ജീവിതത്തിന്റെ നന്മയിലേക്ക് നയിക്കുന്ന പ്രചോദനാത്മക രചനയാണ് വിജയമന്ത്രങ്ങള്‍:ബ്ലെസി
ദോഹ: ജീവിതത്തിന്റെ നന്മയിലേക്ക് നയിക്കുന്ന പ്രചോദനാത്മക രചനയാണ് ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയ മന്ത്രങ്ങളെന്ന് ചലചിത്ര സംവിധായകന്‍ ബ്ലെസി അഭിപ്രായപ്പെട്ടു. ദോഹയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ ഓണ്‍ലൈനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലളിതമായ കഥകളിലൂടേയും പ്രഗത്ഭരുടെ ഉദ്ധരണികളിലൂടേയും ജീവിതത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരെ പ്രചോദിപ്പിക്കുകയും ജീവിതത്തിന്റെ സൗന്ദര്യത്തിലേക്കും ശോഭയിലേക്കും നയിക്കുകയും ചെയ്യുന്നുവെന്നതാണ് വിജയമന്ത്രങ്ങളിലേക്ക് തന്നെ ആകര്‍ഷിച്ചത്. വശ്യമനോഹരമായ രീതിയിലുള്ള അവതരണം വിജയമന്ത്രത്തെ കൂടുതല്‍ ജനകീയമാക്കും. മലയാളം പോഡ്കാസ്റ്റിലൂടേയും റേഡിയോ മലയാളം 98.6 എഫ്. എമിലൂടേയും ജനഹൃദയങ്ങള്‍ കീഴടക്കിയ പുസ്തകവും സഹൃദയ ലോകം സന്തോഷത്തോടെ സ്വീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ശ്രൂതി സുഭഗമായ സ്വരത്തില്‍ കേട്ടുപരിചയിച്ച വിജയമന്ത്രങ്ങള്‍ മലയാളം ന്യൂസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മികച്ച പ്രതികരണമുണ്ടാക്കിയ ലേഖന പരമ്പരയാണെന്നും മനോഹരമായ അവതരണത്തിലൂടെ എല്ലാ വിഭാഗം വായനക്കാരേയും ആകര്‍ഷിക്കുവാന്‍ പുസ്തകാവിഷ്‌ക്കാരത്തിന് കഴിയുമെന്നും മലയാളം ന്യൂസ് പത്രാധിപര്‍ മുസാഫിര്‍ പറഞ്ഞു.
പ്രചോദനാത്മകമായ ചിന്തകളാല്‍ ധന്യമായ വിജയമന്ത്രങ്ങള്‍ ആയിരത്തൊന്നുരാവിലെ ഷഹറാസാദിന്റെ കഥ കേട്ടിരിക്കുന്ന സുല്‍ത്താനെ അനുസ്മരിപ്പിക്കുന്നതാണെന്നും മനസിലെ തന്‍പോരിമയുടേയും അഹങ്കാരത്തിന്റേയും മറ്റു ചീത്ത വികാരങ്ങളുടേയും കെട്ടുപാടില്‍ നിന്ന് നന്മയുടെ ശാദ്വലതീരങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ പോന്ന ആശയങ്ങളുടെ കലവറയാണെന്നും സാഹിത്യകാരനും വടക്കാങ്ങര ടാലന്റ് പബ്‌ളിക് സ്‌ക്കൂള്‍ മലയാളം വകുപ്പ് മേധാവിയുമായ ശശികുമാര്‍ സോപാനത്ത് അഭിപ്രായപ്പെട്ടു.
വിജയത്തിന്റെ രഹസ്യമന്വേഷിക്കുന്നവര്‍ക്കുള്ള കൈപുസ്തകമാണിതെന്ന് മൈന്റ് ട്യൂണര്‍ സി.എ. റസാഖ് പറഞ്ഞു.
ഖത്തറിലെ റേഡിയോ മലയാളം ഓഫീസില്‍ നടന്ന ചടങ്ങില്‍ ലുലു റയ്യാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഖാലിദ് മിഹ്‌റാന് ആദ്യ പ്രതി നല്‍കി പ്രമുഖ വ്യവസായിയും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടറുമായ ഡോ. എംപി. ഹസന്‍കുഞ്ഞി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.
കെയര്‍ ആന്റ് ക്യുയര്‍ മാനേജിംഗ് ഡയറക്ടര്‍ ഇ.പി. അബ്ദുറഹിമാന്‍, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി.കെ. ജോണ്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പ്്, സ്റ്റാര്‍ ടെക് മിഡില്‍ ഈസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ഷജീര്‍ പുറായില്‍, ക്യൂ. എഫ്. എം. റേഡിയോ നെറ്റ് വര്‍ക് മാര്‍ക്കറ്റിംഗ് & കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ മേധാവി നൗഫല്‍ അബ്ദുറഹിമാന്‍, സിനിമ നിര്‍മാതാവും കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായ ചന്ദ്രമോഹന്‍ പിള്ള, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര എന്നിവര്‍ സംസാരിച്ചു.
നവംബര്‍ 4 ന് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങളുടെ ഒന്നാം ഭാഗത്തിന് ലഭിച്ച സ്വീകാര്യതയും പ്രോല്‍സാഹനങ്ങളുമാണ് രണ്ട് മാസത്തിനകം രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുവാന്‍ പ്രേരകമെന്ന് ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.
സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുമുയര്‍ന്ന നിരന്തരമായ ആവശ്യം പരിഗണിച്ച് പുസ്‌കത്തിന്റെ ഇംഗ്ളീഷ് പതിപ്പുകള്‍ താമസിയാതെ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ളിക്കേഷന്‍സാണ് പ്രസാധകര്‍. ഡോ. അമാനുല്ല വടക്കാങ്ങരയുടെ അറുപത്തി ആറാമത് പുസ്തകമാണിത്. ആര്‍.ജെ. ജിബിന്‍ ആയിരുന്നു പരിപാടിയുടെ അവതാരകന്‍.
Leave a Reply