ലാന്‍ഡ് ബോര്‍ഡ് നോട്ടീസ് ലഭിച്ചവരുടെ കണ്‍വന്‍ഷന്‍ 26-ന് വെള്ളാരംകുന്നിൽ.
കൽപ്പറ്റ:
വയനാട്ടില്‍ കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഇളവുലഭിച്ച തോട്ടം ഭൂമിയുടെ ഭാഗം കൈവശംവയ്ക്കുന്ന അയ്യായിരത്തോളം കുടുംബങ്ങള്‍ ആശങ്കയില്‍. കൈവശഭൂമി മിച്ചഭൂമിയായി പിടിച്ചെടുക്കാതിരിക്കുന്നതിനു കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കുന്നതിനു ലാന്‍ഡ് ബോര്‍ഡില്‍നിന്നു നോട്ടീസ് ലഭിച്ചതാണ് കുടുംബങ്ങളെ ആശങ്കയിലാക്കിയത്. അഞ്ചു സെന്‍റ് മുതല്‍ അഞ്ച് ഏക്കര്‍ വരെ ഭൂമി കൈവശമുള്ളവര്‍ നോട്ടീസ് ലഭിച്ചതില്‍ ഉള്‍പ്പെടും. ഇതില്‍പ്പെട്ടവര്‍ വയനാട് ഭൂ ഉടസ്ഥാവകാശ സംരക്ഷണ സമിതി രൂപീകരിച്ച് കല്‍പറ്റ എം.എല്‍.എ സി.കെ.ശശീന്ദ്രന്‍ മുഖേന മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ട്. ലാന്‍ഡ് ബോര്‍ഡ് നോട്ടീസ് പിന്‍ലിക്കുന്നതിനും കൈവശഭൂമിയിലുള്ള അവകാശം ക്രമപ്പെടുത്തുന്നതിനും ഇടപെടണമെന്നാണ് നിവേദനത്തിലെ ആവശ്യമെന്നു സമിതി ചെയര്‍മാന്‍ അഡ്വ.എന്‍.സാദിഖ്, ജനറല്‍ കണ്‍വീനര്‍ ബേബി മാത്യു, വൈസ് ചെയര്‍മാന്‍ പ്രൊ.പി.സി.രാമന്‍കുട്ടി, ട്രഷറര്‍ പി.ആര്‍.ബാലകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.
ഇടത്തരം തോട്ടങ്ങളുടെ ഭാഗമായിരുന്നതും ഉടമകളുടെ മരണത്തെത്തുടര്‍ന്നു അവകാശികള്‍ക്കു ലഭിച്ചതുമായ ഭൂമി കൈവശം വയ്ക്കുന്നവര്‍ക്കും അവകാശികളില്‍നിന്നു സ്ഥലം വിലയ്ക്കുവാങ്ങിയവര്‍ക്കുമാണ് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നോട്ടീസ് ലഭിച്ചത്. രണ്ടു പതിറ്റാണ്ടിലധികമായി ഭൂമി കൈവശം വയ്ക്കുന്ന ഭൂമി പണയപ്പെടുത്തി ബാങ്കില്‍നിന്നു ഭവനവായ്പയെടുത്തവരും നോട്ടീസ് ലഭിച്ചതില്‍ ഉള്‍പ്പെടും.
പ്ലാന്‍റേഷനുകളുടെ ഭാഗമായിരുന്ന ഭൂമി കൈവശം വയ്ക്കുന്നവരില്‍ അധികവും വൈത്തിരി താലൂക്കിലാണ്.
കല്‍പറ്റ വില്ലേജില്‍ മാത്രം 100ല്‍പരം കുടുംബങ്ങളാണ് ലാന്‍ഡ്ബോര്‍ഡ് നടപടി നേരിടുന്നത്. കൈവശഭൂമിയില്‍ വീട് വയ്ക്കാനും കൈമാറാനും ബാങ്കില്‍ പണയപ്പെടുത്തി വായ്പയെടുക്കാനും മക്കള്‍ക്കു ഭാഗിച്ചുനല്‍കാനും കഴിയാത്ത സ്ഥിതിയിലാണ് കൈവശക്കാര്‍. വില്ലേജ് ഓഫീസില്‍ ഭൂനികുതി സ്വീകരിച്ചാല്‍ത്തന്നെ ശീട്ടിനു പുറത്ത് ലാന്‍ഡ്ബോര്‍ഡ് കേസുള്ള ഭൂമിയാണെന്നു എഴുതിച്ചേര്‍ക്കുകയാണ്. ഈ നികുതിശീട്ട് വായ്പ ആവശ്യത്തിനു പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. കൈവശഭൂമിയില്‍ വീട് വയ്ക്കുന്നതിനുള്ള അനുമതിക്കു കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണ് തദ്ദേശ സ്ഥാപനങ്ങള്‍. റവന്യൂ അധികാരികളാകട്ടെ കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയുമാണ്. പല സ്ഥലങ്ങളിലും വസ്തു കൈമാറ്റവും അധികാരികള്‍ തടയുകയാണ്.
ജില്ലയിലെ മിക്ക സ്വകാര്യ ഭൂമികളും 1963ലെ ഭൂപരിഷ്കരണ നിയമപ്രകാരം ഇളവു ലഭിച്ച പ്ലാന്‍റേഷനുകളില്‍പ്പെട്ടതാണ്. ഒരു വ്യക്തിക്കു ഏഴും നാലംഗങ്ങള്‍ വരെയുള്ള കുടുംബത്തിനു 15ഉം ഏക്കര്‍ ഭൂമി കൈവശം വയ്ക്കാമെന്നു ഭൂപരിഷ്കരണ നിയമം വ്യവസ്ഥചെയ്യുന്നുണ്ട്. ഇതനുസരിച്ചു കൈവശംവയ്ക്കുന്ന ഭൂമി മൊത്തമായോ ചില്ലറയായോ വില്‍ക്കുന്നതിനു നിയമപരമായ തടസമില്ല. എന്നിരിക്കെയാണ് റവന്യൂ അധികാരികള്‍ നിയമം ദുരുപയോഗം ചെയ്തു കൈവശകുടുംബങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്നു സമിതി ഭാരവാഹികള്‍ പറഞ്ഞു. ലാന്‍ഡ് ബോര്‍ഡ് നോട്ടീസ് ലഭിച്ചവരുടെ കണ്‍വന്‍ഷന്‍ 26നു രാവിലെ 10.30നു വെള്ളാരംകുന്നിലെ ഫലാഹ് പബ്ലിക് സ്കൂളില്‍ സംഘടിപ്പിക്കാന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്. പ്രതിസന്ധി തരണം ചെയ്യാനുള്ള പരിപാടികള്‍ കണ്‍വന്‍ഷനില്‍ ചര്‍ച്ചചെയ്തു രൂപപ്പെടുത്തും. മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ അനുകൂല നടപടി ഉണ്ടാകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനു സമിതി നേതൃത്വം നല്‍കുമെന്നു ഭാരവാഹികള്‍ പറഞ്ഞു.
Leave a Reply