May 19, 2024

എല്ലാ വിഭാഗം ജനങ്ങളും വികസനത്തിന്റെ സ്പര്‍ശമറിയണം – മുഖ്യമന്ത്രി പിണറായി വിജയന്‍

0
Img 20201227 Wa0222.jpg
സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളും വികസനത്തിന്റെ സ്പര്‍ശം അറിയണമെന്നും നാടിന്റെ എല്ലാ തലങ്ങളിലും വികസന സ്പര്‍ശം ഉണ്ടാകണമെന്നും അതിന് ഉതകുന്ന വിധത്തിലാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ സര്‍വ്വതല സ്പര്‍ശിയായ വികസനമാണ് സര്‍ക്കാര്‍ ആദ്യം മുതലേ സ്വീകരിച്ചു വരുന്ന വികസന നയം. എല്ലാം അടങ്ങിയ വികസന കാഴ്ചപ്പാടാണിത്. നാടാകെ, നാട്ടുകാരൊന്നാകെ അനുഭവിക്കുന്ന വികസനമാണിത്. ഇതിന്റെ ഭാഗമായാണ് നാലു മിഷനുകള്‍ പ്രഖ്യാപിച്ച് സര്‍്ക്കാര്‍ മുന്നോട്ടു പോയതും അത് നാടിന്റെ വികസനത്തില്‍ വലിയ മുതല്‍ക്കൂട്ടായതും.  
ഹരിതകേരള മിഷനിലൂടെ ഉറവിട മാലിന്യ സംസ്‌കരണ മേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചു. ജല സ്രോതസ്സുകള്‍ വീണ്ടെടുക്കാനും സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം 7 ലക്ഷം് ടണ്ണില്‍ നിന്ന് 15 ലക്ഷം ടണ്‍ ആയി വര്‍ധിപ്പിക്കുവാനും മിഷന്‍ സഹായകമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയിലെ കുട്ടികളുടെ കൊഴിഞ്ഞ്പോക്ക് തടയാനും ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനും സാധിച്ചു. പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെട്ടു. അക്കാദമിക നിലവാരം വര്‍ധിച്ചു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ പാവപ്പെട്ട ജനങ്ങളാണ്. ആഭിവാസി മേഖലയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ മേഖലയോടുള്ള മടുപ്പ്, ഭയം എന്നിവ ഇല്ലാതാക്കുന്നതിനായി ഗോത്രബന്ധു പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കി. 
ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌കരിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ മാറ്റങ്ങള്‍ പ്രകടമായി. ഇതിലൂടെയാണ് കോവിഡ് മഹാമാരിയെ അതിജീവിക്കുവാന്‍ സംസ്ഥാനത്തിന് സാധിച്ചത്.  കോവിഡിനു മുമ്പില്‍ സമ്പന്ന രാജ്യങ്ങള്‍ വരെ വിറങ്ങലിച്ചു നിന്നപ്പോള്‍ നാം അതിനെ ശരിയായ രീതിയില്‍ നേരിട്ടതിന്റെ പ്രധാനഘടകം ആരോഗ്യ രംഗത്തെ വികസനമാണ്. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ രണ്ടര ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി. പദ്ധതിയില്‍ ഉള്‍പ്പെട്ടില്ലെന്ന് വിവിധ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് വീണ്ടും അപേക്ഷകള്‍ സ്വീകരിച്ച് വീട് ലഭ്യമാക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
നിരവധി ദുരന്തങ്ങളെ അതിജീവിച്ചാണ് ഈ  സര്‍ക്കാര്‍ മുന്നോട്ടു പോയത്. ഇതിനിടയിലും പ്രകടന പത്രികയില്‍ മുന്നോട്ട് വെച്ച 600 വാഗ്ദാനങ്ങളില്‍ 570 എണ്ണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്. 30 വാഗ്ദാനങ്ങള്‍ കൂടി പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെയും റോഡുകളുടെയും പാലങ്ങളുടെയും പുനര്‍ നിര്‍മ്മാണം മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കാന്‍ സാധിക്കും വിധത്തില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പൂര്‍ത്തിയാക്കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചത് വലിയ തോതില്‍ നിക്ഷേപങ്ങള്‍ വരാന്‍ കാരണമായി. ഏഴ് നിയമങ്ങളും 10 ചട്ടങ്ങളുമാണ് ഇതിനായി പരിഷ്‌കരിച്ചത്. നമ്മുടെ നാടിണങ്ങിയ പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്കാണ് നാം അവസരമൊരുക്കിയത്. ഇവിടെ ഒന്നും നടക്കില്ല എന്ന സ്ഥിതി മാറി. കൂടുതള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് എം.എസ്.എം.ഇകളും സ്റ്റാര്‍ട്ടപ്പുകളും ഉയര്‍ന്നു വന്നു. വിദ്യാര്‍ഥികള്‍ തൊഴിലന്വേഷകര്‍  എന്ന സ്ഥിതിയില്‍ നിന്ന് തൊഴില്‍ ദാതാക്കളാകുന്ന സ്ഥിതിയുണ്ടായി.  എം.എസ്.എം.ഇകള്‍ തുടങ്ങുന്നതിന് കടമ്പകളില്ലാതായി. നേരെ പ്രവര്‍ത്തനമാരംഭിക്കാം. മൂന്ന് കൊല്ലം കൊണ്ട് ലൈസന്‍സുകള്‍ നേടിയാല്‍ മതി. സംസ്ഥാനത്തിന്റെ വികസനത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് ഇവയെല്ലാം വഴിവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഒ.ആര്‍.കേളു എം.എല്‍.എ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ ഭാവി കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകള്‍ മുഖ്യമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *