കോവിഡ് :കർണാടക ക്ക് മർക്കടമുഷ്ടിയോ ??


Ad
✒️ജിത്തു തമ്പുരാൻ
ബത്തേരി:ആട് തുമ്മിയാൽ അതിർത്തി അടക്കുക എന്നതാണ് കർണാടകയുടെ അന്തർസംസ്ഥാന നയത്തെ ഒറ്റവാക്കിൽ വിശകലനം ചെയ്യാൻ സാധിക്കുക. കർണാടകയിലെ ഭരണാധികാരികളുടെ പൊതുവേയുള്ള അന്യസംസ്ഥാന ഇടപാടു പരമായ നയങ്ങൾ പരിശോധിച്ചു നോക്കിയാൽ രണ്ടു സംശയങ്ങളാണ്  ഉണ്ടാവുക . ഒന്നുകിൽ അവർ അറിവില്ലായ്മയെ അലങ്കാരമായി കൊണ്ടു നടക്കുന്നു , അല്ലെങ്കിൽ എന്തൊക്കെയോ ചില പ്രത്യേക അജണ്ടകൾ വച്ചുപുലർത്തുന്നു . ഈ കോവിഡ് – 19 ന്റെ വൈറസ് വാഴ്ചക്കാലത്തും ഇത്തരം സംശയങ്ങളെ ബലപ്പെടുത്തുന്ന രീതിയിലാണ് കർണാടകയുടെ അന്തർസംസ്ഥാന നിലപാടുകൾ പ്രവർത്തിക്കുന്നത് .
കേരളത്തിലെ ഏതൊരു പ്രദേശങ്ങളിൽ നിന്നും അതിർത്തി കടന്ന് കർണാടകയിലേക്ക് പ്രവേശിക്കണമെങ്കിൽ  ആർ ടി – പി സി ആർ ടെസ്റ്റിന് വിധേയരാവുകയും അതിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടുകയും വേണം എന്ന് കർണാടക ഗവൺമെൻറും കർണാടക ആരോഗ്യവകുപ്പും കർശനമായി നിയമം പാസാക്കിയിട്ടുണ്ട് . പക്ഷേ, ഈ നിയമങ്ങളനുസരിച്ച് കർണാടകയിൽ ചെല്ലുന്ന ഒരു സാധാരണ മലയാളിക്ക് കാണുവാൻ സാധിക്കുന്ന കാഴ്ച അതി ദയനീയവും ചിലപ്പോഴൊക്കെ കോമഡി എന്ന് തോന്നുന്നതും ആണ് . ഗ്രാമപ്രദേശങ്ങളിലും ചെറു പട്ടണങ്ങളിലും കാണപ്പെടുന്ന കർണാടക നിവാസികളിൽ 80 ശതമാനം പേരും മാസ്ക് എന്ന സാധനം കൈ കൊണ്ട് തൊടുന്നതു പോലുമില്ല . അവിടെ ചെല്ലുന്ന മലയാളിയുടെ സ്വയം സുരക്ഷിതത്വത്തിന് വേണ്ടി അവൻ ഒരു സർജിക്കൽ മാസ്കോ n93 മാസ്കോ ധരിച്ച് ഒരു ഗ്രാമീണ കർണാടക ചായക്കടയിൽ കയറി ചെന്നാൽ പോലും കോവിഡ് വൈറസ് ഉള്ളവൻ ആയതിനാൽ മാസ്ക് ധരിച്ചിരിക്കുന്നു എന്നു പറഞ്ഞ് പണം വാങ്ങി കച്ചവടം ചെയ്യാൻ പോലും നിൽക്കാതെ അയിത്തം കൽപ്പിച്ച്  ഒറ്റപ്പെടുത്താൻ പോലും ശ്രമിക്കുന്നു എന്നാണ് അനുഭവസ്ഥർ പറയുന്നത്. അതായത്, കർണാടക ആരോഗ്യ വകുപ്പിൻറെ നിലപാട് അനുസരിച്ച് കേരളമാണ് ഈ ലോകത്തിലെ സകല വൃത്തികെട്ട വൈറസുകളുടെയും വിളനിലം എന്ന് സമർത്ഥിക്കാൻ ഇതിലപ്പുറം എന്ത് തെളിവാണ് വേണ്ടത് ? . 
ആർ ടി – പി സി ആർ എടുത്ത് കർണ്ണാടകയിൽ പോയിഅവരുടെ യുടെ നിയമങ്ങൾ അനുസരിച്ച്  നമ്മുടെ ആവശ്യം കഴിഞ്ഞ്  കേരളത്തിൽ തിരിച്ചെത്തി വീണ്ടും ടെസ്റ്റ് ചെയ്യുമ്പോൾ മേൽപ്പറഞ്ഞ രീതിയിൽ കർണാടകയിൽ പോയി തിരിച്ചു വന്നവരിൽ 60 ശതമാനത്തിലധികം പേർക്കും കൊവിഡ് പോസിറ്റീവ് ആയി കാണപ്പെടുന്നു എന്നുള്ളതും ഇതുവരെ ആരും പുറത്തു പറയാത്ത ഒരു വസ്തുതയാണ് . 
