ശോഭയുടെ മരണം: സമരം നടത്തുന്ന കുടുംബാംഗങ്ങൾക്കെതിരെ കള്ളക്കേസും പീഢനവുമെന്ന് ഊര് സമിതി.
കല്‍പ്പറ്റ: കുറുക്കന്‍മൂലയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ശോഭയുടെ കേസ് നടത്തിപ്പിലേക്കായി ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് പോരാട്ടം സംഘടനക്ക് വേണ്ടി പണപ്പിരിവ് നടത്തിയന്നൊരോപിച്ച് നല്‍കിയ പരാതി കള്ളമെന്ന് ശോഭയുടെ കുടുംബവും ഊരുസമിതിയും വ്യക്തമാക്കി. കേസ് നടത്തിപ്പിനായി കച്ചവട സ്ഥാപനങ്ങളിലും മറ്റും പിരിവ് നടത്തിയിരുന്നു എന്നാല്‍ ആരില്‍ നിന്നും നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പണം പിരിച്ചിട്ടില്ല. കിട്ടിയ ചെറിയ തുക പോലും സന്തോഷപൂര്‍വം സ്വീകരിച്ചിരുന്നു. പിരിച്ച് കിട്ടിയ 2060 രൂപ സമരത്തിന് വേണ്ടി നോട്ടീസ് അടിക്കാനും മറ്റുമാണ് ഉപയോഗിച്ചത്. ഈ പണപ്പിരിവുമായി പോരാട്ടം സംഘടനക്കോ സംഘടനയുടെ ജനറല്‍ കണ്‍വീനര്‍ ഷാന്റോലാലിനോ ബന്ധമില്ലെന്ന് ഊരുസമിതി കണ്‍വീനര്‍ കെ ജെബിന്ദു വ്യക്തമാക്കി. വസ്തുതാ വിരുദ്ധമായ കാര്യമാണ് പണപ്പിരിവ് സംബന്ധിച്ച് പ്രചരിപ്പിക്കുന്നതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ തീരുമാനിച്ചതായും അവര്‍ പറഞ്ഞു.
2020 ഫെബ്രുവരി മൂന്നിന് രാവിലെയാണ് ശോഭയെ സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മരിച്ചതായി കാണപ്പെട്ടതിന്റെ തലേദിവസം രാത്രി പത്ത് മണിയോടെ സമീപവാസിയായ ജിജോ എന്ന വ്യക്തി ശോഭയെ വിളിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നു. പിന്നീട് ഇവരെ മരണപ്പെട്ട നിലയിലാണ് കണ്ടെത്തുന്നത്. വൈദ്യുത വേലിയില്‍ തട്ടി ഷോക്കേറ്റാണ് ശോഭ മരിച്ചതെന്ന പോലീസ് ഭാഷ്യം വിശ്വസനീയമല്ലെന്നും പോലീസ് പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും ശോഭയുടെ കുടംബം പറഞ്ഞു. രാത്രിയില്‍ ആര്‍ക്കും ചെന്നെത്താന്‍ കഴിയാത്ത കാടുപിടിച്ച വയല്‍ഭാഗത്ത് ശോഭ എങ്ങനെയെത്തി, നടന്നെത്തിയാല്‍ തന്നെ ശോഭയുടെ കാലില്‍ ചെളി പുരളേണ്ടതല്ലേ, വയലില്‍ മാനുകള്‍ കയറാതിരിക്കാനാണെങ്കില്‍ ശോഭ മരിച്ചു കിടന്ന സ്ഥലത്ത് മാത്രം എന്തിന് വൈദ്യുത വേലി സ്ഥാപിച്ചു ചുറ്റും സ്ഥാപിക്കേണ്ടതല്ലേ തുടങ്ങിയ ചോദ്യങ്ങളാണ് മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതെന്ന് കുടുംബം വ്യക്തമാക്കി. ശോഭയുടെ ഊരിന് മുമ്പലുള്ള ജിജോയുടെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും ശോഭയെ വിളിച്ചിറക്കിയ ദിവസം പിടിവലി നടന്നിരുന്നു. അതിന്റെ ശബ്ദങ്ങള്‍ കേട്ടവരുണ്ട്. അതേ വീടിന്റെ വരാന്തയില്‍ നിന്ന് രക്തക്കറയുടെ പാടും മുറ്റത്ത് നിന്ന് ജിജോയുടെ ഫോണും ആളുകള്‍ കണ്ടിരുന്നു. ഫോണ്‍ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്നും ശരിയായ അന്വേഷണമല്ല നടന്നത്. പ്രസ്തുത വീട് സീല്‍ ചെയ്യാനോ, രക്തക്കറയുടെ സാമ്പിള്‍ ശേഖരിക്കാനോ, പോലീസ് നായയെ കൊണ്ടുവന്നുള്ള പരിശോധനക്കോ, സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന് പോലും പോലീസ് തയ്യാറായില്ലെന്നും കുടുംബം കുറ്റപ്പെടുത്തി. ശോഭയുടെ അമ്മ അമ്മിണി, സഹോദരിമാരായ ശാന്ത, ഷീബ, പോരാട്ടം ജനറല്‍ കണ്‍വീനര്‍ ഷാന്റോലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply