വയനാട് മെഡിക്കല്‍ കോളേജ്: തീരുമാനം ഉടന്‍- മുഖ്യമന്ത്രി: കാരാപ്പുഴ, ബാണാസുര ജലസേചന പദ്ധതികള്‍ 2024 നകം പൂര്‍ത്തിയാക്കും
വയനാട് മെഡിക്കല്‍ കോളേജ് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ച് വരുന്നതായും ഏതാനും ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പര്യടനത്തിന്റെ ഭാഗമായി കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ സമൂഹത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള കൂടിക്കാഴ്ചയിലാണ് വയനാടിന്റെ ആരോഗ്യ മേഖലയിലെ വിപ്ലവകരമായ മുന്നേറ്റത്തിലേക്ക് മുഖ്യമന്ത്രി സൂചന നല്‍കിയത്. ദുരന്തങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ജില്ലയില്‍ എയര്‍ സ്ട്രിപ്പ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയുടെ രണ്ടു പ്രധാന ജലസേചന പദ്ധതികളായ കാരാപ്പുഴ പദ്ധതി 2023 ലും ബാണാസുര പദ്ധതി 2024 ലും പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുടങ്ങിക്കിടന്ന രണ്ടു പദ്ധതികള്‍ക്കും ഇപ്പോള്‍ ജീവന്‍വച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ കാരാപ്പുഴ ഡാമിന്റെ സംഭരണ ശേഷി വര്‍ധിപ്പിക്കാനുള്ള നടപടികളാകും. എട്ട് ഏക്കര്‍ വിസ്തൃതി വര്‍ധിക്കുന്നതോടെ സംഭരണ ശേഷി ഇരട്ടിയാകും. ഇതിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക കുടിവെള്ള പദ്ധതിയും ആരംഭിക്കാനാകും. കാരാപ്പുഴ പ്രദേശത്തെ മികച്ച ഉദ്യാനം വലിയ ടൂറിസം സാധ്യതകളാണ് സൃഷ്ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കുന്നതിനും തൊഴില്‍ ഉറപ്പാക്കുന്നതിനും മുന്തിയ പരിഗണയാണ് നല്‍കുന്നത്. ഭൂരഹിതരായ മുഴുവന്‍ ആദിവാസി ജനവിഭാഗങ്ങള്‍ക്കും ഭൂമിയ ഏറ്റെടുത്ത് നല്‍കുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്. ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിന് തടസ്സങ്ങളുണ്ടാവരുതെന്നാണ് സര്‍ക്കാര്‍ നയം. ജില്ലയില്‍ എല്ലാ ആദിവാസി കുട്ടികള്‍ക്കും പ്ലസ്ടു അടക്കം സ്‌കൂള്‍ അഡ്മിഷന്‍ ലഭിക്കണം. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്ലസ്ടു അനുവദിക്കുന്ന കാര്യം പരിശോധിക്കും. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ കാര്യവും പരിഗണിക്കും.
കാപ്പി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. പ്രത്യേക കോഫി പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മലബാര്‍ കോഫി ബ്രാന്‍ഡാക്കി അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ട്. വന്യമൃഗ ശല്യം തടയുന്നതിന് കിഫ്ബിയില്‍ വിവിധ പദ്ധതികള്‍ പൂര്‍ത്തിയാക്കും. 10 കിലോമീറ്റര്‍ നീളത്തില്‍ റെയില്‍ ഫെന്‍സിങ് നല്ലൊരു ഭാഗം പൂര്‍ത്തിയായിക്കഴിഞ്ഞു. 22 കോടി ചെലവില്‍ 44 കിലോമീറ്റര്‍ നീളത്തില്‍ ക്രാഷ് ഗാര്‍ഡ് ഫെന്‍സിങ് സ്ഥാപിക്കുന്നതിന് വനം വകുപ്പ് ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയാണ്. മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട നഷ്ട പരിഹാരം ഓണ്‍ലൈനായി നല്‍കാന്‍ നടപടി സ്വീകരിച്ചു. വേനല്‍ക്കാലത്ത് വെള്ളം തേടിയാണ് മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്. ഇതിന് പരിഹാരമായി വനത്തില്‍ ജലസംഭരണികളും കുളങ്ങളും നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.
കാര്‍ഷിക മേഖലയിലും കോളേജുകള്‍ കേന്ദ്രീകരിച്ചും സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കും. കോളേജ് വിദ്യാര്‍ഥികള്‍ക്ക് അപ്രന്റീസ് പോലെ പരിശീലനത്തിന് അവസരം ലഭ്യമാക്കാന്‍ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംവരണ കാര്യത്തില്‍ നിലവില്‍ സംവരണ അനുഭവിക്കുന്ന ഒരു വിഭാഗത്തിനും ആശങ്ക വേണ്ടെന്നും ഒരു വിഭാഗത്തിന്റെ സംവരണത്തിനും ഒരു തരത്തിലുള്ള കുറവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംവരണേതര വിഭാഗത്തിലെ ദരിദ്രര്‍ക്കു കൂടി സംവരണം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പരിപാടിയില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഒ.ആര്‍. കേളു എം.എല്‍.എ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, വിവിധ സാമൂഹിക- വിദ്യാഭ്യാസ- സാമുദായിക- രാഷ്ട്രീയ- കാര്‍ഷിക- ആരോഗ്യ- ടൂറിസം- പാലിയേറ്റീവ്- പരിസ്ഥിതി പ്രസ്ഥാന പ്രതിനിധികളും വിദഗ്ധരും പങ്കെടുത്തു.
Leave a Reply