കർണാടക ഗവൺമെൻറിൻറെയും ആരോഗ്യ വകുപ്പിന്റെയും ഇത്തരം ഉട്ടോപ്യൻ പെരുമാറ്റ രീതിയെകുറിച്ച്  കേവലം ഒരു പത്രസമ്മേളനത്തിൽ പോലും പ്രതിഷേധിക്കാനോ  കേന്ദ്ര ആരോഗ്യ വകുപ്പിലും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിലും  ഇത്തരം തലതിരിഞ്ഞ  തിരുമണ്ടൻ അന്തർ സംസ്ഥാന ആരോഗ്യ നയത്തെക്കുറിച്ച് ഒന്നു പരാതിപ്പെടാനോ കേരള ആരോഗ്യ വകുപ്പ് സെക്രട്ടറിയോ മന്ത്രിയോ കേവലം കർണാടക അതിർത്തി പങ്കിടുന്ന വയനാടൻ നിയോജക മണ്ഡലത്തിലെ എംഎൽഎ പോലുമോ ഒന്ന് ആലോചിച്ചിട്ടു പോലുമില്ല എന്നതാണ് വേദനാജനകമായ മറ്റൊരു തമാശ .  വസ്തുതാപരമായി പറയുകയാണെങ്കിൽ ഒരു ഉപഭോക്തൃ ജില്ല എന്ന നിലയിൽ കർണാടക ഗവൺമെൻറിൻറെ  ഈ ദുർവാശി കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് വയനാട് തന്നെയാണ്. വയനാട്ടിൽ കൃഷി നാശവും മൃഗ ശല്യവും മണ്ണിൻറെ ഉല്പാദക ശേഷിക്കുറവും എല്ലാം കാരണമായിക്കൊണ്ട് വയനാട്ടുകാർക്ക് ആവശ്യമായ പച്ചക്കറിയുടെ നാലിലൊന്നുപോലും ഉൽപാദിപ്പിക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ കർണാടക സംസ്ഥാനത്തു നിന്നാണ് കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി പച്ചക്കറികൾ വിലകൊടുത്തു വാങ്ങുന്നത്. കർണാടകയിലെ പച്ചക്കറി ഫാമുകളിൽ കേരളത്തിലേക്ക് കയറ്റി വിടാനുള്ള പച്ചക്കറികളെ സെക്ഷൻ തിരിച്ച് ഉൽപ്പാദിപ്പിക്കുകയും അതിൽ കൂടുതൽ ദിവസം കേടുവരാതെ നിലനിൽക്കാനുള്ള മനുഷ്യ ശരീര ആരോഗ്യത്തിന് ഹാനികരമായ മാരക കെമിക്കലുകൾ സമയബന്ധിതമായി അടിച്ചു കേൾക്കുകയും ചെയ്യുന്നുണ്ട് എന്ന് പല മാധ്യമപ്രവർത്തകരുടെയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളുടെയും അന്വേഷണാത്മക റിപ്പോർട്ടുകൾ  സൂചിപ്പിച്ചിട്ടുണ്ട്. 
സാധാരണ പൗരന് സമ്പൂർണ്ണ ആരോഗ്യത്തോടെ സമാധാനപരമായി ജീവിക്കാനുള്ള ഭരണഘടനയാണ് ഡോക്ടർ : ബി .ആർ . അംബേദ്കർ തയ്യാറാക്കിയിട്ടുള്ളത് എങ്കിൽ ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ അതിൻറെ ഗുണഭോക്താക്കളാകാൻ മലയാളി പൗരന് കൂടി അവകാശമുണ്ട്  എന്ന കാര്യം  ഈ വൈകിയ വേളയിലെങ്കിലും ബഹുമാനപ്പെട്ട ഭരണാധികാരികൾ തിരിച്ചറിയുന്നത് നന്നായിരിക്കും . മലയാളിയുടെ സിരകളിലും ഓടുന്നത് ചോര തന്നെയാണ് , അല്ലാതെ കാവേരി യിലെ പച്ചവെള്ളം അല്ല എന്ന് സദയം മനസ്സിലാക്കി കേരള ജനതയുടെ ചോരയൂറ്റുന്ന ഈ നെറികെട്ട നിലപാടിൽ നിന്ന് കർണാടക ഗവൺമെൻറ് പിന്മാറിയേ തീരൂ. കുടകിൽ കൃഷിപ്പണിക്കു പോയി  തീയിൽ ഒടുങ്ങുന്ന ഈയാം പാറ്റകളെ പോലെ കർണാടക ഗ്രാമങ്ങളിലെ ഷൗക്കാർമാരുടെയും ജന്മിമാരുടെയും പെട്ടെന്നുള്ള ഒരു  ആവേശത്തിന്  രക്തസാക്ഷികളായി മാറിയ നൂറുകണക്കിന് വയനാടൻ ആദിവാസി യുവാക്കളുടെ മരണ കാരണം അന്വേഷിച്ചപ്പോൾ തെളിവില്ല എന്ന വാക്ക് സമർത്ഥിച്ച് എഴുതി എത്ര ഫയലുകൾ നിഷ്കരുണം ക്ലോസ് ചെയ്തു കൊണ്ട് എത്ര കുടുംബങ്ങളെ അനാഥരാക്കി കണ്ണീരിലാഴ്ത്തിയിട്ടുണ്ട് എന്ന് വിവരാവകാശ പ്രകാരം ഒന്നു പരിശോധിച്ചാലും നല്ലതായിരിക്കും എന്ന് തോന്നുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *