തീക്കടല്‍ കടന്ന് കളക്ടറായി ശ്രീധന്യ
കെ. കെ. രമേഷ് കുമാർ വെള്ളമുണ്ട
വയനാട്: തീക്കടല്‍ കടന്ന്
കളക്ടറായി ശ്രീധന്യ
ദിവസങ്ങള്‍ക്ക് മുമ്പ് വരെയും പ്രാരാബ്ദങ്ങളുടെയും വേവലാതികളുടെയും മാത്രം മേല്‍വിലാസമായിരുന്നു ആ വീടിന്. നിവര്‍ന്ന് നിന്നാല്‍ തലമുട്ടുന്ന കുടിലില്‍ നിന്നും പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തേച്ചുമിനുക്കാത്ത ഈ വീട്ടിലേക്ക് ശ്രീധന്യയുടെ കുടുംബം താമസംമാറ്റിയത്. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഈ വീടിന് ശേഷിക്കുന്ന പണികളൊന്നും പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്കായില്ല. ജനാലകളും വാതിലുകളുമെല്ലാം ആവശ്യത്തിന് ഉറപ്പുള്ളതായിരുന്നില്ല. അല്ലെങ്കിലും ഇതിന് എന്തിനാ ഇത്ര ഉറപ്പ് എന്നാണവര്‍ ചോദിക്കുക. മഴയും വെയിലുമെല്ലാം ദുരിതങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ആ വീടിന് മുന്നില്‍ ഇപ്പോള്‍ ആള്‍കൂട്ടമുണ്ട്.സിവില്‍ ര്‍വീസില്‍ 410 ാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായി മാറിയ ശ്രീധന്യയും കുടുംബവും ഇപ്പോള്‍ ആഹ്ലാദത്തിന്റെ നെറുകയിലാണ്. ഇല്ലായ്മകളോടുള്ള മധുരമായ പകരം വീട്ടല്‍. നിന്റെ മകള്‍ എന്താ പഠിക്കുന്നേ എന്ന് ചോദിച്ചവര്‍ക്കുള്ള ഉത്തരം.
റിസള്‍ട്ട് അിറഞ്ഞ് രണ്ടാം ദിവസം തിരുവനന്തപുരത്ത് നിന്നും വയനാട്ടിലേക്ക് യാത്ര ചെയ്യുമ്പോഴാണ് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം തന്നെ നേരില്‍ കാണാന്‍ താല്‍പ്പര്യപ്പെട്ടുവെന്ന് ശ്രീധന്യ അറിയുന്നത്. വയനാട്ടിലെ വെറ്ററനറി സര്‍വകലാശാലയില്‍ കോളേജ് ദിനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ചാന്‍സലര്‍ കൂടിയായ അദ്ദേഹം. ഈ ക്ഷണം ജീവിതത്തിലെ ഏറ്റവും വലിയ അസുലഭ നിമിഷമായി. രാവിലെ വീട്ടിലെത്തിയ ഉടനെ ഫ്രഷായി അച്ഛനും അമ്മയ്ക്കും സഹോദരനുമെപ്പാം കല്‍പ്പറ്റ ഗസ്റ്റ് ഹൗസിലേക്ക്. ഊഷ്മളമായ ഉപേദശങ്ങളും അഭിനന്ദനങ്ങളും ഗവര്‍ണര്‍ അിറയിച്ചു. മാതാപിതാക്കളോടും സൗഹൃദം പങ്കുവെച്ചു. വീട്ടിലെ കാര്യങ്ങളെല്ലാം ഞങ്ങള്‍ നോക്കിക്കെ#ാള്ളാം രാജ്യത്തെ സേവിക്കൂ എന്നാണ് ഗവര്‍ണര്‍ ശ്രീധന്യയോടായി പറഞ്ഞത്.
അങ്ങകലെ ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ ഫോണില്‍ നേരിട്ടു വിളിച്ചു. അഭിനനന്ദിക്കാന്‍ വീട്ടിലെത്തുന്നവരുടെ എണ്ണം ദിനവും കൂടി കൂടി വരുന്നു. അതുകൊണ്ട് തന്നെ വീടിനും വീട്ടുകാര്‍ക്കും അതിരാവിലെ തന്നെ ഒരുക്കമുണ്ട്. ആരെല്ലാം വരുമെന്ന് അറിയില്ലല്ലോ. ആരുവന്നാലും അവരെയെല്ലാം ഊഷമളതയോടെ സ്വീകരിക്കും. കുറച്ച് ദിവസത്തേക്ക് പുറത്തേക്കുള്ള യാത്രകളെല്ലാം വേണ്ടെന്ന് വെച്ചിരിക്കുകയാണ്. അച്ഛന്‍ സുരേഷും അമ്മ കമലയും വീട്ടില്‍ തന്നെയുണ്ട്. അടുത്ത ബന്ധുക്കളും ഇവിടെ എത്തിയിട്ടുണ്ട്. നിശ്ചയദാര്‍ഢ്യം ഒന്നു കൊണ്ട് മാത്രം ഇന്ത്യയിലെ ഏറ്റവും വലിയ മത്സര പരീക്ഷയില്‍ വിജയം എത്തിപ്പിപിടിച്ചതിന്റെ സന്തോഷമാണ് നാടിനും.
ഇടിയംവയലിലെ അതിഥികള്‍
പൊഴുതനയിലെ ഇടിയംവയല്‍ ഗ്രാമവഴികളിലേക്ക് അപരിചിതമായ വാഹനങ്ങള്‍ തുടര്‍ച്ചയായി എത്തുമ്പോള്‍ നാട്ടുകാരെല്ലാം നിറഞ്ഞ ചിരിയോടെ ശ്രീധന്യയുടെ വീട്ടിലേക്ക് വഴികാണിക്കും. അവര്‍ക്കുറപ്പാണ് ഇവരെല്ലാം അവിടേക്ക് തന്നെ. വലിയ മതിലിന് താഴെത്തായുള്ള നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയകാലത്തെയും അതിജീവിച്ച ആ വീട് കാണുമ്പോള്‍ തന്നെ ആരും ശ്രീധന്യയെ നമിക്കും. സൗകര്യങ്ങളുടെ ഏറ്റവും വലിയ പരിമിതകളുള്ള ഈ വീട്ടില്‍ നിന്നാണ് ശ്രീധന്യ സിവില്‍ സര്‍വീസ് എന്ന സ്വപ്നം നെയ്‌തെടുത്തത്.
ഇരുണ്ട വെളിച്ചത്തില്‍ നിന്നും മകള്‍ നടന്നുകയറിയ പടവുകള്‍ ഓരോന്നും അച്ഛന്‍ സുരേഷും അമ്മ കമലയും എല്ലാവരുമായി പങ്കുവെക്കും. തൊഴിലെന്താണെന്ന് ചോദിച്ചാല്‍ അതിനുത്തരമായി സ്വന്തം കൈകള്‍ നിവര്‍ത്തിക്കാണിക്കും. രേഖകള്‍ മാഞ്ഞുതുടങ്ങുന്ന പണിയെടുത്ത് തഴമ്പിച്ച ആ കൈപ്പത്തികള്‍ പറയും അവരുടെ ജീവിതകഥകള്‍. തൊഴിലുറപ്പ് പദ്ധതിയിലാണ് ഇപ്പോള്‍ അഭയം. കൂലികിട്ടാന്‍ വൈകുമ്പോള്‍ നെഞ്ചിടിക്കുന്ന കുടുംബം. കാര്‍ഷിക മേഖല വിളനാശവും വിലതകര്‍ച്ചയും കൊണ്ട് തകര്‍ന്നപ്പോള്‍ ഒറ്റപ്പെട്ടവര്‍ ഇവരെ പോലുളള കുടുംബമാണ്. തൊഴില്‍ കുറഞ്ഞു. ദൈനംദിന വരുമാനം നിലച്ചു. പിന്നെ ആശ്രയം വല്ലപ്പോഴുമായി കിട്ടുന്ന തൊഴിലുറപ്പ് പണിയാണ്. ഇതൊന്നും ഒന്നിനും തികയില്ല. ഇവിടെ നിന്നാണ് മകളുടെ സ്വപ്നത്തിന് ഇവര്‍ നിറം നല്‍കിയത്.
വിവിധ മുന്നണികളുടെ സ്ഥാനാര്‍ഥികളെല്ലാം ഈ വീട്ടിലെത്തി നേരിട്ട് അഭിനന്ദനം അറിയിക്കുന്നു. വീട്ടുവിശേഷങ്ങള്‍ക്കൊപ്പം വീട്ടുമുറ്റത്തൊരുക്കിയ അമ്പെയ്ത്ത് ടാര്‍ഗറ്റില്‍ ഒരു കൈയ്യും നോക്കിയാണ് പലരുടെയും തിരിച്ചുപോക്ക്. പാരമ്പര്യത്തിന്റെ പെരുമകള്‍ ചോരാതെ മീന്‍കൂടും വലയും അമ്പും വില്ലുമെല്ലാം സൂക്ഷിച്ചിട്ടുള്ള ചെറിയ പുരയും എല്ലാവര്‍ക്കും ഇവര്‍ കാണിച്ചുകൊടുക്കും. അതിഥികള്‍ ധാരാളമായി എത്തുമ്പോഴും അവരോടെല്ലാം കൈകൂപ്പി നന്ദി അറിയിക്കാനും ഇവര്‍ക്ക് സന്താഷം.
എല്ലാവര്‍ക്കും മാതൃക
ലക്ഷ്യത്തിലേക്ക് അമ്പ് തൊടുത്തുവിടുന്നതില്‍ നിപുണരാണ് കുറിച്യസമുദായം. പരമ്പരഗാതമായി അമ്പും വില്ലുമേന്തി പഴശ്ശിപടയുടെ ഭാഗമായ കുറിച്യകുലത്തിനും ശ്രീധന്യ അഭിമാനമായി. സിവില്‍ സര്‍വീസ് ബാലികേറാമലയല്ല. ആഗ്രഹവും കഠിനാധ്വാനവുമുണ്ടെങ്കില്‍ ആര്‍ക്കും ലഭിക്കും. സ്വന്തം ജീവിത സാഹചര്യങ്ങളെ ചൂണ്ടിക്കാട്ടി ശ്രീധന്യ ഇങ്ങനെ പറയും. ഈ മാതൃകകള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുക എന്നതുകൂടിയാണ് ഈ വിജയത്തിന്റെ ലക്ഷ്യം. ദിവസവും ആറുമണിക്കൂറോളം പഠനത്തിനായി ഏറ്റവും ഒടുവില്‍ മാറ്റിവെക്കേണ്ടി വന്നിരുന്നു. മലയാളം ഐച്ഛികമായതിനാല്‍ ഈ മേഖലയെല്ലാം അരിച്ചുപെറുക്കി. എം.ടി.വാസുദേവന്‍ നായരാണ് ഏറ്റവും പ്രീയപ്പെട്ട മലയാളത്തിലെ എഴുത്തുകാരന്‍. ചെറുപ്പകാലം മുതലെ മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കണമെന്ന് അച്ഛന്‍ സുരേഷിനും അമ്മ കമലയ്ക്കും ആഗ്രഹമുണ്ടായിരുന്നു. ഇതിനായി ശ്രമിച്ചപ്പോഴൊക്കെ പണം ഇല്ലാത്തത് തടസ്സമായി. എങ്കിലും മകള്‍ ആഗ്രഹം നിറവേറ്റിയിരിക്കുന്നു. ഈ സന്തോഷത്തിലാണ് കുടുംബമെല്ലാം. സ്വന്തം പരിമിതികള്‍ക്കുള്ളില്‍ ജീവിക്കുക എന്നതാണ് ആദിവാസി സമുദായങ്ങളുടെ ശീലം. അതിനൊരു മാറ്റം വരണമെന്ന് ആഗ്രഹിച്ചിരുന്നു. മകള്‍ മാതൃകയാകുന്നതില്‍ അതിയായി സന്തോഷിക്കുന്നുവെന്നും സുരേഷ് പറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കുള്ള ജില്ലയാണ് വയനാട്. നിരവധി കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. മാതാപിതാക്കളുടെ പ്രോത്സാഹനക്കുറവ്, പഠിക്കാനുള്ള സൗകര്യക്കുറവ് അങ്ങിനെയൊക്കെ ധാരാളം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പോരായ്മകളല്ലത്. ആദ്യം പഠിക്കണം എന്ന മനസ്സ് ഉള്ളില്‍ നിന്നും സ്വയം രൂപപ്പെടണം. പിന്നെയെല്ലാം പിന്നാലെ വന്നുകൊള്ളും. ആദിവാസികളിലെ പുതിയ തലമുറകളോട് ശ്രീധന്യ സ്വന്തം അനുഭവം കൊണ്ട് ഇങ്ങനെ പറയുന്നു.
……………………………………..
Leave a Reply