോളവില നിശ്ചയിച്ചത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അവകാശപ്പെട്ട ഭൂമി ഏക്കറിനു 3,21,700 രൂപയാണ് തഹസില്‍ദാര്‍ വില നിശ്ചയിച്ചത്. ഇതനുസരിച്ചു 38,58,895 രൂപയാണ് ആകെ ഭൂമിയുടെ കമ്പോളവില. 2013ലെ എല്‍.എ.ആര്‍.ആര്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് തഹസില്‍ദാര്‍ കമ്പോളവില നിര്‍ണയം നടത്തിയത്.
ഭൂമിയിലെ മരങ്ങളുടെ വില നിര്‍ണയമാണ് ഇനി നടക്കേണ്ടത്. മരങ്ങളുടെ വില കണക്കാക്കാന്‍
വടക്കേ വയനാട് ഡിവിഷണല്‍ ഫോറസ്റ്റ്  ഓഫീസറെയാണ് ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ സര്‍ക്കാര്‍ പ്രത്യേകം ഉത്തരവിറക്കിയാല്‍ മാത്രം മരങ്ങളുടെ വില കണക്കാക്കിയാല്‍ മതിയെന്നാണ് തനിക്കു ഒലവക്കോട് കസ്‌റ്റോഡിയന്‍ ഓഫ് വെസ്റ്ററ്റഡ് ഫോറസ്റ്റ്   ചീഫ് കണ്‍സര്‍വേറ്ററില്‍നിന്നു ലഭിച്ച നിര്‍ദേശമെന്നാണ് ഡി.എഫ്.ഒ ജില്ലാ കലക്ടറെ അറിയിച്ചത്. വില കണക്കാക്കണമെങ്കില്‍ ഈ നിര്‍ദേശമടങ്ങിയ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും യോഗത്തിന്റെ മിനുട്‌സും ഹാജരാക്കണമെന്നാണ് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. കലക്ടറെ അറിയിച്ചത്.
ഇതിനു പുറമേ,വനമായി വിജ്ഞാപനം ചെയ്ത ഭൂമിക്കു കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു മാത്രമായി കമ്പോളവില നല്‍കുന്നത് ജില്ലയിലെ സമാനസ്വഭാവമുള്ള മറ്റു കേസുകളിലും ബാധകമാകുമെന്നും ഇതു സര്‍ക്കാരിനു കനത്ത സാമ്പത്തിക ബാധ്യതയ്ക്കു ഇടയാക്കുമെന്നും ഡി.എഫ്.ഒ. കലക്ടര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഭൂമിക്കു തഹസില്‍ദാര്‍ നിര്‍ണയിച്ച കമ്പോളവില സംബന്ധിച്ച വിവരങ്ങളും മരവില കണക്കാക്കുന്ന വിഷയത്തില്‍ ഡി.എഫ്.ഒ അറിയിച്ച കാര്യങ്ങളും ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു 2020 ജൂണില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷെ ഇതുവരെ ഉത്തരവിന്റെ പകര്‍പ്പ് കലക്ടര്‍ക്ക് ലഭ്യമാക്കിയിട്ടില്ല. കാഞ്ഞിരത്തിനാല്‍ കുടുംബം കൈവശം വച്ചിരുന്ന 12 ഏക്കറില്‍ 11.25 ഏക്കറാണ് വനഭൂമിയായി വിജ്ഞാപനം ചെയ്തത്. ബാക്കി 75 സെന്റ് ഭൂമി നിലവില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ കൈവശത്തിലല്ല.മുഴുവന്‍ ഭൂമിയും തിരികെ ലഭിക്കാതെ ഈ ഭൂമി മാത്രമായി സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കാഞ്ഞിരത്തിനാല്‍ കുടുബം. ഇക്കാര്യവും കലക്ടര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു അയച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വസ്തുവിന്റെ കമ്പോളവില കണക്കാക്കുന്നതിനു ആവശ്യമായ സര്‍ക്കാര്‍ ഉത്തരവ് പ്രത്യേകം ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന അപേക്ഷയും റിപ്പോര്‍ട്ടിലുണ്ട്.
അന്വേഷണ റിപ്പോര്‍ട്ടുകളെല്ലാം വനംവകുപ്പിനെതിര്
കാഞ്ഞിരങ്ങാട് വില്ലേജില്‍ സര്‍വേ നമ്പര്‍ 238/1ലാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അവകാശപ്പെട്ട ഭൂമി. കാഞ്ഞിരത്തിനാല്‍ ജോര്‍ജ്, സഹോദരന്‍ ജോസ് എന്നിവര്‍ ജന്‍മം തിറാധാരം പ്രകാരം വിലകൊടുത്ത് വാങ്ങിയ ഭൂമി വനംഭൂമിയാണെന്ന് പറഞ്ഞ് അടിയന്തരാവസ്ഥക്കാലത്താണ് വനം വകുപ്പ് പിടിച്ചെടുത്തത്. നിക്ഷിപ്ത വനഭൂമിയായി ഏറ്റെടുക്കേണ്ട മറ്റൊരു ഭൂമിക്ക് പകരം വനംവകുപ്പ് അനധികൃതമായി കാഞ്ഞിരത്തിനാല്‍ സഹോദരന്‍മാരുടെ ഭൂമി ഏറ്റെടുക്കുകയായിരുന്നുവെന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ചകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടികളുണ്ടായിട്ടില്ല. കാഞ്ഞിരത്തിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ വനംവകുപ്പ് തെറ്റായ വിവരം നല്‍കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ കു൹ക്കാരനായ ഉദ്യോഗസ്ഥന് നിസാര ശിക്ഷ നല്‍കി നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുകയായിരുന്നു. സബ് കലക്ടര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും വനംവകുപ്പിനെ പ്രതി സ്ഥാനത്ത് നിറുത്തിയുള്ള കണ്ടെത്തലുകളാണ് ഉള്ളത്. നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി  നടത്തിയ അന്വേഷണത്തിലും വാസ്തവം ബോധ്യപ്പെട്ടു. കുടുംബത്തിന് അടിയന്തരമായി നീതി ലഭ്യമാക്കണമെന്ന നിയമസഭാ സമിതി റിപ്പോര്‍ട്ടും പൊടിപിടിച്ചു കിടക്കുകയാണ്.
(ചിത്രം പരേതനായ ജോർജിൻ്റെതാണ്.)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *