March 29, 2024

പഠനത്തോടൊപ്പം പരിശീലനം: വഴികാട്ടിയായി അസാപ് വിജയമന്ത്രം: 9935 വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി

1
2 Asap Skill Park.jpeg


ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവായ വയനാട്ടില്‍ വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും നൂതന കോഴ്സുകളും പരിശീലനങ്ങളും നല്‍കി അസാപ് മുന്നേറുന്നു. ജില്ലയില്‍ ഇതുവരെ 9935 വിദ്യാര്‍ത്ഥികള്‍ വിവിധ കോഴ്‌സുകളിലായി പഠനത്തോടൊപ്പം പരിശീലനം നേടി. പഠനം പൂര്‍ത്തിയാക്കിയവരില്‍ 116 പേര്‍ വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടി.  യുവാക്കളില്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ കീഴിലാണ് അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) പ്രവര്‍ത്തിക്കുന്നത്.  തൊഴിലിടങ്ങളിലെ പുത്തന്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്തി യുവാക്കളെ തൊഴില്‍ നേടാന്‍ പ്രാപ്തരാക്കുന്ന നൈപുണ്യ പരിശീലനമാണ് അസാപ് നിര്‍വ്വഹിക്കുന്നത്. സ്‌കൂളുകളിലും കോളേജുകളിലും അസാപ് വിവിധ കോഴ്സുകളില്‍ പരിശീലനം നല്‍കുന്നു. പഠനത്തോടൊപ്പം തന്നെ സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക്  ഇതുവഴി തൊഴില്‍ നേടാനും കഴിയും.

ജില്ലയില്‍ ആറ് അസാപ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. മുണ്ടേരി  ജി.വി.എച്ച്.എസ്.എസ്, മീനങ്ങാടി ജി.എച്ച്.എസ്.എസ്, ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി, പെരിക്കല്ലൂര്‍ ജി.എച്ച്.എസ്.എസ്, മാനന്തവാടി ഗവ.കോളേജ്, മാനന്തവാടി ജി.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് അസാപ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളുള്ളത്. ഇതിന് കീഴില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അസാപ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. സ്‌കൂള്‍, കോളേജ് ഉള്‍പ്പെടെ 58 വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് അസാപ് യൂണിറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയാവുന്നത്.

വനിതകള്‍ക്കായി ഷീ സ്‌കില്‍സ്

പത്താം തരം വിജയിച്ച പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും തൊഴിലധിഷ്ഠിത നൈപുണ്യ വികസനമാണ് ഷീ സ്‌കില്‍സിലൂടെ ലക്ഷ്യമിടുന്നത്. മ്യൂച്വല്‍ ഫണ്ട് ഏജന്റ്, ഹാന്‍ഡ് എംബ്രോയിഡറി, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് തുടങ്ങിയവയിലാണ് പരിശീലനം നല്‍കുന്നത്. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞതായി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് മാനേജര്‍ ഡയാന തങ്കച്ചന്‍ പറയുന്നു. വയാനട് പോലുള്ള ജില്ലകളില്‍ വനിതാകള്‍ക്കായി കൂടുതല്‍ തൊഴിലവസരങ്ങള്‍  ഇതിലൂടെ സൃഷ്ടിക്കുക എന്നതാണ് അസാപ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അസാപ് ട്രെയിനിങ്ങ് കേന്ദ്രത്തില്‍ പരിശീലനം നല്‍കും. സ്ത്രീകളില്‍ നേതൃപാടവം, ആശയവിനിമയം ചെയ്യാനുള്ള കഴിവ്, സംഘാടനശേഷി എന്നിവ വളര്‍ത്താനുള്ള പരിശീലനങ്ങളും ഇതൊടൊപ്പം നല്‍കും. ഗ്രാമാന്തരങ്ങളിലെ അഭ്യസ്തവിദ്യരായ വനിതകള്‍ക്കും കാലത്തിന് അനുസരിച്ച്  മികച്ച തൊഴിലുകളും ലഭ്യമാക്കാന്‍ അസാപ് വഴികാട്ടിയാകുന്നു.

കോവിഡ് കാലത്തും വിജയമന്ത്രം

കോവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടന്നപ്പോഴും അസാപ് വെറുതെയിരുന്നില്ല. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും വിവിധ കോഴ്സുകളും ജീവിത വഴിയില്‍ മുന്നേറിയവരുടെ അനുഭവങ്ങളും വെബിനാര്‍പരമ്പരകളിലൂടെ പങ്കുവെച്ചു. സിനിമ, കൃഷി, ഉന്നത പഠനമേഖലകള്‍ തുടങ്ങിയവയിലൂടെ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ വിജയങ്ങളെത്തിപ്പിടിച്ചവര്‍ വെബിനാറുകളില്‍ അതിഥിയായെത്തി. കോവിഡ് പടര്‍ത്തിയ നിരാശകളെ അതിജീവിച്ച് യുവാക്കള്‍ക്ക് മുന്നേറാന്‍ ഈ പരമ്പരകള്‍ സഹായകരമായി. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയടക്കമുള്ളവര്‍ വെബിനാറില്‍ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു.

അവസരങ്ങളുമായി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്

തൊഴില്‍ പരിശീലന സാധ്യത വര്‍ധിപ്പിക്കുന്നതിനായി മാനന്തവാടിയില്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജില്ലയിലെ കൂടുതല്‍ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാകാന്‍ സഹായിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബഹുമുഖ നൈപുണ്യ കേന്ദ്രമായാണ് സ്‌കില്‍ പാര്‍ക്ക്  പ്രവര്‍ത്തിക്കുക. ദേശീയ നൈപുണ്യ വികസന ചട്ടക്കൂട് (എന്‍.എസ്.ക്യു.എഫ്) പ്രകാരമുള്ള നൂതന തൊഴില്‍ നൈപുണ്യ കോഴ്‌സുകള്‍ സ്‌കില്‍ പാര്‍ക്കിലുണ്ടാകും. ഇതിനായി സൗകര്യങ്ങള്‍ ഇവിടെ ഒരുങ്ങുകയാണ്. പ്രായഭേദമന്യേ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും അഭികാമ്യമായ  കോഴ്‌സുകളില്‍ പങ്കെടുക്കാമെന്നതാണ് സ്‌കില്‍ പാര്‍ക്കിന്റെ മറ്റൊരു സവിശേഷത. പരിശീലനം നല്‍കുന്നതിനായി മികച്ച സാങ്കേതിക മികവോടു കൂടിയ ലാബുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വ്യവസായ മേഖലയെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നൈപുണ്യ പരിശീലനത്തെയും സംയോജിപ്പിച്ച്  തൊഴില്‍ നൈപുണ്യം നേടിയവരുടെ ലഭ്യതയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിലൂടെ അഭ്യസ്തവിദ്യരായവര്‍ക്ക് പുതിയ തൊഴില്‍ മേഖലകളുടെ വാതില്‍ തുറക്കും.

ജില്ലയിലെ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലും മാനന്തവാടി, മീനങ്ങാടി, മേപ്പാടി പോളിടെക്നിക്കുകളിലും അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡെവലപ്പര്‍, ലൈഫ് സ്‌കില്‍ മൊഡ്യൂള്‍, ഗൂഗിള്‍ അസോസിയേറ്റ് ക്ലൗഡ് എഞ്ചിനീയര്‍, റോബോട്ടിക് പ്രോസസ് ഓട്ടോമോഷന്‍, സെയില്‍സ് ഫോഴ്സ് ഡെവലപ്പര്‍, ആമസോണ്‍ വെബ് സര്‍വീസസ് തുടങ്ങിയ കോഴ്സുകള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം മറികടന്ന് നൂതന കോഴ്സുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരം ഇതുവഴി ലഭ്യമാകുന്നു.
AdAdAd

Leave a Reply

1 thought on “പഠനത്തോടൊപ്പം പരിശീലനം: വഴികാട്ടിയായി അസാപ് വിജയമന്ത്രം: 9935 വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി

Leave a Reply to Shifna.N Cancel reply

Your email address will not be published. Required fields are marked *