April 20, 2024

വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം: പ്രത്യേക ചെലവ് നിരീക്ഷകൻ

0
വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ലെന്ന്  ഉറപ്പുവരുത്തണം: പ്രത്യേക ചെലവ് നിരീക്ഷകന്‍

കല്‍പ്പറ്റ: സ്ഥാനാര്‍ഥികള്‍ അനുവദിച്ച അളവില്‍ കൂടുതല്‍ പണം ചെലവഴിക്കുകയോ പണമോ പാരിതോഷികമോ മദ്യമോ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രത്യേക ചെലവ് നിരീക്ഷകന്‍ പുഷ്പീന്ദര്‍ സിംഗ് പൂനിയ നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് ചെലവ് മേല്‍നോട്ടത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലേക്ക് നിയോഗിച്ച പ്രത്യേക ചെലവ് നിരീക്ഷകന്‍  വയനാട് ജില്ലയിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
 തെരഞ്ഞെടുപ്പില്‍ പണത്തിന് വലിയ പങ്ക് വഹിക്കാന്‍ സാധിക്കും. സ്ഥാനാര്‍ഥികളുടെ സാമ്പത്തിക ശേഷി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കരുത്. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും തുല്യമായ അവസരം ഉറപ്പാക്കുക എന്നതാണ് ചെലവ് നിയന്ത്രണത്തിന്റെ ലക്ഷ്യം. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നുവെന്നും വോട്ടര്‍മാരുടെ സ്വതന്ത്രമായ തീരുമാനത്തെ ബാധിക്കുന്ന തരത്തില്‍ പണം നല്‍കി സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പുഷ്പീന്ദര്‍ സിംഗ് പൂനിയ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴി നടക്കുന്ന സംശയാസ്പദമായ പണമിടപാട് നിരീക്ഷിക്കാന്‍ ജില്ലാതലത്തില്‍ സമിതി രൂപീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഫ്‌ളെയിംഗ് സ്‌കവാഡുകളുടെ നിരീക്ഷണം ശക്തമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
  ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ ജില്ലയിലെ ചെലവ് നിരീക്ഷന്‍ എസ്. സുന്ദര്‍ രാജന്‍, ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍, എ.ഡി.എം ടി. ജനില്‍ കുമാര്‍, ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളുടെ നോഡല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. എക്‌സൈസ്, ആദായ നികുതി, ബാങ്കിംഗ്, ജി.എസ്.ടി, സഹകരണം തുടങ്ങിയ മേഖലകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗം ജില്ലയിലെ പൊതു സ്ഥിതിഗതികളും തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിച്ച നടപടികളും വിലയിരുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *